Web Desk

ന്യുഡല്‍ഹി

January 11, 2021, 7:37 pm

കോവിഡ് വാക്‌സിനേഷന്‍; ആദ്യ ഘട്ടത്തിലെ മുഴുവൻ ചെലവും കേന്ദ്രം വഹിക്കുമെന്ന് പ്രധാനമന്ത്രി

Janayugom Online

കോവിഡ് വാക്‌സിനേഷന്റെ ആദ്യ ഘട്ടത്തിലെ മുഴുവൻ ചെലവും കേന്ദ്ര സര്‍ക്കാര്‍ വഹിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി.മുഖ്യമന്ത്രിമാരുടെ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.കോവിഡ് വാക്‌സിനുകള്‍ നിര്‍മ്മാതാക്കളില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ വാങ്ങി നല്‍കും. ശനിയാഴ്ച മുതൽ വാക്സീൻ നൽകി തുടങ്ങും. അൻപത് വയസിന് മുകളിലുള്ളവർക്ക് രണ്ടാം ഘട്ടം വാക്സിൻ നൽകും. മൂന്ന് കോടി മുന്നണി പോരാളികൾക്ക് ആദ്യഘട്ടം വാക്സീൻ നൽകുമെന്നും നിലവില്‍ രാജ്യം അനുമതി നല്‍കിയ രണ്ട് വാക്‌സിനുകളും സുരക്ഷിതവും വില കുറഞ്ഞതുമാണ് അദ്ദേഹം പറഞ്ഞു. 

കോവിഡ് വാക്‌സിനേഷന്‍ നല്‍കുന്നതിനുള്ള തീയതി പ്രഖ്യാപിച്ചതോടെ സംസ്ഥാനത്തെ 133 കേന്ദ്രങ്ങളുടെ പട്ടിക അതിവേഗത്തില്‍ തയ്യാറാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. എറണാകുളം ജില്ലയില്‍ 12 കേന്ദ്രങ്ങളാണുള്ളത്. തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ 11 കേന്ദ്രങ്ങള്‍ വീതം ഉണ്ടാകും. ബാക്കി ജില്ലകളില്‍ 9 കേന്ദ്രങ്ങള്‍ വീതമാണ് ഉണ്ടാകുക. സര്‍ക്കാര്‍ മേഖലയിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരെയുള്ള വിവിധ ആശുപത്രികളേയും ആയുഷ് മേഖലയേയും സ്വകാര്യ ആശുപത്രികളേയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 133 കേന്ദ്രങ്ങളിലും കോവിഡ് വാക്‌സിനേഷനായി വിപുലമായ സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തുന്നത്. എല്ലാ കേന്ദ്രങ്ങളിലും വെബ്കാസ്റ്റിംഗ് ഏര്‍പ്പെടുത്തും. ഇതുകൂടാതെ എറണാകുളം ജില്ലാ ആശുപത്രി, പാറശാല താലൂക്ക് ആശുപത്രി എന്നിവിടങ്ങളില്‍ ലോഞ്ചിംഗ് ദിനത്തില്‍ ടൂവേ കമ്മ്യൂണിക്കേഷന്‍ സംവിധാനങ്ങളും ഏര്‍പ്പെടുത്തും. എല്ലാ കേന്ദ്രങ്ങളും എത്രയും വേഗം സജ്ജമാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

കോവിഡ് വാക്‌സിന്‍ എത്തുന്ന മുറയ്ക്ക് അത് കൃത്യമായി വിതരണം ചെയ്യുന്നതിന് കര്‍മ്മ കര്‍മ്മ പദ്ധതി ആരോഗ്യ വകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. ഒരു കേന്ദ്രത്തില്‍ ഒരു ദിവസം 100 പേര്‍ക്ക് വാക്‌സിന്‍ നല്‍കുന്ന സജ്ജീകരണങ്ങളാണ് ഒരുക്കുന്നത്. ഓരോ കേന്ദ്രത്തിലും വെയിറ്റിംഗ് ഏരിയ, വാക്‌സിനേഷന്‍ റൂം, ഒബ്‌സര്‍വേഷന്‍ റൂം എന്നിവയുണ്ടാകും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും കേന്ദ്രങ്ങള്‍ സജ്ജമാക്കുക. ജീവനക്കാരുടെ ലഭ്യതയും ഉറപ്പ് വരുത്തിയിട്ടുണ്ട്. കോവിഡ് വാക്‌സിനേഷനായി ഇതുവരെ 3,59,549 പേരാണ് രജിസ്റ്റര്‍ ചെയ്തത്. സര്‍ക്കാര്‍ മേഖലയിലെ 1,69,150 പേരും സ്വകാര്യ മേഖലയിലെ 1,90,399 പേരുമാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

Eng­lish sum­ma­ry: covid vac­ci­na­tion Updates 

You may also like this video: