റെജി കുര്യന്‍

ന്യൂഡല്‍ഹി

January 05, 2021, 5:49 pm

കോവിഡ് വാക്സിൻ വിതരണം ഈ മാസം 13 മുതല്‍

Janayugom Online

രാജ്യത്തെ കോവിഡ് പ്രതിരോധ വാക്‌സിന്‍ കുത്തിവയ്പ്പ് 13ന് ആരംഭിച്ചേക്കും. കേന്ദ്ര ആരോഗ്യമന്ത്രാലയം ഇതുസംബന്ധിച്ച സൂചന നല്‍കി. കഴിഞ്ഞ ദിവസം വാക്സിനുകൾക്ക് അനുമതി നല്കിയിരുന്നു. അനുമതി ലഭിച്ച് പത്ത് ദിവസത്തിനുള്ളില്‍ വാക്‌സിൻ ലഭ്യമാക്കുമെന്ന് ആരോഗ്യ സെക്രട്ടറി വ്യക്തമാക്കി. കോവിഡ് വാക്‌സിന്‍ സംബന്ധിച്ച് ആശങ്കകളും ഇതുമായി ബന്ധപ്പെട്ട് അനുകൂല പ്രതികൂല ചര്‍ച്ചകളും നടക്കുന്നതിനിടെയാണ് വാക്‌സിന്‍ അടുത്തയാഴ്ച വിതരണത്തിനെത്തുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത്. വിവിധ സംസ്ഥാനങ്ങളില്‍ വാക്‌സിന്‍ വിതരണത്തിനു മുന്നോടിയായി നടത്തിയ ഡ്രൈ റണ്‍ വിജയകരമായിരുന്നു.
രാജ്യത്ത് നാല് പ്രധാന വാക്‌സിന്‍ സംഭരണ കേന്ദ്രങ്ങളാണ് രൂപീകരിച്ചിട്ടുള്ളത്. കര്‍ണാല്‍, ചെന്നൈ, മുംബൈ, കല്‍ക്കട്ട എന്നിവിടങ്ങളിലാണിത്. ഇതിനു പുറമെ 37 വാക്‌സിന്‍ സ്റ്റോറുകളും ക്രമീകരിച്ചിട്ടുണ്ട്. 

വാക്‌സിനുകള്‍ ഈ കേന്ദ്രങ്ങളിലാകും വന്‍തോതില്‍ സംഭരിച്ച് വയ്ക്കുക. ഇവിടെനിന്നാകും വിതരണം നടത്തുകയെന്നും കേന്ദ്ര ആരോഗ്യ വകുപ്പ് സെക്രട്ടറി രാജേഷ് ഭൂഷന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നിശ്ചിത താപനിലയില്‍ വാക്‌സിന്‍ സൂക്ഷിക്കാനും ഇത് ഡിജിറ്റലായി നിരീക്ഷിക്കാനുമുള്ള സംവിധാനം രാജ്യത്ത് പതിറ്റാണ്ടുകളായി നിലവിലുണ്ടെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു.
വാക്‌സിന്‍ ഗുണഭോക്താക്കളായി ആരോഗ്യ പ്രവര്‍ത്തകരും കോവിഡ് മുന്നണി പോരാളികളും രജിസ്റ്റര്‍ ചെയ്യേണ്ട ആവശ്യമില്ല. അവരുടെ രേഖകള്‍ നിലവില്‍ കൈവശമുണ്ടെന്നും ഭൂഷന്‍ വ്യക്തമാക്കി. 

കോവിഡ് വാക്‌സിന്‍ കയറ്റുമതിക്ക് നിയന്ത്രണങ്ങളൊന്നും ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച് ഡയറക്ടര്‍ ബല്‍റാം ഭാര്‍ഗവ പറഞ്ഞു. ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ ഈമാസം മൂന്നിനാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട്, അസ്ട്ര സെനക്ക കമ്പനിയുമായി ചേര്‍ന്ന് നിര്‍മ്മിച്ച കോവിഷീല്‍ഡ്, രാജ്യം ആഭ്യന്തരമായി വികസിപ്പിച്ച ഭാരത് ബയോടെക്കിന്റെയും ഐസിഎംആറിന്റെയും ഉല്പന്നമായ കോവാക്‌സിന്‍ എന്നിവയുടെ ഉപയോഗത്തിന് അനുമതി നല്‍കിയത്.

ENGLISH SUMMARY: COVID VACCINE DISTRIBUTION STARTS FROM 13