24 April 2024, Wednesday

Related news

December 22, 2023
December 10, 2023
November 21, 2023
August 31, 2023
August 12, 2023
August 4, 2023
July 1, 2023
June 18, 2023
May 10, 2023
April 21, 2023

വാക്സിന്‍ ക്ഷാമം രൂക്ഷം: ഡല്‍ഹിയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ വാക്സിനില്ല

Janayugom Webdesk
ന്യൂഡല്‍ഹി
December 28, 2022 10:25 pm

ഡല്‍ഹിയിലെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലെയും സൗജന്യ കോവിഡ് വാക്സിന്‍ ഡോസുകള്‍ തീര്‍ന്നു. സ്വകാര്യ വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ 386.25 രൂപയ്ക്ക് കുറച്ച് ദിവസത്തേക്കു കൂടി വാക്സിന്‍ ഡോസുകള്‍ ലഭ്യമാകുമെന്നാണ് കോവിന്‍ പോര്‍ട്ടലിലെ കണക്കുകള്‍ വ്യക്തമാക്കുന്നത്. ചൈനയില്‍ കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് എല്ലാവരും മുന്‍കരുതല്‍ ഡോസ് (ബൂസ്റ്റര്‍) എടുക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയ സാഹചര്യത്തിലാണ് വാക്സിന്‍ ക്ഷാമം രൂക്ഷമായിരിക്കുന്നത്. എല്ലാ സര്‍ക്കാര്‍ വാക്സിനേഷന്‍ കേന്ദ്രങ്ങളിലും ആദ്യത്തെ രണ്ട് ഡോസ് സൗജന്യമാണ്. 60 വയസിന് മുകളിലുള്ളവര്‍ക്കാണ് ബൂസ്റ്റര്‍ ഡോസ് സൗജന്യമായി നല്‍കുന്നത്.

വടക്ക്, വടക്കുകിഴക്കന്‍ ഡല്‍ഹി മേഖലയില്‍ ഒരു സര്‍ക്കാര്‍ വാക്സിനേഷന്‍ കേന്ദ്രത്തിലും വാക്സിനുകള്‍ അവശേഷിക്കുന്നില്ലെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. ഡല്‍ഹിയിലെ തന്നെ ഏറ്റവും വലിയ സര്‍ക്കാര്‍ ആശുപത്രിയായ എല്‍എന്‍ജെപിയില്‍ ഒരു ബൂസ്റ്റര്‍ ഡോസ് പോലും ലഭ്യമല്ലെന്നാണ് അധികൃതര്‍ പറഞ്ഞതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. രാജ്യത്ത് 90 ശതമാനം പേരാണ് ഇതുവരെ ആദ്യ രണ്ട് ഡോസ് വാക്സിനുകള്‍ സ്വീകരിച്ചിട്ടുള്ളത്. എന്നാല്‍ ഡല്‍ഹിയില്‍ 20 ശതമാനവും രാജ്യത്ത് 30 ശതമാനത്തില്‍ താഴെയുമാണ് ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചവരുടെ നിരക്ക്. മഹാമാരിയുടെ ആരംഭം മുതലുള്ള ഏറ്റവും ഗുരുതരമായ സാഹചര്യത്തെയാണ് നിലവില്‍ ചൈന നേരിടുന്നത്. പ്രതിദിനം മൂന്ന് കോടി പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ടു ചെയ്യുന്നുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. അതേസമയം ഇന്ത്യയില്‍ കേസുകൾ ഗണ്യമായി ഉയർന്നിട്ടില്ല.

25 കോടി ഡോസുകള്‍ വിപണിയിലെത്തിക്കും

ഹൈദരാബാദ്: ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മരുന്ന് നിര്‍മ്മാതാക്കളായ ബയോളജിക്കല്‍ ഇയും ഭാരത് ബയോടെക്കും 25 കോടി വാക്സിന്‍ ഡോസുകള്‍ വിപണിയിലെത്തിച്ചേക്കും. നിലവില്‍ ഇരു കമ്പനികളിലുമായി 25 കോടി വാക്സിന്‍ ഡോസുകള്‍ സ്റ്റോക്കുണ്ടെന്നും ഓര്‍ഡറുകള്‍ കിട്ടുന്ന മുറയ്ക്ക് അവ വിതരണം ചെയ്യുമെന്നും ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു. 20 കോടി കോര്‍ബെവാക്സ് വാക്സിന്‍ ഡോസുകളാണ് ബയോളിക്കല്‍ ഇയുടെ കൈവശമുള്ളത്. കോവാക്സിന്റെ അഞ്ച് കോടി ഡോസുകള്‍ ഭാരത് ബയോടെക്കിന്റെ കൈവശവുമുണ്ട്. ഇതുവരെ 30 കോടി വാക്സിന്‍ ഡോസുകള്‍ നിര്‍മ്മിച്ചുവെന്ന് ബയോളിക്കല്‍ ഇ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഡോ. വിക്രം പരാഡ്ക്കര്‍ പറഞ്ഞു. കഴിഞ്ഞ മാര്‍ച്ചില്‍ 10 കോടി ഡോസുകള്‍ കേന്ദ്ര സര്‍ക്കാരിന് വിതരണം ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ടെക്സാസ് ചില്‍ഡ്രന്‍സ് ഹോസ്പിറ്റല്‍ സെന്റര്‍ ഫോര്‍ വാക്സിന്‍ ഡെവലപ്മെന്റും ബേയ്‌ലോര്‍ കോളജ് ഓഫ് മെഡിസിനുമായി ചേര്‍ന്നാണ് ബയോളജിക്കല്‍ ഇ കോര്‍ബെവാക്സ് വികസിപ്പിച്ചത്. അഞ്ച് കോടി വാക്സിന്‍ വയലുകള്‍ കൂടാതെ 20 കോടി വാക്സിന്‍ ഡോസുകള്‍ നിര്‍മ്മിക്കാനുള്ള വസ്തുക്കള്‍ ചേരുവകളായി കൈവശമുണ്ടെന്നും ഭാരത് ബയോടെക്ക് അറിയിച്ചു.

Eng­lish Sum­ma­ry: Del­hi gov­ern­ment hos­pi­tals reveal zero avail­abil­i­ty of free Covid boost­er shots
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.