കൊറോണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ കോടികള്‍ വരുന്ന കുടിയേറ്റ തൊഴിലാളികള്‍ക്ക് ഇടയില്‍ രോഷം പുകയുകയാണ്. ഡല്‍ഹിക്കും മുംബെെക്കും പിന്നാലെ കേരളവും സംസ്ഥാനത്തിന്റേതല്ലാത്ത കാരണങ്ങളാല്‍ അതിഥി തൊഴിലാളികള്‍ക്കിടയില്‍ നീറിപുകയുന്ന അസ്വസ്ഥതയുടെ രുചി അറിഞ്ഞു. അതീവ ജാഗ്രതയോടും തികഞ്ഞ സഹാനുഭൂതിയോടും നേരിട്ടാല്‍ മാത്രമെ സ്ഫോടനാത്മക സ്ഥിതിവിശേഷത്തെ നിയന്ത്രിക്കാനാവൂ. വോട്ട് രാഷ്ട്രീയത്തിന്റെ കൂട്ടിക്കിഴിക്കലുകളില്‍ പ്രധാന ഘടകമായി കണക്കാക്കാതെ, സമാശ്വാസ പദ്ധതികളില്‍ അവഗണിക്കപ്പെട്ട്, അരികുവല്‍ക്കരിക്കപ്പെട്ട ജനവിഭാഗമാണ് മുഖ്യധാര ജീവിതത്തെ അമ്പരപ്പിച്ച് കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളെയും അടച്ചുപൂട്ടല്‍ നടപടികളെയും അര്‍ത്ഥശൂന്യമാക്കി മാറ്റിയേക്കാവുന്ന വെല്ലുവിളിയായി മാറുന്നത്.
ഭരണകൂട അവഗണനയുടെ ആ ക്രൂരമുഖം പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ഇന്നലത്തെ ‘മന്‍ കി ബാത്ത്’ പ്രതിമാസ റേഡിയോ പ്രഭാഷണത്തിലും മറനീക്കി പുറത്തുവരികയുണ്ടായി. ‘ലക്ഷ്മണരേഖ’ മുറിച്ച് പുറത്തുകടക്കാതെ വീട്ടില്‍ അടച്ചുപൂട്ടിയിരിക്കണമെന്ന് ജനങ്ങളെ ഉപദേശിച്ച മോഡി രാജ്യത്തെ കോടാനുകോടി ഭവനരഹിതരെയും നാമമാത്ര മേല്‍ക്കൂരയ്ക്ക് കീഴില്‍ ഒറ്റമുറി കുടിലുകളിലും കൂരകളിലും തിങ്ങിനിറയുന്ന ദരിദ്രരെയും അപ്പാടെ വിസ്മരിക്കുകയായിരുന്നു. ഇന്ത്യന്‍ മഹാനഗരങ്ങളില്‍ കൃമിതുല്യമായി നരകജീവിതം നയിക്കുന്ന കോടിക്കണക്കിനു ചേരിനിവാസികളും അദ്ദേഹത്തിന്റെ ‘മന്‍ കി ബാത്തി‘ല്‍ ഇടംപിടിച്ചില്ല. ഗുജറാത്ത് മുതല്‍ കന്യാകുമാരി ചുറ്റി കൊല്‍ക്കത്തയും കടന്നുപോകുന്ന അനേകായിരം കിലോമീറ്റര്‍ തീരദേശത്തെ ദശലക്ഷക്കണക്കിനു വരുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികളും അദ്ദേഹത്തിന്റെ കണക്കില്‍ ‘ദേശവാസി‘കളാണോ എന്ന സംശയവും ആ പ്രഭാഷണം ശ്രദ്ധാപൂര്‍വം ശ്രവിച്ചവരില്‍ സംശയമുണര്‍ത്തുന്നു.
ഹെെദരാബാദിലെയും ഡല്‍ഹിയിലെയും പൂനെയിലെയും കൊറോണാ രോഗവിമുക്തരോടും ഡോക്ടര്‍മാരോടും സംസാരിച്ച പ്രധാനമന്ത്രിക്ക് ദിവസക്കൂലിക്കാരും പട്ടിണിപ്പാവങ്ങളുമായ കോടാനുകോടി ഇന്ത്യക്കാരോട് ലക്ഷ്മണരേഖയ്ക്ക് പിന്നില്‍ ഇരിക്കാനും സാമൂഹ്യ മാധ്യമങ്ങളില്‍ വെെറല്‍ സന്ദേശങ്ങള്‍ അയക്കാനും നിര്‍ദേശിക്കുന്നതിന് അപ്പുറം യാതൊന്നും പറയാനുണ്ടായിരുന്നില്ല. വീടുകളിലെ പൊടിപിടിച്ചിരിക്കുന്ന തമ്പുരുവും തബലയും പൊടിതട്ടിയെടുത്ത് തങ്ങളുടെ സംഗീത ഭാവനയ്ക്ക് പുതുജീവന്‍ നല്‍കാന്‍ ഉപദേശിക്കുന്ന മോഡിക്ക് ജീവിതത്തിന്റെ സംഗീതമാകെ കെെമോശം വന്ന് ഒട്ടിയ വയറോടെ ഇരുണ്ട ഭാവിയെ തുറിച്ചുനോക്കി പലായനം ചെയ്യുന്ന ദരിദ്ര ജനകോടികള്‍ക്ക് നല്‍കാന്‍ ഒരു ആശ്വാസ വാക്കുപോലും ഉണ്ടായിരുന്നില്ല. കോവിഡ് ദുരന്തത്തിന്റെ സൂചനകളൊന്നും കണക്കിലെടുക്കാതെ, അതിനെ നേരിടാന്‍ അവശ്യം ആവശ്യമായ പദ്ധതികളുമായി ജനങ്ങളെ സന്നദ്ധമാക്കാതെ, ദുരന്തമുഖത്ത് എത്തിയ നിമിഷം മോഡിയേയും അദ്ദേഹത്തിന്റെ ഭരണകൂടത്തെയും ഉല്‍ക്കണ്ഠാകുലമാക്കിയത് ഇന്ത്യന്‍ കോര്‍പ്പറേറ്റ് താല്പര്യങ്ങളാണ്. കോര്‍പ്പറേറ്റുകളും സമ്പന്നരും നല്‍കേണ്ട നികുതി റിട്ടേണുകള്‍ക്ക് അവധി മുതല്‍ പിഴ ഇളവുകളടക്കം വെെകി തുക അടയ്ക്കാനുള്ള ആനുകൂല്യങ്ങള്‍ വരെ മാര്‍ച്ച് 24നു ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ പ്രഖ്യാപിച്ചു.
പ്രധാന മന്ത്രി ഗരീബ് കല്യാണ്‍ യോജന പ്രഖ്യാപനത്തിനു മുമ്പ് ധനമന്ത്രി നടത്തിയ പ്രഖ്യാപനത്തെ ശ്രദ്ധേയമാക്കിയത് അവര്‍ അതോടൊപ്പം നല്‍കിയ സന്ദേശമാണ്. ‘നികുതി സംബന്ധിച്ച ആജ്ഞാനുവര്‍ത്തിത്വത്തെപ്പറ്റി ആരും ഉല്‍ക്കണ്ഠപ്പെടേണ്ടതില്ല. അടച്ചുപൂട്ടലിന്റെ സമയത്ത് നികുതിദായകര്‍ക്ക് കുടുംബത്തോടൊപ്പം മന, ശരീര സ്വാസ്ഥ്യത്തോടെ സമയം ചിലവഴിക്കാനാവണം’ എന്നതാണ് മോഡി സര്‍ക്കാരിന്റെ ലക്ഷ്യം. കോടാനുകോടി പട്ടിണി പാവങ്ങളുടെ മന, ശരീര സ്വാസ്ഥ്യം കെടുത്തി അവരെ തെരുവാധാരമാക്കിയ സര്‍ക്കാരിന്റെ ഉല്‍ക്കണ്ഠ ആരെക്കുറിച്ചാണെന്ന് സംശയമുള്ളവര്‍ നിര്‍മ്മലാ സീതാരാമന്റെ വീഡിയോ കോണ്‍ഫ്രന്‍സ് വഴിയുള്ള ആ പത്രസമ്മേളനം ദര്‍ശിച്ചാല്‍ മതിയാവും. കുടിയേറ്റ തൊഴിലാളികള്‍ അസ്വസ്ഥമാക്കിയ മോഡി സര്‍ക്കാരിന്റെ അത്തരം തീരുമാനങ്ങളുടെ അനന്തരഫലത്തിന്റെ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരുകളുടെ തലയില്‍ വച്ചുകെട്ടാനാണ് കെ സുരേന്ദ്രനടക്കം മോഡി ഭക്തന്മാര്‍ കേരളത്തിലും ഡല്‍ഹിയിലും ഇപ്പോള്‍ തിരക്കിട്ട് ശ്രമിക്കുന്നത്. (അവസാനിക്കുന്നില്ല)
English Summary: covid threat- protest of migrant workers
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.