ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം കൊറോണ വൈറസിനെതിരെ വിവിധ പരീക്ഷണ ഘട്ടങ്ങളിലുള്ളത് 166 പ്രതിരോധ കുത്തിവയ്പ്പുകൾ. കാൻഡിഡേറ്റ് വാക്സിനുകൾ എന്ന് അറിയപ്പെടുന്ന ഇവ മനുഷ്യനിൽ പൂർണമായ തോതിൽ ഉപയോഗിക്കുന്നതിന് 12 മുതൽ 18 മാസംവരെ ആവശ്യമാണ്. ഓക്സ്ഫോഡ് വാക്സിൻ ആദ്യഘട്ട മനുഷ്യരിൽ നടന്ന പരീക്ഷണത്തിൽ ആശാവഹമായ ഫലം കിട്ടിയെന്ന വാർത്തകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവാക്സിന്റെ ആദ്യഘട്ട മനുഷ്യരിലെ പരീക്ഷണവും ആരംഭിച്ചിട്ടുണ്ട്.
ആഗോളതലത്തിൽ 26 വാക്സിനുകളാണ് മനുഷ്യരിൽ പരീക്ഷണം നടത്തുന്ന ഘട്ടത്തിലെത്തിയത്. കാര്യക്ഷമമായ വാക്സിൻ വികസിപ്പിച്ചെടുക്കുന്നതിന് 10 മുതൽ 15 വർഷം വരെ ആവശ്യമാണ്. എന്നാൽ കൊറോണ വ്യാപനത്തിന്റ പശ്ചാത്തലത്തിൽ വാക്സിൻ വികസിപ്പിക്കുന്നതിനുള്ള കാലാവധി 18 മാസമായി ചുരുക്കി. ഇതിന് ആവശ്യമായ വിധത്തിൽ നിലവിലുള്ള ചട്ടങ്ങളിൽ മാറ്റം വരുത്തി. കോവിഡ് വൈറസിനെതിരെ ഇന്ത്യയിൽ തയ്യാറാകുന്നത് ഏഴ് വാക്സിനുകളാണ്. ഭാരത് ബയോടെക്, സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, സിഡസ് കാഡില, പനേഷ്യ ബയോടെക്, ഇന്ത്യൻ ഇമ്മ്യൂണോളജിക്കൽസ്, മൈൻവാക്സ്, ബയോളജിക്കൽ ഇ എന്നിവ വാക്സിൻ ഗവേഷണത്തിൽ ഏർപ്പെട്ടിരിക്കുന്ന ആഭ്യന്തര ഫാർമസ്യൂട്ടിക്കൽ സ്ഥാപനങ്ങളിൽ ഉൾപ്പെടുന്നു.
ഹൈദരാബാദിലെ ഭാരത് ബയോടെക് കോവാക്സിന്റെ ഒന്നും രണ്ടും ഘട്ടങ്ങൾ പിന്നിട്ടു. ഈ വർഷാവസാനത്തോടെ കോവിഡ് 19 വാക്സിൻ വികസിപ്പിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി സെറം ഇൻസ്റ്റിറ്റ്യൂട്ട് വ്യക്തമാക്കിയിട്ടുണ്ട്. സൈകോവ്-ഡി എന്ന പേരിലുള്ള വാക്സിന്റെ ക്ലിനിക്കൽ പരീക്ഷണങ്ങൾ ഏഴുമാസത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് സിഡസ് കാഡില അറിയിച്ചു. ആഗോള കമ്പനികളുടെ കൂടി സഹകരണത്തോടെയാണ് ഇന്ത്യയിൽ പരീക്ഷണങ്ങൾ മുന്നേറിക്കൊണ്ടിരിക്കുന്നത്. ഇതിന് പുറമെ ഓക്‌സ്‌ഫോഡ് കോവിഡ് പ്രതിരോധ വാക്‌സിൻ ഇന്ത്യയിലും ഉല്പാദിപ്പിക്കും. പൂനെയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയാണ് ഇതിനായി ബ്രിട്ടീഷ് ഗവേഷകരുമായി കൈകോർക്കുന്നത്.
വാക്സിൻ വികസന ഘട്ടങ്ങൾ
രോഗകാരികളായ പാതേജെൻ കണ്ടെത്തി അതിൽ നിന്നും ആന്റിജൻ വേർതിരിക്കുക. 2020 ജനുവരിയിൽ കൊറോണ വൈറസിന്റെ ജനിതക ഘടന ചൈനയിലെ ശാസ്ത്രജ്ഞർ പുറത്തുവിട്ടിരുന്നു. ഇതാണ് പരീക്ഷണങ്ങൾക്ക് ഏറെ സഹായമായത്. വാക്സിൻ കാൻഡിഡേറ്റുകൾ കണ്ടെത്തുക. മൃഗങ്ങളിൽ പരീക്ഷിക്കുക. മനുഷ്യരിൽ പരീക്ഷണം നടത്തുക (ക്ലിനിക്കൽ ട്രയൽ) ജനങ്ങളിൽ ഉപയോഗിക്കാൻ കഴിയുന്ന വിധത്തിൽ വാക്സിൻ സുരക്ഷിതമാണോ എന്ന് സർക്കാർ പരിശോധിച്ച് അംഗീകാരം നൽകുക. ഇതിനും ഒന്നു മുതൽ രണ്ട് വർഷംവരെ ആവശ്യമാണ്. വാക്സിൻ വൻതോതിൽ നിർമ്മിക്കുന്നതിന് ആവശ്യമായ സജ്ജീകരണങ്ങൾ ഉറപ്പാക്കുക. ഗുണനിലവാരം ഉറപ്പാക്കുക
ക്ലിനിക്കൽ ട്രയൽ മൂന്ന് ഘട്ടം
വൈറസ് വാക്സിൻ. ഇന്ത്യയിലെ ഭാരത് ബയോടെക് വികസിപ്പിക്കുന്ന കോവാക്സിൻ ഈ വിഭാഗത്തിൽപ്പെട്ടതാണ്. വൈറൽ വെക്ടർ- ജീനുകളെ ആധാരമാക്കി വികസിപ്പിക്കുന്നത്. ഓക്സ്ഫഡ് സർവകലാശാല വികസിപ്പിച്ച വാക്സിൻ വൈറൽ വെക്ടർ വിഭാഗത്തിൽപ്പെടുന്നു. ജനിറ്റിക് വാക്സിൻ- കൊറോണ വൈറസിന്റെ ജീനുകൾ ഉപയോഗിച്ച് വാക്സിൻ വികസിപ്പിക്കുക. പ്രോട്ടീൻ ആധാരമാക്കി വികസിപ്പിക്കുന്നത്- കോവിഡ് വൈറസിന്റെ ശക്തി ക്ഷയിപ്പിച്ച് വാക്സിൻ വികസിപ്പിക്കുക. ചൈന ഈ രീതിയാണ് വാക്സിൻ വികസിപ്പിക്കുന്നതിന് അവലംബിക്കുന്നത്. റീ പർപ്പസ്ഡ്-മറ്റ് രോഗങ്ങൾക്ക് വികസിപ്പിച്ച വാക്സിൻ ഉപയോഗിക്കുക.
English summary; covid vaccine in 166
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.