ഷാജി ഇടപ്പള്ളി

കൊച്ചി

August 09, 2020, 9:51 pm

കോവിഡിനോട് അകലമിട്ട് ലക്ഷദ്വീപ്; വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നതിന് ഇപ്പോഴും ആശുപത്രികൾ ഇല്ല

Janayugom Online

ഷാജി ഇടപ്പള്ളി

രാജ്യത്താകമാനം കോവിഡ് പടർന്നുപിടിച്ചതിനെ തുടർന്ന് അതിശക്തമായ പ്രതിരോധ പ്രവർത്തനവും ചികിത്സാ സൗകര്യങ്ങളും ഒരുക്കി മുന്നോട്ടുപോകുമ്പോൾ കോവിഡിനോട് അകലമിട്ട് ജാഗ്രതയോടെ ലക്ഷദ്വീപ് നിവാസികൾ. ചൈനയിലെ വുഹാനിൽ നിന്നും തൃശൂരിലെത്തിയ വിദ്യാർത്ഥിക്കാണ് ജനുവരി 30 ന് ഇന്ത്യയിൽ ആദ്യത്തെ കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. അതിന് ശേഷമാണ് വിവിധ സംസ്ഥാനങ്ങളിൽ മഹാമാരി റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇപ്പോൾ ആറുമാസം പിന്നിട്ടിട്ടും കോവിഡ് ബാധിക്കാതെ പിടിച്ചുനിൽക്കുന്ന ചെറുദ്വീപുകൾ ചേർന്ന കേന്ദ്ര ഭരണ പ്രദേശമാണ് ലക്ഷദ്വീപ്.

ജീവിതത്തിൽ പ്രധാനപ്പെട്ട ചികിത്സ, വിദ്യാഭ്യാസം, ഭക്ഷ്യ സാധന സാമഗ്രികൾ, തുണിത്തരങ്ങൾ ഉൾപ്പെടെ വിവിധ ആവശ്യങ്ങൾക്കായി ലക്ഷദീപ് നിവാസികൾ ആശ്രയിക്കുന്നത് പ്രധാനമായും കേരളത്തെയാണ്. അതുകൊണ്ടു തന്നെ കടുത്ത ജാഗ്രതയാണ് കോവിഡ് കാലഘട്ടത്തിൽ ഈ ദ്വീപ് മേഖലകളിൽ അധികൃതരും ജനങ്ങളും കൈകൊണ്ടിട്ടുള്ളത്.

കപ്പൽ സർവീസാണ് ഇപ്പോൾ കൊച്ചിയിൽ നിന്നും ലക്ഷദ്വീപിലേക്കുള്ളത്. വിമാന സർവീസ് പുനഃരാരംഭിച്ചിട്ടില്ല. ദ്വീപിലേക്ക് പോകുന്നതിന് മുൻപായി കൊച്ചിയിലുള്ള ദ്വീപിന്റെ ക്വാറന്റൈൻ കേന്ദ്രത്തിൽ രണ്ടാഴ്ച നിരീക്ഷണത്തിലും തുടർന്ന് കോവിഡ് പരിശോധനയിൽ നെഗറ്റീവ് ആയവർക്ക് മാത്രമേ യാത്രാനുമതി ലഭിക്കുകയുള്ളു. അതിന് ശേഷം യാത്ര കഴിഞ്ഞാൽ ദ്വീപിൽ രണ്ടാഴ്ചയും നിരീക്ഷണത്തിലിരിക്കണമെന്ന വ്യവസ്ഥയുമുണ്ട്. ഇത്തരത്തിൽ നിരീക്ഷണത്തിൽ കഴിഞ്ഞതിന് ശേഷമാണ് വിവിധ ആവശ്യങ്ങൾക്കായി ലക്ഷദ്വീപിൽ നിന്നും പുറത്തുപോയിട്ടുള്ളവർ കേരളത്തിൽ നിന്നും മടങ്ങുന്നത്. അതുപോലെ തന്നെയാണ് ലക്ഷദ്വീപിൽ നിന്നും കേരളത്തിലെത്തിയാലും ക്വാറന്റൈൻ നിർബന്ധമാണ്. കോവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി കേന്ദ്ര സർക്കാർ നിർദ്ദേശിച്ചിട്ടുള്ള എല്ലാ നിയന്ത്രണങ്ങളും ഇവിടെ തുടരുന്നുണ്ട്. കടലിനാൽ ചുറ്റപ്പെട്ട 36 ദ്വീപിൽ 11 ദ്വീപുകളിൽ മാത്രമാണ് ജനവാസമുള്ളത്.

കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി വിനോദ സഞ്ചാരികൾക്കുള്ള പ്രവേശനവും നിർത്തിവച്ചിരിക്കയാണ്. ദ്വീപ് നിവാസികൾക്ക് ആധുനിക വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നതിനുള്ള ഒരു ആശുപത്രിയുടെ പോരായ്മ പരിഹരിക്കണമെന്ന് സിപിഐ ലക്ഷദ്വീപ് സംസ്ഥാന ഘടകം വർഷങ്ങളായി ആവശ്യപ്പെടുന്നതാണ്. പ്രധാന ചികിത്സകൾക്കെല്ലാം ദ്വീപ് നിവാസികൾക്ക് കേരളത്തെയാണ് ആശ്രയിക്കേണ്ടി വരുന്നത്. അടിയന്തര സാഹചര്യങ്ങളിൽ ഹെലികോപ്റ്റർ ആംബുലൻസ് സേവനമാണ് ഉള്ളത്. ഇത് രാത്രി കാലങ്ങളിൽ ലഭ്യവുമല്ല. അതിനാൽ വളരെയേറെ ദുരിതമാണ് ദ്വീപ് നിവാസികൾ നേരിടുന്നത്. ആശുപത്രി സ്ഥാപിക്കണമെന്ന ആവശ്യത്തിന് ഇതുവരെ നടപടി ആയിട്ടില്ലെന്ന് സിപിഐ സെക്രട്ടറി സി ടി നജ്മുദീൻ പറഞ്ഞു.

Eng­lish sum­ma­ry: covid updates from lakshadweep

You may also like this video: