Web Desk

കോട്ടയം

March 23, 2020, 8:21 pm

കോവിഡ് നിരീക്ഷണത്തിൽ നിന്ന് മുങ്ങുന്നവരെ കണ്ടെത്താൻ പുതിയ സംവിധാനം

Janayugom Online

കോവിഡ് പ്രതിരോധത്തിനിടയിൽ ആരോഗ്യ പ്രവർത്തകരെ വെട്ടിച്ച് മുങ്ങുന്നവരെ കണ്ടെത്താൻ പുതിയ സംവിധാനവുമായി കോട്ടയം ജില്ലാ പൊലീസ്. ജിയോ ഫെൻസിംഗ് എന്ന സാങ്കേതിക വിദ്യയിൽ കോട്ടയം ജില്ലാ സൈബർ സെല്ലുമായി സഹകരിച്ചാണ് പദ്ധതി. സംസ്ഥാനത്ത് ആദ്യമായാണ് ഈ രീതി പരീക്ഷിക്കുന്നത്.

കൊറോണ വൈറസ് ബാധിതരെയും, അവരുമായി സമ്പർക്കത്തിൽ ഏർപ്പെട്ടു വീടുകളിലും, ആശുപത്രികളിലും മറ്റും കഴിയുന്ന ആളുകളെ നിരീക്ഷിക്കുകയാണ് ലക്ഷ്യം. അതിശക്തമായ ബോധവൽക്കരണവും കേസെടുക്കുമെന്ന മുന്നറിയിപ്പും ഉണ്ടായിട്ടും ഇതൊന്നും ബാധിക്കാത്ത വിധത്തിൽ ആൾക്കൂട്ടത്തിൽ കറങ്ങി നടക്കുന്നവർ ഏറെയാണ്. അവരെ ഉദ്ദേശിച്ചാണ് കോട്ടയത്തെ പൊലീസിന്റെ പുതിയ സംവിധാനം.

വീടുകളിൽ ഐസെലേഷനില്‍ കഴിയുന്നവരുടെ വിവരങ്ങൾ ആദ്യമേ ശേഖരിക്കും. ഇത്തരക്കാർ താമസിക്കുന്ന സ്ഥലത്തുനിന്ന് പുറത്ത് കടന്നാലോ യാത്ര ചെയ്താലോ ആ നിമിഷം സൈബർ സെല്ലിലെ ജിയോ ഫെൻസിംഗ് സോഫ്റ്റ് വെയറിൽ രേഖപ്പെടുത്തും. ഒപ്പം തന്നെ ജില്ലാ പൊലീസ് കൊറോണ സെല്ലിനും, ജില്ലാ പോലീസ് മേധാവിക്കും നോട്ടിഫിക്കേഷൻ ചെല്ലും.

പുറത്ത് കടക്കുന്നവരുടെ ജിപിഎസ് ലൊക്കേഷൻ അടക്കമാണ് സൈബർ സെല്ലിലേക്ക് ലഭിക്കുന്നത്. നിയമപരമായി വ്യക്തികളുടെ സ്വകാര്യത ഹനിക്കാതെയാണ് ജിയോ ഫെൻസിംഗ് സംവിധാനം നടപ്പിലാക്കുക. ഇപ്രകാരം നിർദേശങ്ങൾ പാലിക്കാതെ കറങ്ങി പരിപാടികളിൽ പങ്കെടുക്കുകയോ, പൊതു ഇടങ്ങളിൽ പോകുകയോ ചെയ്യുന്നവർക്കെതിരെ കർശനമായ നിയമ നടപടികൾക്കാണ് ജില്ലാ പോലീസ് മേധാവി ജയദേവ് ജി ഐപിഎസ് ഉത്തരവിട്ടിരിക്കുന്നത്.

YOU MAY ALSO LIKE THIS VIDEO