Web Desk

ന്യൂഡൽഹി

January 03, 2021, 10:32 pm

വെരിഫിക്കേഷൻ, കുത്തിവയ്പ്പ്, നിരീക്ഷണം കോവിഡ് വാക്സിനേഷൻ രൂപരേഖ തയ്യാർ

Janayugom Online

ലോകത്തെ ഏറ്റവും വലിയ വാക്സിനേഷൻ പദ്ധതികളിലൊന്നിന് രൂപരേഖ തയ്യാറായി. കോവിഷീൽഡ്, കോവാക്സിൻ എന്നിവയ്ക്ക് ഡിസിജിഐയുടെ അടിയന്തര ഉപയോഗാനുമതി ലഭിച്ചതോടെ രാജ്യത്ത് എല്ലായിടത്തും വാക്സിന്‍ എത്തിക്കാനുള്ള നീക്കങ്ങൾ കേന്ദ്ര സര്‍ക്കാർ ആരംഭിച്ചിട്ടുണ്ട്. വെരിഫിക്കേഷൻ, കുത്തിവയ്പ്പ്, നിരീക്ഷണം എന്നിവയാണ് വാക്സിനേഷൻ പദ്ധതിയുടെ പ്രധാന ഘടകങ്ങൾ. വെരിഫിക്കേഷനായി കോ-വിൻ എന്ന മൊബൈൽ ആപ്പാണ് പ്രയോജനപ്പെടുത്തുക. ആദ്യം കോവിഡ് വാക്സിൻ ലഭിക്കേണ്ടവരുടെ മുൻഗണനാ പട്ടികയും തയ്യാറായിട്ടുണ്ട്.

ആറ് ലക്ഷത്തിലേറെ ഗ്രാമങ്ങളുള്ള ഇന്ത്യയില്‍ എല്ലായിടത്തും വാക്‌സിന്‍ വേഗത്തില്‍ എത്തിക്കുക കനത്ത വെല്ലുവിളിയായി മാറിയിട്ടുണ്ട്. വാക്സിന്‍ വേഗത്തില്‍ വിതരണം ചെയ്യാന്‍ വ്യോമസേനയുടെയും റയില്‍വേയുടെയും സഹകരണം പ്രയോജനപ്പെടുത്താനാണ് കേന്ദ്രസർക്കാരിന്റെ തീരുമാനം. കേന്ദ്രം ആവശ്യപ്പെടുന്നതിനനുസരിച്ച്‌ ഉപയോഗിക്കാന്‍ നൂറിലേറെ വിമാനങ്ങളും ഹെലികോപ്ടറുകളും ഇന്ത്യന്‍ വ്യോമസേന സജ്ജമാക്കിയിട്ടുണ്ട്. വാക്‌സിന്‍ സൂക്ഷിക്കാന്‍ രാജ്യത്ത് 28,947 ശീതീകരണ കേന്ദ്രങ്ങള്‍ ഒരുക്കിയിട്ടുണ്ട്. മരുന്ന് കമ്പനികളില്‍ നിന്ന് വാക്സിന്‍ ഈ കോള്‍ഡ് സ്റ്റോറേജ് കേന്ദ്രങ്ങളില്‍ എത്തിക്കുന്നത് സി-17 ഗ്ലോബ് മാസ്റ്റര്‍, സി-130 ജെ സൂപ്പര്‍ ഹെര്‍ക്കുലിസ്, ഐഎല്‍ 76 ഇനങ്ങളിലുള്ള വലിയ ചരക്കുവിമാനങ്ങളില്‍ ആയിരിക്കും.

ഇവിടങ്ങളില്‍ നിന്ന് വാക്സിന്‍ ചെറിയ കേന്ദ്രങ്ങളില്‍ എത്തിക്കാന്‍ എഎൻ 32, ഡോര്‍ണിയര്‍ ലഘുവിമാനങ്ങളും എഎൽഎച്ച്‌, ചീറ്റ, ചിനൂക്ക് ഹെലികോപ്ടറുകളും ഉപയോഗിക്കും. 2018ല്‍ റൂബെല്ല, മീസല്‍സ് വാക്‌സിനുകള്‍ രാജ്യത്തെ വിദൂര സ്ഥലങ്ങളില്‍ എത്തിക്കാന്‍ വ്യോമസേനാ വിമാനങ്ങള്‍ ഉപയോഗിച്ചിരുന്നു. അതേസമയം രാജ്യത്തെ ട്രെയിനുകളിലെ ശീതീകരണ സംവിധാനം ഫലപ്രദമായി ആധുനികവത്കരിക്കാനുള്ള നീക്കങ്ങളും ആരംഭിച്ചിട്ടുണ്ട്. ഇ കൊമേഴ്സ് ഡെലിവറി സംവിധാനങ്ങള്‍ വാക്സിന്‍ വിതരണത്തിന് ഉപയോഗിക്കാനുള്ള പദ്ധതിയും കേന്ദ്രത്തിന്റെ പരിഗണനയിലുണ്ട്.

അഞ്ചംഗ സംഘം

അഞ്ച് പേരടങ്ങുന്നതായിരിക്കും വാക്സിനേഷൻ ടീം. ഡോക്ടർ, നഴ്സു്, ഫാർമസിസ്റ്റ് തുടങ്ങി നിയമപ്രകാരം കുത്തിവയ്പ്പെടുക്കാൻ അംഗീകരിച്ചിട്ടുള്ള ഒരാളായിരിക്കും വാക്സിനേഷൻ ഓഫീസർ. പൊലീസ്, ഹോം ഗാർഡ് അല്ലെങ്കിൽ എൻസിസി എന്നിങ്ങനെ വിവിധ സേനാവിഭാഗങ്ങളിൽ നിന്നുള്ള ഒരാൾക്കായിരിക്കും വെരിഫിക്കേഷന്റെ ചുമതല. മൂന്നാമത്തെ അംഗമായ രണ്ടാം വാക്സിനേഷൻ ഓഫിസർ വെരിഫിക്കേഷനും സഹായിക്കും. വാക്സിനേഷന് സഹായവുമായി രണ്ടു പേരെക്കുടി സംഘത്തിൽ നിയോഗിക്കും.

ENGLISH SUMMARY:Covid vac­ci­na­tion out­line ready
You may also like this video