മലയാളി പ്രവാസികള്‍ക്ക് കോവിഡ് ടെസ്റ്റ് നിര്‍ബന്ധമല്ല

കെ രംഗനാഥ്

അബുദാബി

Posted on June 27, 2020, 8:49 am

കെ രംഗനാഥ്

ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും കേരളത്തിലെത്തുന്ന പ്രവാസികള്‍ക്ക് കോവിഡ് രോഗികളല്ലെന്ന നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള കേരളത്തിന്റെ തീരുമാനം പിന്‍വലിച്ചതായി ഇന്ത്യന്‍ എംബസികളെ അറിയിച്ചു. ഇക്കാര്യത്തില്‍ വ്യക്തത വരുത്തി നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ ഇളങ്കോവന്‍ കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന് അയച്ച വിശദീകരണത്തിന്റെ പകര്‍പ്പാണ് ഗള്‍ഫിലെ ഇന്ത്യന്‍ എംബസികള്‍ക്ക് അയച്ചത്.

എന്നാല്‍ വിദേശങ്ങളില്‍ നിന്നു മടങ്ങുന്നവര്‍ കേരളത്തിലെ വിമാനത്താവളങ്ങളില്‍ റാപ്പിഡ് ടെസ്റ്റിന് വിധേയരാകണം. രോഗലക്ഷണങ്ങളില്ലാത്തവരെ വീടുകളില്‍ 14 ദിവസത്തെ ക്വാറന്റെെനില്‍ അയയ്ക്കും. രോഗലക്ഷണമുള്ളവരെ ചികിത്സാകേന്ദ്രങ്ങളിലും. യുഎഇയിലേയും ഖത്തറിലേയും രോഗനിര്‍ണ്ണയ പരിശോധനകള്‍ക്ക് നേരത്തെതന്നെ സംസ്ഥാന മന്ത്രിസഭ അംഗീകാരം നല്കിയിരുന്നു.

കേരളത്തിലേയ്ക്ക് മടങ്ങുന്ന ഈ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ എന്‍ 95 മാസ്ക്, ഫെയിസ് ഷീല്‍ഡ്, ഗ്ലൗസ് എന്നിവ ധരിക്കുകയും കെെകള്‍ ഇടയ്ക്കിടെ സാനിറ്റെെസര്‍ ഉപയോഗിച്ച് അണുവിമുക്തമാക്കുകയും വേണം. അതേസമയം സൗദി അറേബ്യയിലും കുവെെറ്റിലും നിന്നും വരുന്നവര്‍ ഈ സുരക്ഷാസംവിധാനങ്ങള്‍ക്കു പുറമേ പിപിഇ കിറ്റ് ധരിക്കണമെന്നും ബന്ധപ്പെട്ട എംബസികള്‍ക്കുള്ള കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഖത്തറില്‍ നിന്നു വരുന്നവര്‍ ഇഹ്തെറാസ് ആപ്പില്‍ പച്ച തെളിഞ്ഞവരാണെങ്കിലും മാസ്കും ഷീല്‍ഡും സാനിറ്റെെസറും ഉപയോഗിക്കണം.

ഒമാന്‍, ബഹ്റെെന്‍ എന്നിവിടങ്ങളില്‍ നിന്നു വരുന്നവര്‍ക്ക് പിപിഇ കിറ്റ് ധാരണം നിര്‍ബന്ധമല്ലെങ്കിലും ഫെയിസ് ഷീല്‍ഡും മാസ്കും ഗ്ലൗസും നിര്‍ബന്ധമാണ്. കേരളത്തിലേക്ക് മടങ്ങുന്ന എല്ലാ പ്രവാസികളും https/covid19jagratha.kerala.nic.in എന്ന സെെറ്റില്‍ നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യണമെന്നും കേരളത്തിന്റെ വിശദീകരണക്കുറിപ്പില്‍ പറയുന്നതായി യുഎഇയിലെ ഇന്ത്യന്‍ എംബസി അധികൃതര്‍ അറിയിച്ചു.

you may also like this video;