Web Desk

ഇസ്ലാമാബാദ്

June 25, 2020, 1:12 pm

വൈറസ്ബാധ നിഷേധിച്ച് മുഹമ്മദ് ഹഫീസ്

Janayugom Online

ഇംഗ്ലണ്ട് പര്യടനത്തിന് മുന്നോടിയായി നടത്തിയ പരിശോധനയിൽ പത്ത് പാകിസ്ഥാൻ താരങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചതായി പിസിബി ഔദ്യോഗികമായി അറിയിച്ചിരുന്നു. ഇതിൽ പാക് ക്രിക്കറ്റ് ടീമിന്റെ സീനിയർ താരമായ മുഹമ്മദ് ഹഫീസും ഉൾപ്പെട്ടിരുന്നു. ഇതിന് പിന്നാലെ വൈറസ്ബാധ നിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഹഫീസ്. പരിശോധനാ ഫലം നെഗറ്റീവായതിന്റെ റിപ്പോര്‍ട്ട് സഹിതം താരം ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.

കഴിഞ്ഞ ദിവസം പിസിബിയുടെ പരിശോധനയില്‍ കോവിഡ് പോസിറ്റീവാണെന്ന് റിപ്പോര്‍ട്ട് വന്നെങ്കിലും അത് ഉറപ്പിക്കാനായി മറ്റൊരിടത്ത് കുടുംബത്തോടൊപ്പം പരിശോധനയ്ക്ക് പോയെന്നും അവിടത്തെ റിപ്പോര്‍ട്ട് നെഗറ്റീവാണെന്നും ഹഫീസ് ട്വിറ്ററില്‍ കുറിച്ചു. ഇംഗ്ലണ്ട് പര്യടനത്തിനുള്ള പാക് ടീമിൽ അംഗങ്ങളായ കാശിഭ് ഭട്ടി, മുഹമ്മദ് ഹസ്‌നയ്ൻ, ഫഖർ സമാൻ, മുഹമ്മദ് റിസ്‌വാൻ, മുഹമ്മദ് ഹഫീസ്, വഹാബ് റിയാസ്, ഇമ്രാൻ ഖാൻ എന്നിവർക്ക് കോവിഡ് സ്ഥിരീകരിച്ചതായാണ് പിസിബി ചൊവ്വാഴ്ച അറിയിച്ചത്.

ഹൈദർ അലി, ഷദാബ് ഖാൻ, ഹാരിസ് റൗഫ് എന്നിവർക്ക് തിങ്കളാഴ്ചയും കോവിഡ് സ്ഥിരീകരിച്ചു. ലാഹോറില്‍ നിന്ന് ഈ മാസം 28‑ന് ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ മാഞ്ചസ്റ്ററിലേക്കു പോകാനിരുന്ന 29 അംഗ പാക് ടീമിലുള്ളവര്‍ക്കാണ് കോവിഡ് ബാധിച്ചിരിക്കുന്നത്. ഇവര്‍ക്കാര്‍ക്കും തന്നെ രോഗ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും പിസിബി അറിയിച്ചിരുന്നു. കോവിഡ് സ്ഥിരീകരിച്ചവരോടെല്ലാം ഐ­സൊ­­ലേഷനില്‍ പ്രവേശിക്കാന്‍ നിര്‍ദേശിച്ച ബോര്‍ഡ് ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരോടും ഐസൊലേഷനില്‍ പോകാന്‍ പറഞ്ഞിട്ടുണ്ട്.

Eng­lish summary:pakisthan play­ers test­ed covid pos­i­tive fol­lowup story