Web Desk

തിരുവനന്തപുരം

July 06, 2021, 2:58 pm

വാക്‌സിനേഷന്‍; കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് മുന്‍ഗണന നല്‍കാന്‍ ഉത്തരവ്

Janayugom Online

സംസ്ഥാനത്ത് കോളേജ് വിദ്യാര്‍ഥികള്‍ക്ക് കോവിഡ് വാക്സിനേഷന് മുന്‍ഗണന. 18 വയസ്സ് മുതല്‍ 23 വയസ്സ് വരെ പ്രായമുള്ള വിദ്യാര്‍ഥികള്‍ക്ക് വാക്സിന് മുന്‍ഗണന നല്‍കാന്‍ നിര്‍ദേശിച്ച് ആരോഗ്യവകുപ്പിന്റെ ഉത്തരവ് പുറത്തിറങ്ങി.  വിദേശത്ത് പഠിക്കാന്‍ പോകുന്ന കോളേജ് വിദ്യാര്‍ഥികള്‍ക്ക് ഉള്‍പ്പെടെ ഈ മുന്‍ഗണന ലഭിക്കും. കോളേജ് വിദ്യാര്‍ഥികള്‍ക്ക് വാക്സിന്‍ മുന്‍ഗണന അടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കി ക്ലാസ്സുകള്‍ ആരംഭിക്കുന്നത് ആലോചിക്കുമെന്ന് മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള അതിഥി തൊഴിലാളികള്‍ക്കും സ്വകാര്യ ബസ് ജീവനക്കാര്‍ക്കും മാനസിക വൈകല്യമുള്ളവര്‍ക്കും സെക്രട്ടേറിയറ്റിലെയും നിയമസഭയിലെയും ജീവനക്കാര്‍ക്കും മുന്‍ഗണന നല്‍കുമെന്ന് സര്‍ക്കാര്‍ ഉത്തരവ് വ്യക്തമാക്കുന്നു.

നേരത്തെ 56 വിഭാഗങ്ങള്‍ക്ക് കോവിഡ് വാക്സിനേഷന് മുന്‍ഗണന നല്‍കിയിരുന്നു. ഇതിന് പുറമേയാണ് പുതിയ മുന്‍ഗണനാ വിഭാഗങ്ങളെ കൂടി ഉള്‍ക്കൊള്ളിച്ച് ഉത്തരവ് പുറത്തിറങ്ങിയിരിക്കുന്നത്.

അതേസമയം,  തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ ടിപിആര്‍ നിയന്ത്രിക്കാന്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. ഈ ജില്ലകളെല്ലാം ടെസ്റ്റിംഗ് ടാര്‍ജറ്റ് കൈവരിച്ചിട്ടുണ്ട്. എങ്കിലും രോഗ വ്യാപന സാധ്യതയുള്ള സ്ഥലങ്ങളില്‍ പരിശോധനകള്‍ പരമാവധി കൂട്ടണം. ക്വാറന്റൈനും കോണ്ടാക്ട് ട്രെയ്‌സിംഗും ശക്തമാക്കണം. വീട്ടില്‍ സൗകര്യമില്ലാത്തവരെ ഡിസിസികളിലേക്ക് മാറ്റേണ്ടതാണ്. ഡിസിസികളും സിഎഫ്എല്‍ടിസികളും ശക്തിപ്പെടുത്തണം. അനുബന്ധ രോഗമുള്ളവരെ കോവിഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കണം. ഇതോടൊപ്പം അവബോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജിതമാക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി.

മൂന്നാം തരംഗം മുന്നില്‍ കണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തേണ്ടതാണ്. ഇതു സംബന്ധിച്ച പ്രവര്‍ത്തനങ്ങളും യോഗം വിലയിരുത്തി. പരമാവധി ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കി പ്രതിരോധം തീര്‍ക്കണം. ഇതിനായി വാക്‌സിനേഷന്‍ പ്രക്രിയ ശക്തിപ്പെടുത്താനും മന്ത്രി നിര്‍ദേശം നല്‍കി.

You may also like this video: