കോവിഡ് വ്യാപിക്കുന്നു: കൂടുതൽ രാജ്യങ്ങൾക്ക് വിലക്കേർപ്പെടുത്തി ഇന്ത്യ

Web Desk
Posted on March 17, 2020, 2:52 pm

കോവിഡ് ബാധിതരുടെ എണ്ണവും മരണവും കൂടുന്ന പശ്ചാത്തലത്തിൽ കടുത്ത യാത്രാ നിയന്ത്രണങ്ങളുമായി ഇന്ത്യ. പുതുതായി മൂന്നു രാജ്യങ്ങളിൽനിന്നുള്ളവരെ കൂടി കേന്ദ്ര സർക്കാർ വിലക്കി. അഫ്ഗാനിസ്ഥാൻ, ഫിലിപ്പീൻസ്, മലേഷ്യ രാജ്യങ്ങളിൽനിന്നുള്ള യാത്രക്കാരെയാണു വിലക്കിയത്. ബ്രിട്ടൻ, സ്വിറ്റ്‌സർലൻഡ്, യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ, തുർക്കി എന്നിവിടങ്ങളിൽനിന്ന് ഇന്ത്യയിലേക്കുള്ള യാത്ര കഴിഞ്ഞദിവസം പൂർണമായി വിലക്കിയിരുന്നു. ഇന്ന് വിലക്കേർപ്പെടുത്തിയ രാജ്യങ്ങളിൽനിന്ന് ഇന്ത്യയിലേക്കുള്ള വിമാന സർവീസുകൾ അടിയന്തരമായി നിർത്തണമെന്നും സിവിൽ ഏവിയേഷൻ സർക്കുലറിൽ പറയുന്നു. ഈ മാസം 31 വരെയാണു യാത്രാനിയന്ത്രണം.

നാളെ ഇന്ത്യൻ സമയം വൈകിട്ട് 5.30 മുതൽ ഈ രാജ്യങ്ങളിൽനിന്ന് ഇന്ത്യയിലേക്ക് യാത്രക്കാരെ വിമാനത്തിൽ കയറ്റരുത്. യുഎഇ, കുവൈത്ത്, ഖത്തർ, ഒമാൻ എന്നീ രാജ്യങ്ങളിൽ നിന്നോ ഇതുവഴിയോ ഇന്ത്യയിലെത്തുന്നവർക്ക് 14 ദിവസത്തെ നിർബന്ധിത ക്വാറന്റീൻ (സ്വയംവിലക്ക്) വേണമെന്നും നിർദേശമുണ്ട്. രാജ്യത്ത് അനാവശ്യ യാത്ര ഒഴിവാക്കണമെന്നും പൊതുഗതാഗതം കുറയ്ക്കണമെന്നുമെന്നാണു കേന്ദ്ര നിലപാട്. അതേസമയം യു.എ.ഇ വിമാനക്കമ്പനിയായ ഫ്ലൈ ദുബൈ ഇന്ത്യയിലേക്കുള്ള വിമാന സർവീസുകൾ നിർത്തിലാക്കിയിരുന്നു. ഈ മാസം 31 വരെയുള്ള സർവീസുകളാണ് ഫ്ലൈ ദുപായിയും നിര്‍ത്തി വെച്ചിരിക്കുന്നത്. 8 ഇന്ത്യൻ നഗരങ്ങളിലേക്കാണ് ഫ്ലൈ ദുബൈ വിമാനങ്ങൾ സർവീസ് നടത്തിയിരുന്നത്.കോഴിക്കോട്, കൊച്ചി വിമാനങ്ങളും റദ്ദാക്കിയവയിൽ ഉൾപ്പെടും.

Eng­lish Sum­ma­ry: covid threat — Visa restrict­ed to india

You may also like this video