സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ കോവിഡ് പരിശോധന കൂട്ടി

Web Desk

തിരുവനന്തപുരം

Posted on June 27, 2020, 10:41 pm

സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് കോവിഡ് പരിശോധനയും കൂട്ടി. ഇന്നലെ മാത്രം 24 മണിക്കൂറിനിടെ 6,166 സാമ്പിളുകൾ പരിശോധിച്ചു. റുട്ടീൻ സാമ്പിൾ, ഓഗ്മെന്റഡ് സാമ്പിൾ, സെന്റിനൽ സാമ്പിൾ, പൂൾഡ് സെന്റിനൽ, സി ബി നാറ്റ്, ട്രൂ നാറ്റ് എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 2,15,243 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

ഇതിൽ 4,032 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. ഇതുകൂടാതെ സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 44,129 സാമ്പിളുകൾ ശേഖരിച്ചതിൽ 42,411 സാമ്പിളുകൾ നെഗറ്റീവ് ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 102 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. മലപ്പുറം (22), പത്തനംതിട്ട (17), കണ്ണൂർ (15), കൊല്ലം (14), കോട്ടയം (ഏഴ്), തൃശൂർ (ആറ്), ആലപ്പുഴ, കാസർകോട് (അഞ്ച് വീതം), തിരുവനന്തപുരം, ഇടുക്കി (നാല് വീതം), പാലക്കാട് (രണ്ട്), എറണാകുളം ജില്ലയിൽ നിന്നുള്ള ഒരാളുടെയും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. ഇതുവരെ കോവിഡിൽ നിന്നും 2,108 പേർ മുക്തി നേടി.