28 March 2024, Thursday

Related news

March 28, 2024
March 28, 2024
March 26, 2024
March 21, 2024
March 20, 2024
March 20, 2024
March 19, 2024
March 14, 2024
March 14, 2024
March 14, 2024

സമ്പൂര്‍ണ വാക്സിനേഷന്‍; ലക്ഷ്യം വിദൂരം

Janayugom Webdesk
ന്യൂഡ‍ല്‍ഹി
October 22, 2021 10:15 pm

രാജ്യത്ത് നൂറുകോടി ഡോസ് വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയതിന്റെ പേരില്‍ ആഘോഷങ്ങള്‍ പൊടിപൊടിക്കുമ്പോഴും സമ്പൂര്‍ണ വാക്സിനേഷന്‍ എന്ന ലക്ഷ്യം വിദൂരം. 18 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് എല്ലാം വാക്സിൻ നൽകണമെങ്കിൽ ഇനിയും 88 കോടി കുത്തിവയ്പുകള്‍ വേണ്ടിവരും. പ്രതിദിന കുത്തിവയ്പ്‌ ഒന്നേകാല്‍ കോടിയായി ഉയര്‍ത്തിയാല്‍ മാത്രമേ ഈ വര്‍ഷം ലക്ഷ്യം കൈവരിക്കാനാകൂ. ഒക്ടോബര്‍ മാസത്തിലെ ആദ്യ 20 ദിവസങ്ങളിലെ ശരാശരി വാക്സിനേഷന്‍ 46.68 ലക്ഷം ഡോസ് മാത്രമാണ്. വാക്സിനേഷന്റെ ഇതുവരെയുള്ള പ്രതിദിന ശരാശരിയാകട്ടെ 36 ലക്ഷവുമാണ്. അതേസമയം കുട്ടികള്‍ക്കുള്ള രണ്ടു ഡോസ് വാക്സിന്റെ കണക്കുകൂടി ചേര്‍ത്താല്‍ ആവശ്യമായിവരുന്ന കുത്തിവയ്പുകളുടെ എണ്ണം ഇനിയും ഉയരും.

സംസ്ഥാനങ്ങളുടെ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ സുപ്രീം കോടതി നടത്തിയ ഇടപെടലിനെത്തുടര്‍ന്നാണ് 18വയസിന് മുകളിലുള്ള എല്ലാവര്‍ക്കും സൗജന്യ വാക്സിന്‍ ലഭ്യമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായത്. ഡിസംബര്‍ 31 ന് മുമ്പായി സമ്പൂര്‍ണ വാക്സിനേഷന്‍ എന്നതായിരുന്നു പ്രഖ്യാപനം. എന്നാല്‍ വാക്സിന്‍ ക്ഷാമം വന്‍ തിരിച്ചടിയായി മാറി. ഇപ്പോഴും സംസ്ഥാനങ്ങളുടെ ആവശ്യമനുസരിച്ച് വാക്സിന്‍ ലഭ്യമാക്കാന്‍ കേന്ദ്രസര്‍ക്കാരിന് സാധിക്കുന്നില്ല.

രാജ്യത്ത് അര്‍ഹരായ 94.4 കോടി പേരില്‍ 23 കോടി പേര്‍ക്ക് ഒരു ഡോസ് വാക്സിന്‍ പോലും ലഭിച്ചിട്ടില്ല. 31 ശതമാനം പേര്‍ രണ്ട് ഡോസ് വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക്. എന്നാല്‍ മുന്‍ഗണനാ അടിസ്ഥാനത്തില്‍ വാക്സിന്‍ നല്‍കിയ ആരോഗ്യ പ്രവര്‍ത്തകരില്‍ 15 ശതമാനം പേര്‍ക്ക് ഇതുവരെ രണ്ടാം ഡോസ് ലഭിച്ചിട്ടില്ല. 60 വയസിന് മുകളിലുള്ളവരില്‍ 20 ശതമാനം പേര്‍ക്ക് ഒരു ഡോസ് പോലും ലഭിക്കാത്ത സാഹചര്യവുമുണ്ട്. ഇവരില്‍ 10.60 കോടി പേര്‍ക്ക് ഒരു ഡോസ് വാക്സിന്‍ മാത്രമാണ് ലഭിച്ചിരിക്കുന്നത്. വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയവര്‍ 6.20 കോടി പേരാണ്. വാക്സിന്‍ ക്ഷാമത്തിന്റെ പേരില്‍ രണ്ട് ഡോസുകള്‍ തമ്മിലുള്ള ഇടവേള ഉയര്‍ത്തിയതും ഡിസംബറില്‍ ലക്ഷ്യംകാണുന്നതിന് തടസ്സമാകും. ഡബ്ല്യുഎച്ച്ഒയുടെ മാര്‍ഗനിര്‍ദ്ദേശ പ്രകാരം കോവിഷീല്‍ഡ് വാക്സിന്റെ ഇടവേള എട്ട് മുതല്‍ 12 ആഴ്ചകളായിരിക്കെ ഇന്ത്യയില്‍ മാത്രം ഇത് 12 മുതല്‍ 16 ആഴ്ചകളാണ്. ഈ സമയപരിധി പ്രകാരം 20 കോടി പേര്‍ക്ക് രണ്ടാം ഡോസ് വാക്സിന്‍ ലഭിക്കാന്‍ 2022 ജനുവരി പിന്നിടേണ്ടതായി വരും.

88 ശതമാനം കോവിഷീല്‍ഡ്

പൂനെയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മ്മിച്ച ഓക്സ്ഫഡ് അസ്ട്രസെനക വികസിപ്പിച്ച കോവിഷീല്‍ഡ് വാക്സിനാണ് രാജ്യത്ത് 88.40 ശതമാനവും നല്‍കിയിരിക്കുന്നത്. വാക്സിനേഷന്‍ സംബന്ധിച്ച് ആത്മനിർഭർഭാരതുമായി ബന്ധപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോഡി ഉയര്‍ത്തുന്ന അവകാശവാദങ്ങള്‍ അര്‍ത്ഥശൂന്യമാണെന്നും ഈ കണക്കുകള്‍ തെളിയിക്കുന്നു.
884 ദശലക്ഷം ഡോസ് കോവിഷീല്‍ഡ് ഡോസുകള്‍ വിതരണം ചെയ്തു. ഭാരത് ബയോടെകും ഇന്ത്യന്‍ മെഡിക്കല്‍ റിസര്‍ച്ച് കൗണ്‍സിലും ചേര്‍ന്ന് വികസിപ്പിച്ച കോവാക്സിന്‍ ഇതുവരെ 115 ദശലക്ഷം ഡോസുകളാണ് നല്‍കിയിരിക്കുന്നത്. കോവാക്സിന്‍ ഒരു യുഎസ് കമ്പനിയുടെ സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയാണ് വികസിപ്പിച്ചിട്ടുള്ളത്. റഷ്യയുടെ സ്പുട്നിക് വാക്സിന്‍ ഒരു ദശലക്ഷം ഡോസുകളും രാജ്യത്ത് വിതരണം ചെയ്തിട്ടുണ്ട്.

ENGLISH SUMMARY:COVID VACCINATION INDIA NEW UPDATES
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.