Web Desk

ന്യൂഡല്‍ഹി:

January 16, 2021, 8:25 am

കോവിഡ് വാക്‌സിനേഷന് ഇന്ന് തുടക്കം; രാജ്യമൊട്ടാകെ 3,006 ബൂത്തുകള്‍

Janayugom Online

രാജ്യത്ത് കോവിഡ് വാക്‌സിനേഷന് ഇന്ന് തുടക്കം. ഓക്സ്ഫഡ്-അസ്ട്രസെനകയുടെ കോവിഷീല്‍ഡ്, ഐസിഎംആർ‑ഭാരത് ബയോടെക് വികസിപ്പിച്ച കോവാക്‌സിന്‍ എന്നിവയാണ് രാജ്യത്ത് വിതരണം ചെയ്തുതുടങ്ങുക. ലോകത്തെ ഏറ്റവും വലിയ കോവിഡ് വാക്‌സിനേഷന്‍ പ്രക്രിയ ഓണ്‍ലൈനിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോഡി ഉദ്ഘാടനം ചെയ്യും. വാക്‌സിന്‍ രജിസ്‌ട്രേഷനായുള്ള കോ-വിന്‍ ആപ്പും പ്രധാനമന്ത്രി ഔദ്യോഗികമായി പുറത്തിറക്കും. മൂന്ന് കോടിയോളം വരുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് മുന്നണി പോരാളികള്‍ക്കുമാണ് ആദ്യ ഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുന്നത്. രണ്ടാം ഘട്ടത്തില്‍ 50 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്കും രോഗവ്യാപനസാധ്യത ഏറിയ 50 വയസ്സില്‍ താഴെ പ്രായമുള്ളവര്‍ക്കും നല്‍കും.

പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടാണ് കോവിഷീല്‍ഡ് വാക്സിൻ ഇന്ത്യയിൽ നിർമ്മിക്കുന്നത്. 1.65 കോടി കോവിഷീല്‍ഡ്, കോവാക്‌സിന്‍ ഡോസുകളാണ് നിലവില്‍ ലഭ്യമായിട്ടുള്ളത്. ഇതില്‍ 56 ലക്ഷം ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍ രാജ്യത്ത് വിതരണം ചെയ്തുകഴിഞ്ഞു. സ്വീകർത്താവിന് വാക്സിൻ തെരഞ്ഞെടുക്കാൻ കഴിയില്ലെന്ന് ആരോഗ്യമന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. വാക്സിനേഷനുമായി ബന്ധപ്പെട്ട് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് സമഗ്രമായ മാര്‍ഗരേഖ അയച്ചിട്ടുണ്ട്. രാജ്യമൊട്ടാകെ 3,006 വാക്സിനേഷന്‍ ബൂത്തുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. കേരളത്തിൽ ആകെ 133 കേന്ദ്രങ്ങളിലാണ് വാക്സിനേഷൻ നടക്കുന്നത്. എറണാകുളം ജില്ലയിൽ 12 കേന്ദ്രങ്ങളും തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിൽ 11 കേന്ദ്രങ്ങൾ വീതവും ഉണ്ടാകും. ബാക്കി ജില്ലകളിൽ ഒന്‍പത് കേന്ദ്രങ്ങൾ വീതമാണ് സജ്ജീകരിച്ചിട്ടുള്ളത്.

പ്രധാന നിര്‍ദ്ദേശങ്ങള്‍

  •  വാക്‌സിന്‍ പതിനെട്ടു വയസ്സിനു മുകളിലുള്ളവര്‍ക്ക് മാത്രം 
  • ആദ്യ ഡോസ് നല്‍കി 14 ദിവസത്തിനു ശേഷം
  • രണ്ടാമത്തെ ഡോസ്  ഏത് വാക്‌സിന്റെ ഡോസ് ആണോ ആദ്യം നല്‍കിയത്, ആ വാക്‌സിന്‍ മാത്രമേ രണ്ടാമത്തെ ഡോസ് ആയും നല്‍കാവൂ
  • ഗുരുതരമായ അലര്‍ജി പ്രശ്‌നങ്ങള്‍ ഉള്ളവര്‍, ഗര്‍ഭിണികള്‍, ഗര്‍ഭിണിയാണോ എന്ന് സ്ഥിരീകരിക്കാത്തവര്‍, മുലയൂട്ടുന്ന അമ്മമാര്‍ തുടങ്ങിയവരില്‍ വാക്‌സിന്‍ ദോഷഫലങ്ങള്‍ ഉണ്ടാക്കിയേക്കാം  താല്കാലികമായ പ്രത്യാഘാതങ്ങള്‍ പ്രത്യക്ഷപ്പെടുന്നവര്‍: ഇവര്‍ക്ക് അസ്വസ്ഥതകള്‍ പൂര്‍ണമായും മാറിയ ശേഷം നാലു മുതല്‍ എട്ടാഴ്ചയ്ക്കുള്ളിലേ രണ്ടാമത്തെ ഡോസ് നല്‍കാവൂ 
  • അമിത രക്തസ്രാവമോ രക്തം കട്ടപിടിക്കുന്നതുമായി ബന്ധപ്പെട്ട തകരാറുകള്‍ ഉള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം 
  • മുന്‍പ് സാര്‍സ് കോവ്-2 ബാധയുണ്ടായവര്‍, ഗുരുതര അസുഖങ്ങളുള്ളവര്‍, പ്രതിരോധശക്തി കുറഞ്ഞവര്‍, എച്ച്ഐവി ബാധിതര്‍ തുടങ്ങിയവര്‍ക്കും വാക്‌സിന്‍ നല്‍കാം

ENGLISH SUMMARY: covid vac­ci­na­tion from today

YOU MAY ALSO LIKE THIS VIDEO