കോവിഡ് വ്യാപനം അതിവേഗത്തിൽ; 24 മണിക്കൂറിനിടയിൽ 410 പേർക്ക് രോഗബാധ

Web Desk

ന്യൂഡല്‍ഹി:

Posted on April 01, 2020, 9:52 pm

രാജ്യത്ത് കോവിഡ് 19 വൈറസ് അതിവേഗം പടരുന്നു. 24 മണിക്കൂറിനിടയിൽ 410 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കൊറോണ ബാധിതരുടെ എണ്ണം 1661 ആയി ഉയർന്നു. ഇവരിൽ 1490 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതുവരെ രാജ്യത്ത് രോഗം ബാധിച്ച്‌ മരിച്ചത് 47 പേരാണ്. പശ്ചിമബംഗാളിൽ ഇന്നലെ രണ്ടുപേർ കൂടി മരിച്ചതോടെ സംസ്ഥാനത്തെ മരണസംഖ്യ ആറായി. മഹാരാഷ്ട്രയിൽ ഇതുവരെ 12 പേർ കോവിഡ് ബാധിച്ച് മരിച്ചു.ധാരാവിചേരിയിലും ഒരാൾക്ക് രോഗബാധ കണ്ടെത്തി. ഉത്തർപ്രദേശിൽ ഇന്നലെ രണ്ടാമത്തെ മരണം റിപ്പോർട്ട് ചെയ്തു. മീററ്റിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന 72 കാരനാണ് മരിച്ചത്.

രാജ്യത്ത് ആകെ 132 പേരാണ് രോഗത്തിൽ നിന്നും മുക്തി നേടിയിട്ടുള്ളത്. മഹാരാഷ്ട്രയിലും തമിഴ്‌നാട്ടിലും കൊറോണ ബാധിതരുടെ എണ്ണം വര്‍ദ്ധിക്കുകയാണ്. ആകെ 320 പേരാണ് മഹാരാഷ്ട്രയിൽ ചികിത്സയിൽ കഴിയുന്നത്. തമിഴ്നാട്ടിലെ കൊറോണ വൈറസ് കേസുകളുടെ എണ്ണം ഒറ്റ ദിവസം കൊണ്ട് ഇരട്ടിയായി. ഡൽഹിയിൽ രണ്ട് റസിഡന്റ് ഡോക്ടർമാർക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. കശ്മീരിലെ ഉധംപൂർ ജില്ലയിലെ എട്ട് ഗ്രാമങ്ങൾ റെഡ് സോണായി പ്രഖ്യാപിച്ചു.

ഡൽഹി നിസാമുദ്ദീനിൽ നടന്ന മത സമ്മേളനത്തിൽ പങ്കെടുത്തവരിൽ പത്തുപേർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണിത്. ഈ സമ്മേളനത്തിൽ ഗുജറാത്തിൽ നിന്നും പങ്കെടുത്തവരിൽ ഒരാൾക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതുവരെ രോഗം റിപ്പോർട്ട് ചെയ്യാതിരുന്ന അസമിൽ ഇന്നലെ അഞ്ചുപേർക്ക് രോഗം സ്ഥിരീകരിച്ചു. ഇവരെല്ലാം നിസാമുദ്ദീനിലെ മതസമ്മേളനത്തിൽ പങ്കെടുത്തവരാണ്.

YOU MAY ALSO LIKE THIS VIDEO