Web Desk

ന്യൂഡല്‍ഹി

October 01, 2020, 5:07 pm

ഇന്ത്യയിൽ കോവിഡ് വ്യാപനം അതിരൂക്ഷമാക്കിയത് സൂപ്പർ സ്പ്രെഡർമാർ

Janayugom Online

ഇന്ത്യയിൽ കോവിഡ് വ്യാപനം അതിരൂക്ഷമാക്കിയത് സൂപ്പർ സ്പ്രെഡർമാരെന്ന് പഠന റിപ്പോർട്ട്. രാജ്യത്തെ എട്ട് ശതമാനം രോഗികൾ പിന്നീട് മൂന്നിൽ രണ്ട് ഭാഗം രോഗവ്യാപനത്തിന് കാരണമായെന്നാണ് റിപ്പോര്‍ട്ടിൽ പറയുന്നത്. ജേർണൽ സയൻസിലാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഓഗസ്റ്റ് ഒന്നു വരെ ആന്ധ്രപ്രദേശ്, തമിഴ്‌നാട് സംസ്ഥാനങ്ങളിൽ 30 ലക്ഷം കോൺടാക്ടുകൾ കണ്ടെത്തിയതിനെ അടിസ്ഥാനമാക്കിയായിരുന്നു പഠനം. വ്യാപനം സംബന്ധിച്ച രാജ്യത്തെ ആദ്യത്തെ പ്രധാന പഠനമാണിത്. സെന്റർ ഫോർ ഡിസീസ് ഡൈനാമിക്‌സ്, ഇക്കണോമിക്സ് ആന്റ് പൊളിസി ഡയറക്ടർ രമണൻ ലക്ഷ്മി നാരായണന്റെ നേതൃത്വത്തിലുള്ള ഗവേഷക സംഘമാണ് പഠനം നടത്തിയത്.

ഇതുവരെ ചൈന, യൂറോപ്പ്, വടക്കേ അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ് കോവിഡ് വ്യാപനം സംബന്ധിച്ച് കൂടുതൽ ഗവേഷണ റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുള്ളത്. ഇന്ത്യയിലെ കേസുകൾ ഇപ്പോൾ അനിയന്ത്രിതമായി വളർന്നു വരികയാണെന്ന് ലക്ഷ്മി നാരായണന്‍ പറഞ്ഞു. രോഗം ബാധിച്ചുള്ള മരണം ഇനിയും വർധിക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആരോഗ്യ സംരക്ഷണ മേഖലയിൽ നിരവധി പ്രതിബന്ധങ്ങളാണ് ഈ രാജ്യങ്ങളിലുള്ളത്. ഗുരുതര രോഗം ബാധിച്ച് കോവിഡ് മൂലം ആളുകൾ മരിക്കാനുള്ള സാധ്യത ഇവിടങ്ങളിൽ കൂടുതലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യയിൽ രോഗം ബാധിച്ച 71 ശതമാനം പേരും മറ്റുള്ളവരിലേക്ക് രോഗം പടർത്തിയിട്ടില്ലെന്ന് ലക്ഷ്മിനാരായണൻ പറയുന്നു. 15 പേരില്‍ ഒരാൾക്ക് രോഗം ബാധിച്ചുവെന്നാണ് ഇന്ത്യയുടെ സീറോ സർവേ റിപ്പോർട്ടിൽ പറയുന്നത്. ഇന്ന് രാജ്യത്തെ ആശുപത്രികള്‍ വലിയ അളവിൽ ഓക്സിജൻ ദൗർലഭ്യം നേരിടുകയാണ്. ഇതുവരെ 63 ലക്ഷം കോവിഡ് കേസുകളും ഒരുലക്ഷത്തിനടുത്ത് മരണങ്ങളും രാജ്യത്തുണ്ടായിട്ടുണ്ട്.
തമിഴ്‌നാട്ടിലും ആന്ധ്രപ്രദേശിലും മാർച്ച് അഞ്ചിനാണ് ആദ്യത്തെ കോവിഡ് കേസ് റിപ്പോർട്ട് ചെയ്തത്. സ്ഥിരീകരിച്ച കേസുകളിൽ നിന്ന് 80 കോണ്ടാക്ടുകൾ ആരോഗ്യപ്രവർത്തകർക്ക് കണ്ടെത്താനായി. ബസുകളിലെയും മറ്റ് ഗതാഗത രീതികളിലെയും ദീർഘകാലമായുള്ള സമ്പർക്കത്തെ തുടർന്നാണ് ഇന്ത്യയില്‍ കോവിഡ് വ്യാപനം രൂക്ഷമായതെന്നാണ് പ്രിൻസ്ടൺ, ജോൺസ് ഹോപ്കിൻസ്, ബ്ലൂംബെർഗ് സ്കൂൾ ഓഫ് പബ്ലിക് ഹെൽത്ത് തുടങ്ങിയ സർവകലാശാലകളിൽ നിന്നുള്ള ഗവേഷകർ പറയുന്നത്. ഇത്തരം സന്ദർഭങ്ങളിലൂടെ വൈറസ് ബാധയുണ്ടാകാന്‍ 79 ശതമാനം സാധ്യതയുണ്ട്.

കോവിഡ് രോഗിയില്‍ നിന്നും മറ്റൊരാളിലേക്ക് രോഗം പടരുന്നതിനുള്ള സാധ്യത നാല്പതിലൊന്നാണ്. എന്നാൽ കുടുംബാംഗത്തിനാണ് രോഗം ബാധിക്കുന്നതെങ്കിൽ വ്യാപന സാധ്യതയും വർധിപ്പിക്കും. 14 വയസിന് താഴെയുള്ള കുട്ടികൾ കൂടുതലായി രോഗം പടർത്തുന്ന സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.

ENGLISH SUMMARY: covid spread in India Exag­ger­at­ed by super spreaders

YOU MAY ALSO LIKE THIS VIDEO