ആശങ്ക ഉയരുന്നു ‚മരണം 2021

Web Desk

തിരുവനന്തപുരം

Posted on July 07, 2020, 10:48 pm

സംസ്ഥാനത്ത് ആശങ്കയുയർത്തി കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധന. ഇന്നലെ 272 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇത് വരെയുള്ളതിൽ ഏറ്റവും ഉയർന്ന രോഗബാധയും ഏറ്റവും കൂടുതൽ ഉയർന്ന സമ്പർക്കരോഗബാധയും ഇന്നലെയാണ്. 68 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

തിരുവനന്തപുരത്താണ് ഏറ്റവും കൂടുതൽ സമ്പർക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചത്. 42 പേർക്ക്. എറണാകുളം, മലപ്പുറം ജില്ലകളിൽ 11 പേർക്ക് വീതവും ആലപ്പുഴ ജില്ലയിലെ മൂന്ന് പേർക്കും പാലക്കാട് ജില്ലയിലെ ഒരാൾക്കുമാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിൽ അഞ്ചും മലപ്പുറം, പത്തനംതിട്ട ജില്ലകളിൽ ഓരോന്നുവീതവും. ഏഴ് ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചു. കണ്ണൂർ ജില്ലയിലെ ഒരു സിഐഎസ്എഫ് ജവാനും ഒരു ഡിഎസ്സി ജവാനും രോഗം സ്ഥിരീകരിച്ചു.

രോഗം സ്ഥിരീകരിച്ചവരിൽ 157 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 38 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. സൗദി അറേബ്യ(76), യുഎഇ(26), ഖത്തർ( 21), കുവൈറ്റ്(13), ഒമാൻ (13)ബഹറിൻ (അഞ്ച്), കിർഗിസ്ഥാൻ, നൈജീരിയ, ദക്ഷിണ ആഫ്രിക്ക ( ഒന്ന്) എന്നിങ്ങനെയാണ് വിദേശ രാജ്യങ്ങളിൽ നിന്നും വന്നത്. കർണാടക( 13), തമിഴ്‌നാട്( ഏഴ്), മഹാരാഷ്ട്ര, ഡൽഹി, തെലങ്കാന (നാല് വീതം), ഉത്തർപ്രദേശ് (രണ്ട്), പശ്ചിമബംഗാൾ, ഛത്തീസ്ഘട്ട്, ആന്ധ്രാപ്രദേശ്, പഞ്ചാബ്(ഒന്ന് ) എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവർ.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 111 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. പാലക്കാട് ജില്ലയിൽ നിന്നുള്ള 23 പേരുടെയും എറണാകുളത്തുള്ള 20 പേരുടെയും പത്തനംതിട്ടയിൽ നിന്നുള്ള 19 പേരുടെയും മലപ്പുറം ജില്ലയിൽ നിന്നുള്ള 10 പേരുടെയും കണ്ണൂർ ജില്ലയിൽ നിന്നുള്ള ഒമ്പത് പേരുടെയും കൊല്ലം, തൃശൂർ, കോഴിക്കോട് ജില്ലകളിൽ നിന്നുള്ള ആറ് പേരുടെ വീതവും ആലപ്പുഴ ജില്ലയിൽ നിന്നുള്ള നാല് പേരുടെയും തിരുവനന്തപുരം, വയനാട് ജില്ലകളിൽ നിന്നുള്ള മൂന്ന് പേരുടെയും കോട്ടയം, ഇടുക്കി ജില്ലകളിൽ നിന്നുള്ള ഒരാളുടെ വീതവും പരിശോധനാഫലം ആണ് ഇന്നലെ നെഗറ്റീവ് ആയത്. ഇതോടെ 2,411 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 3,454 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,86,576 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. റുട്ടീൻ സാമ്പിൾ, ഓഗ്മെന്റഡ് സാമ്പിൾ, സെന്റിനൽ സാമ്പിൽ, പൂൾഡ് സെന്റിനിൽ, സിബി നാറ്റ്, ട്രൂ നാറ്റ് എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 2,85,968 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതിൽ 5,456 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്.

2,384 പേർ കേരളത്തിന് പുറത്തുനിന്നെത്തിയത്

കേരളത്തിന് പുറത്തു നിന്ന് വന്ന 2,384 പേർ ഇതുവരെ കോവിഡ് പോസിറ്റീവ്. ഇതിൽ 1,489 പേർ വിദേശത്തു നിന്നും 895 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. മലപ്പുറത്താണ് കൂടുതൽ പേർ പോസിറ്റീവായത്, 289 പേർ. പാലക്കാട് 285 ഉം കണ്ണൂരിൽ 261ഉം പേർ പോസിറ്റീവായി. കേരളത്തിന് പുറത്തു നിന്ന് വന്നവരിൽ ഏറ്റവും കുറവ് വയനാട്, ഇടുക്കി ജില്ലകളിലാണ്, 49 പേർ.

മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളതിൽ കൂടുതൽ പോസിറ്റീവ് കേസുകൾ വന്നത് മഹാരാഷ്ട്രയിൽ നിന്നാണ്, 407 പേർ. തമിഴ്‌നാട്ടിൽ നിന്ന് വന്ന 181 പേർക്കും ഡൽഹിയിൽ നിന്നെത്തിയ 136 പേർക്കും രോഗം സ്ഥിരീകരിച്ചു. കേരളത്തിന് പുറത്തു നിന്ന് ഇതുവരെ 4,99,529 പേരാണ് വന്നത്. ഇതിൽ 3,14,094 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും 1,85,435 പേർ വിദേശത്തു നിന്നുമാണെത്തിയത്. 3,40, 996 പുരുഷൻമാരും 1,58,417 വനിതകളുമാണ് വന്നത്.

ആഭ്യന്തര യാത്രക്കാരിൽ 64.35 ശതമാനം പേർ റെഡ്സോൺ ജില്ലകളിൽ നിന്നാണ് എത്തിയത്. ഇതിൽ ഭൂരിഭാഗവും റോഡ് മാർഗമാണ് വന്നത്. മലപ്പുറം ജില്ലയിലാണ് കൂടുതൽ പേർ എത്തിയിരിക്കുന്നത്, 51,707 (16.46 ശതമാനം). കണ്ണൂരിൽ 49,653 പേരും എറണാകുളത്ത് 47,990 പേരും എത്തി. ഏറ്റവും കുറവ് ആളുകൾ എത്തിയത് വയനാടാണ്, 12,652.

തമിഴ്‌നാട്ടിൽ നിന്നാണ് കേരളത്തിലേക്ക് കൂടുതൽ പേർ വന്നത്. 97,570 പേർ എത്തി. കർണാടകയിൽ നിന്ന് 88,031 പേരും മഹാരാഷ്ട്രയിൽ നിന്ന് 47,970 പേരും വന്നു. അന്താരാഷ്ട്ര യാത്രക്കാരിൽ യുഎഇയിൽ നിന്നാണ് കൂടുതൽ പേർ വന്നത്, 89,749 പേർ. സൗദി അറേബ്യയിൽ നിന്ന് 25,132 പേരും ഖത്തറിൽ നിന്ന് 20, 285 പേരും മടങ്ങിയെത്തി.