ചെന്നൈ സൂപ്പർ കിങ്സ് സംഘത്തിലെ 13 പേർക്ക് കോവിഡ്

Web Desk

ദുബായ്

Posted on August 28, 2020, 6:10 pm

കോവിഡ് മഹാമാരിയുയർത്തുന്ന വെല്ലുവിളികളെ തരണം ചെയ്ത് ഐപിഎൽ നടത്താൻ തയ്യാറെടുക്കുന്ന ബിസിസിഐയ്ക്കു വൻ തിരിച്ചടി. ചെന്നൈ സൂപ്പർ കിങ്സ് സംഘത്തിലെ 13 പേർക്ക് കൊവിഡ്. ഒരു താരത്തിനും 12 സപ്പോർട്ട് സ്റ്റാഫുമാർക്കുമാണ് രോഗബാധയുണ്ടെന്നു കണ്ടെത്തിയിരിക്കുന്നതെന്നു ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. ഇതേക്കുറിച്ച് സിഎസ്കെയോ, ബിസിസിഐയോ പ്രതികരിച്ചിട്ടില്ല.

കോവിഡ് ഫലം പോസിറ്റീവായ താരം ഫാസ്റ്റ് ബൗളറാണെന്നാണ് വിവരം. ഇയാൾ ഇന്ത്യൻ താരമാണെന്നും സൂചനയുണ്ട്. എന്നാൽ പേര് പുറത്തുവിട്ടിട്ടില്ല. ശേഷിച്ച 12 പേർ സപ്പോർട്ട് സ്റ്റാഫുമാരും സോഷ്യൽ മീഡിയ ടീമുമാണ്. കോവിഡ് സ്ഥിരീകരിച്ച 13 പേരുടെയും ആരോഗ്യസ്ഥിതിയിൽ ആശങ്കയൊന്നുമില്ല. ഇവരെയെല്ലാം ഐസൊലേറ്റ് ചെയ്തിരിക്കുകയാണ്. ബിസിസിഐയുടെ എസ്ഒപിയിലെ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും സിഎസ്കെ ടീം പിന്തുടരുന്നുണ്ട്.

ദുബായിലെത്തിയ ശേഷം സിഎസ്കെ ടീം ആറു ദിവസത്തെ ക്വാറന്റീൻ പൂർത്തിയാക്കിയെങ്കിലും പരിശീലനം ഇനിയും ആരംഭിച്ചിട്ടില്ല. രാജസ്ഥാൻ റോയർസ്, കിങ്സ് ഇലവൻ പഞ്ചാബ് എന്നീ ഫ്രാഞ്ചൈസികൾ ക്വാറന്റീൻ പൂർത്തിയാക്കി വ്യാഴാഴ്ച തന്നെ പരിശീലനം ആരംഭിച്ചിരുന്നു.

സിഎസ്കെ സംഘത്തിലെ 13 പേർക്കു കോവിഡ് പിടിപെട്ടത് ടൂർണമെന്റിനെയാകെ സംശയത്തിന്റെ നിഴലിലാക്കിയിട്ടുണ്ട്. ഐപിഎല്ലിനായി എട്ടു ഫ്രാഞ്ചൈസികളും യുഎഇയിൽ എത്തിയ ശേഷം ഇതാദ്യമായാണ് കൊവിഡ് സ്ഥിരീകരിക്കപ്പെടുന്നത്. യുഎഇയിലേക്കു പുറപ്പെടുന്നതിനു മുമ്പ് സിഎസ്കെ ടീം അഞ്ചു ദിവസം ചെന്നൈയിൽ പരിശീലന ക്യാംപ് സംഘടിപ്പിച്ചിരുന്നു. ഇവിടെ വച്ചാവാം വൈറസ് ബാധയുണ്ടായതെന്നാണ് നിഗമനം.

ENGLISH SUMMARY: covid to 13 mem­bers of Chen­nai Super Kings squad
You may also like this video