Web Desk

ന്യൂഡൽഹി

October 23, 2020, 10:27 pm

കോവിഡ് വാക്സിൻ: മുൻഗണനയിൽ 30 കോടിപ്പേർ

Janayugom Online

രാജ്യത്ത് ആദ്യഘട്ടത്തിൽ കോവിഡ് പ്രതിരോധ വാക്സിൻ നൽകാനുള്ള 30 കോടി മുൻഗണനാ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി റിപ്പോർട്ട്.

കേന്ദ്ര സർക്കാർ നേരിട്ട് സംഭരിക്കുന്ന വാക്സിൻ സംസ്ഥാന‑ജില്ലാ ശൃംഖലകളിലൂടെയാണ് മുൻഗണനാ വിഭാഗങ്ങൾക്ക് എത്തിക്കുക. വാക്സിൻ വിതരണം സൗജന്യമായിരിക്കും. അതേസമയം വാക്സിൻ ലഭ്യമാക്കുന്നതിനായി സംസ്ഥാനങ്ങൾ മറ്റ് മാർഗങ്ങൾ തേടരുതെന്നും കേന്ദ്രം നിഷ്കർഷിച്ചിട്ടുണ്ട്.

സംസ്ഥാന- കേന്ദ്രഭരണപ്രദേശ സർക്കാരുകളുടെ സഹായത്തോടെയാണ് കേന്ദ്രം ആദ്യഘട്ടത്തിൽ വാക്സിൻ നൽകേണ്ട 30 കോടി ഗുണഭോക്താക്കളെ കണ്ടെത്തുന്നത്. ആഗോള രോഗപ്രതിരോധ പദ്ധതിക്ക് സമാന്തരമായിട്ടായിരിക്കും കോവിഡ് പ്രതിരോധ പദ്ധതിയുടെ പ്രവർത്തനമെന്ന് അധികൃതർ പറഞ്ഞു.

നാലു വിഭാഗങ്ങൾക്കാണ് ആദ്യഘട്ടത്തിൽ വാക്സിൻ നൽകുക. ഡോക്ടർമാർ, മെഡിക്കൽ വിദ്യാർത്ഥികൾ, നഴ്സുമാർ, ആശ വർക്കർമാർ ഉൾപ്പെടെ ഒരു കോടിയോളം വരുന്ന ആരോഗ്യ പ്രവർത്തകരാണ് ഇതിൽ ആദ്യ വിഭാഗം. രണ്ട് കോടിയോളം വരുന്ന ശുചീകരണ തൊഴിലാളികൾ, പൊലീസ്, സായുധസേന ഉദ്യോഗസ്ഥർ തുടങ്ങിയ കോവിഡ് മുന്നണി പോരാളികൾ, 50 വയസിനു മുകളിലുള്ള 26 കോടി പേർ, 50 വയസിന് താഴെയുള്ള (മറ്റ് രോഗങ്ങൾ, പ്രത്യേക പരിചരണം ആവശ്യമുള്ള) ഒരു കോടി ആളുകളിൽ ആദ്യഘട്ടത്തിൽ വാക്സിൻ ലഭ്യമാക്കും. നവംബർ പകുതിയോടെ മുൻഗണന പട്ടിക തയ്യാറാക്കി നൽകാനും സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

വാക്സിൻ സംഭരണവും വിതരണവും സംബന്ധിച്ച് സംസ്ഥാന സർക്കാരുകൾ പ്രഖ്യാപനങ്ങൾ പാടില്ലെന്നും കേന്ദ്രസർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. വാക്സിൻ ലഭ്യമായാൽ അവയുടെ ന്യായവും തുല്യവുമായ വിതരണം നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ സർക്കാർ പ്രവർത്തിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർധൻ പറഞ്ഞു.

you may also like this video