Web Desk

ന്യൂഡൽഹി

December 12, 2020, 11:25 pm

കോവിഡ് വാക്സിനേഷന്‍ മാര്‍ഗരേഖ പുറത്തിറക്കി

Janayugom Online

കോവിഡ് വാക്സിനേഷന്‍ നല്‍കുന്നത് സംബന്ധിച്ച് പുറത്തിറക്കിയ കരട് മാർഗരേഖ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങൾക്ക് കൈമാറി. വാക്സിൻ കേന്ദ്രങ്ങളുടെ സജ്ജീകരണങ്ങളെക്കുറിച്ചും പ്രവ­ർത്തനങ്ങളെക്കുറിച്ചും വ്യക്തമാക്കുന്നതാണ് മാർ​ഗരേഖ. ഒരു കേന്ദ്രത്തിൽ ഒരു ദിവസം 100 പേർക്ക് മാത്രമായിരിക്കണം വാക്സിൻ നൽകേണ്ടത്. സാഹചര്യങ്ങള്‍ അനുസരിച്ച് ഇത് 200 വരെ ആകാം. ആരോഗ്യപ്രവർത്തകർ ഉൾപ്പെടെ അഞ്ചുപേരാണ് ഓരോ കേന്ദ്രത്തിലും വാക്സിന്‍ വിതരണത്തിന് നേതൃത്വം നല്‍കുക. ഇതിനായി കമ്മ്യൂണിറ്റി ഹാളുകളും താല്ക്കാലിക ടെന്റുകളും സജ്ജീകരിക്കും.

ഈ കേന്ദ്രങ്ങള്‍ എങ്ങനെ സജ്ജീകരിക്കണമെന്ന നിര്‍ദ്ദേശവും മാര്‍ഗരേഖയിലുണ്ട്. മൂന്നു മുറികളിലായിട്ടാണ് വാക്സിൻ കേന്ദ്രം ഒരുക്കേണ്ടത്. ആദ്യമുറി വാക്സിൻ സ്വീകരിക്കാൻ വരുന്നവർക്കുളള കാത്തിരിപ്പുകേന്ദ്രമാണ്. ഇവിടെ സാമൂഹിക അകലം പാലിക്കുന്നതിനുളള സജ്ജീകരണങ്ങൾ ക്രമീകരിക്കണം. രണ്ടാമത്തെ മുറിയിലായിരിക്കും കുത്തിവെപ്പ്. ഒരുസമയം ഒരാളെ മാത്രമേ കുത്തിവെക്കുകയുളളൂ. തുടർന്ന് വാക്സിൻ സ്വീകരിച്ചയാളെ മൂന്നാമത്തെ മുറിയിലേക്ക് എത്തിച്ച് അരമണിക്കൂറോളം നിരീക്ഷിക്കും. അരമണിക്കൂറിനുളളിൽ രോഗലക്ഷണങ്ങളോ, പാർശ്വഫലങ്ങളോ കാണിക്കുകയാണെങ്കിൽ അവരെ ആശുപത്രിയിലേക്ക് മാറ്റും. ഇതിനായി ആശുപത്രികളുടെ പട്ടിക തയ്യാറാക്കാൻ മാർഗനിർദ്ദേശത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര മാര്‍ഗ്ഗ രേഖയുടെ അടിസ്ഥാനത്തിലാവും സംസ്ഥാന സര്‍ക്കാരുകള്‍ ക്രമീകരണങ്ങള്‍ നടത്തുക.

Eng­lish Sum­ma­ry: Covid vacci­na­tion guide­line is released

You may like this video also