ബേബി ആലുവ

കൊച്ചി

May 09, 2021, 8:44 pm

കോവിഡ് ചികിത്സ: സർക്കാരിനെയും കോടതിയെയും വെല്ലുവിളിച്ച് സ്വകാര്യമേഖല

Janayugom Online

കോവിഡ് നിർണയ പരിശോധനാ നിരക്കിലെ കൊള്ളയ്ക്കെതിരെ സർക്കാരും കോടതിയും നടത്തിയ ഇടപെടലിനെതിരെ പരസ്യ വെല്ലുവിളിയുമായി സ്വകാര്യ ആശുപത്രികളും ലാബുകളും. ആർടിപിസിആർ പരിശോധനയിൽ അത്യാർത്തി കാണിച്ചിരുന്ന ഇരുകൂട്ടരും ടെസ്റ്റ് പൂർണമായി നിർത്തിവച്ചാണ് സർക്കാരിനെയും നീതിന്യായ വ്യവസ്ഥയെയും വെല്ലുവിളിക്കുന്നതും ജനജീവിതം പന്താടുന്നതും.

ആർടിപിസിആർ പരിശോധനയ്ക്ക് വൻതുക ഈടാക്കിയിരുന്ന സ്വകാര്യ ആശുപത്രികളും ലാബുകളും സർക്കാരിന്റെയും കോടതിയുടെയും ഇടപെടലോടെ നിരക്ക് മൂന്നിലൊന്നായി കുറയ്ക്കാൻ നിർബന്ധിതരായതോടെയാണ് പരിശോധന തന്നെ വേണ്ടെന്നു വച്ചത്. ഇതിലൂടെ, സർക്കാരിനെയും കോടതിയെയും പാഠം പഠിപ്പിക്കാമെന്നാണ് ഇവരുടെ കണക്കുകൂട്ടൽ. നേരത്തേ ആന്റിജൻ, ആർടിപിസിആർ പരിശോധനകൾ നടത്തിയിരുന്ന സ്വകാര്യ സ്ഥാപനങ്ങളുമായി ബന്ധപ്പെടുമ്പോൾ രണ്ടാമത്തേത് ഇല്ല എന്ന മറുപടിയാണ് പൊതുവെ ലഭിക്കുന്നത്. ആർടിപിസിആർ ടെസ്റ്റ് നടത്താൻ തയ്യാറാകുന്ന ചില ആശുപത്രികൾ ഫീസായി 800 രൂപ ആവശ്യപ്പെടുന്ന രീതിയുമുണ്ട്.

കോവിഡ് പരിശോധനകൾ തീർത്തും സൗജന്യമായ സർക്കാർ സ്ഥാപനങ്ങളിൽ വൻ തിരക്ക് അനുഭവപ്പെടുകയും വലിയൊരു വിഭാഗം സ്വകാര്യ പരിശോധനാ കേന്ദ്രങ്ങളിലേക്കു തിരിയുകയും ചെയ്തതോടെയാണ് സ്വകാര്യ ആശുപത്രികളുടെയും ലാബുകളുടെയും കൊയ്തു തുടങ്ങിയത്. ആർടിപിസിആർ പരിശോധനയ്ക്ക് 1700 രൂപ എന്നു നിശ്ചയിച്ചിരുന്നപ്പോൾ പോലും 1950 രൂപ വരെ തരവും തക്കവും പോലെ ഈടാക്കിയ ആശുപത്രികളുമുണ്ട്.

കോവിഡ് രോഗനിർണയ പരിശോധനയ്ക്ക് എത്തുന്നവരിൽ നിന്ന് ആർടിപിസിആർ ടെസ്റ്റിന് ഉള്ളവരെ പ്രത്യേകമായി തരംതിരിച്ച് അവർക്ക് മുൻഗണന നൽകിയിരുന്ന ആശുപത്രികളിൽ നിന്നാണ് ഇപ്പോൾ ആ ടെസ്റ്റ് ഇല്ല എന്ന മറുപടി കിട്ടുന്നത് എന്നത് ശ്രദ്ധേയം. രോഗലക്ഷണം നിശ്ശേഷം മാറിയവർ രോഗമില്ലെന്നുറപ്പിക്കാൻ ആർടിപിസിആർ ടെസ്റ്റിനെയാണ് ആശ്രയിക്കുന്നത്. പ്രഥമ രോഗനിർണയ പരിശോധനയായ ആന്റിജൻ ടെസ്റ്റിന് ഈടാക്കുന്ന 350 രൂപ തന്നെ വളരെ കൂടുതലാണെന്ന് ആരോഗ്യ വിദഗ്ധരടക്കം അഭിപ്രായപ്പെടുന്നുണ്ട്. സ്വകാര്യ ആശുപത്രികളുടെയും ലാബുകളുടെയും വെല്ലുവിളിയും കൊള്ളയും അതേ നാണയത്തിൽ നേരിടണമെന്ന പൊതു അഭിപ്രായം വ്യാപകമാവുകയാണ്.

Eng­lish sum­ma­ry: covid treat­ment: Pri­vate sec­tor chal­leng­ing gov­ern­ment and court

You may also like this video: