Web Desk

ഇടുക്കി

August 10, 2020, 9:21 am

രാജമലയിൽ കണ്ടെത്താനുള്ളത് 27 പേരെ; തെരച്ചിലിനെത്തിയ മുഴുവൻ രക്ഷാപ്രവർത്തകർക്കും കോവിഡ് പരിശോധന നടത്തും

Janayugom Online

രാജമലയിൽ മണ്ണിനടിയിൽപ്പെട്ടവർക്കായി നാലാം ദിവസമായ ഇന്നും തെരച്ചിൽ നടത്തും. ഇന്നലെ 17 മൃതദേഹം കണ്ടെത്തിയതോടെ മരിച്ചവരുടെ എണ്ണം 43 ആയി. ഇനിയും 27 പേരെയാണ് കണ്ടെത്താനുള്ളത്. പാറക്കൂട്ടങ്ങൾ കാരണം തെരച്ചിൽ നടത്തുന്നതിനുള്ള തടസം നേരിടുകയാണ്. രക്ഷാപ്രവർത്തനം വേഗത്തിൽ നടത്തുന്നതിനായി പാറകൾ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് പൊട്ടിക്കും. അടുത്തുള്ള പുഴയിൽ ഡ്രോൺ ഉപയോഗിച്ചുള്ള തിരച്ചിലും ഇന്ന് തുടരും.

അതെസമയം തെരച്ചിലിനെത്തിയ മുഴുവൻ രക്ഷാപ്രവർത്തകർക്കും കോവിഡ് പരിശോധന നടത്താൻ തീരുമാനിച്ചിട്ടുണ്ട്. മരിച്ചവരുടെ ബന്ധുക്കൾ തമിഴ്‌നാട്ടിൽ നിന്നും എത്തുന്ന സാഹചര്യത്തിലാണിത്. എന്നാൽ കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച അഗ്നിശമന സേനാ ജീവനക്കാരന് കാര്യമായ സമ്പർക്കം ഉണ്ടായിട്ടില്ലെന്ന് വ്യക്തമായി. പെട്ടിമുടിയിൽ മണ്ണിനടിയിൽപ്പെട്ട ഭൂരിഭാഗം ആൾക്കാരും തമിഴ്‌നാട്ടിൽ നിന്നെത്തിയവരാണ്. ഇവരെ അവസാനമായി ഒരു നോക്ക് കാണാൻ തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ബന്ധുക്കൾ എത്തിക്കൊണ്ടേയിരിക്കുന്നു. ഇങ്ങനെ 1000ൽ അധികം പേരെങ്കിലും എത്തിയിട്ടുണ്ടെന്നാണ് പൊലീസിന്റെ കണക്ക്. ശരീരോഷ്മാവ് പരിശോധന മാത്രം നടത്തിയാണ് തമിഴ്‌നാട്ടിൽ നിന്നുള്ളവരെ ചെക്പോസ്റ്റുകളിൽ നിന്നും കടത്തി വിടുന്നത്.

നൂറിലേറെ വരുന്ന പൊലീസും അഗ്നിശമന സേനാ ജീവനക്കാരും അൻപതിലേറെ റവന്യൂ ഉദ്യോഗസ്ഥരും ദേശീയദുരന്തനിവാരണസേന സംഘവും നിലവിൽ പെട്ടിമുടിയിലുണ്ട്. ഇവർക്ക് ഘട്ടം ഘട്ടമായാകും ആന്റിജൻ പരിശോധന നടത്തുക. ഇന്നലെ 10 പേർക്ക് പരിശോധന നടത്തിയിരുന്നു. ആർക്കും കോവിഡ് സ്ഥിരീകരിച്ചില്ലെന്നത് ആശ്വാസമേകുന്നു.

Eng­lish summary;covid test in all res­cuers  Will be conducted

you may also like this video;