March 24, 2023 Friday

കലാകാരന്മാർക്കും അടിയന്തര സഹായങ്ങൾ ലഭ്യമാക്കും: മന്ത്രി

Janayugom Webdesk
തിരുവനന്തപുരം
March 27, 2020 7:05 pm

ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ കലാകാരന്മാർക്കും അടിയന്തര സഹായങ്ങൾ ലഭ്യമാക്കാൻ നടപടി തുടങ്ങിയാതായി മന്ത്രി എ കെ ബാലൻ പറഞ്ഞു. സാംസ്കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് മുഖേന കലാകാരന്മാർക്ക് നൽകിവരുന്ന പെൻഷനും മറ്റ് ആനുകൂല്യങ്ങളും ഇപ്പോൾ തന്നെ വിതരണം ചെയ്യാൻ നടപടി സ്വീകരിക്കണമെന്ന് ചെയർമാൻ പി ശ്രീകുമാറിന് നിർദ്ദേശം നൽകിയിരുന്നു. അദ്ദേഹം ആവശ്യമായ ജീവനക്കാരെ വിളിച്ചുവരുത്തി അടിയന്തരമായി ഇക്കാര്യം നിർവ്വഹിക്കുകയായിരുന്നുവെന്നും മന്ത്രി പറഞ്ഞു.ഏപ്രിൽമാസത്തെ പെൻഷൻ, ഫാമിലി പെൻഷൻ, ചികിത്സാ ധനസഹായം, മരണാനന്തര ധനസഹായം, വിവാഹ ധനസഹായം എന്നിവ അർഹരായവരുടെ ബാങ്ക് അക്കൗണ്ടുകളിൽ ഇതിനകം തന്നെ എത്തിച്ചുകഴിഞ്ഞു.

3000 രൂപയാണ് സാംസ്കാരിക പ്രവർത്തക ക്ഷേമനിധി അംഗങ്ങൾക്ക് നൽകുന്ന പെൻഷൻ. 3012 അംഗങ്ങൾക്കായി 90,36,000 രൂപ വിതരണം ചെയ്തു. 130 അംഗങ്ങൾക്കായി 1100 രൂപ വീതം 1,43,000 രൂപ ഫാമിലി പെൻഷനായും നൽകി. മൂന്ന് ലക്ഷം രൂപ വിവാഹം, മരണം, ചികിത്സാ ധനസഹായങ്ങളായും വിതരണം ചെയ്തു. എല്ലാ ധനസഹായങ്ങളും ഉൾപ്പെടെ ക്ഷേമനിധി ബോർഡ് ഒരു കോടിയോളം രൂപയുടെ ധനസഹായങ്ങളാണ് കലാകാരന്മാർക്കായി നൽകി വരുന്നത്.

കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായി സംസ്ഥാനം മുഴുവൻ നിശ്ചലമായ അവസ്ഥയാണ്. എല്ലാ കുടുംബങ്ങളിലും ആവശ്യമായ പണവും ഭക്ഷ്യവസ്തുക്കളും എത്തിക്കാൻ സർക്കാർ കഠിനപരിശ്രമമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. പൊതുജനങ്ങളുടെ നല്ല സഹകരണം ഇക്കാര്യത്തിലുണ്ട്. കഴിഞ്ഞദിവസം സഹകരണ ജീവനക്കാർ മുഖേന സാമൂഹ്യ പെൻഷൻ വീടുകളിലെത്തിച്ചു നൽകി. ആളുകളുടെ കൈകളിൽ പണം എത്തിച്ചാൽ മാത്രമേ പ്രതിസന്ധി ഘട്ടത്തിൽ സംസ്ഥാനത്തിന് പിടിച്ചുനിൽക്കാനാവുകയുള്ളു. ഇക്കാര്യം മുന്നിൽകണ്ടുകൊണ്ടാണ് എല്ലാ മേഖലയിലും സർക്കാർ ഇടപൈട്ടുകൊണ്ടിരിക്കുന്നതെന്നും മന്ത്രി അറിയിച്ചു.

Eng­lish Summary:Covid threat- emer­gency Assis­tance to Artists said Min­is­ter a.k balan

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.