ഡോ.അരുൺ മിത്ര

January 12, 2021, 4:10 am

കോവിഡ് വാക്സിൻ പാവപ്പെട്ടവർക്കും ഉറപ്പാക്കണം

Janayugom Online

രോഗ്യ വിദഗ്ധർ ഉൾപ്പെടെ കോവിഡ് പ്രതിരോധത്തിൽ മുൻ‌നിരയിൽ നിന്നവർക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകാനുള്ള തീരുമാനം സ്വാഗതാർഹമാണ്. കോവിഡിനെതിരായപോരാട്ടത്തിനിടെ ഇന്ത്യയിൽ 700 ഓളം ഡോക്ടർമാരും നിരവധി ആരോഗ്യ പ്രവർത്തകരും രോഗബാധിതരായി മരിച്ചുപോയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഉയർന്ന അപകടസാധ്യത ഉള്ളവരെന്ന നിലയിൽ ആരോഗ്യ പ്രവർത്തകർക്ക് മുൻഗണനാടിസ്ഥാനത്തിൽ പ്രതിരോധ കുത്തിവയ്പ്പ് നൽകേണ്ടതുണ്ട്. ഓക്സ്ഫോർഡ് — ആസ്ട്രസെനെക്ക നിർമ്മിച്ച കോവിഷീൽഡ് വാക്സിൻ ആദ്യഘട്ടത്തിൽ ഉപയോഗിക്കുന്നതിനാണ് സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ (സിഡിഎസ്‌സിഒ) അനുമതി നല്കിയിരിക്കുന്നത്. ഇന്ത്യയിലെ ബയോടെക് നിർമ്മിച്ച കോവാക്സിൻ പ്രതിരോധ മരുന്ന് കരുതലായി നിലനിർത്തിയിരിക്കുകയും ചെയ്തിരിക്കുന്നു

തിടുക്കത്തിലെന്നതുപോലെ വാക്സിനുകൾക്ക് അനുമതി നല്കിയതുകൊണ്ടുതന്നെ നിരവധി ചോദ്യങ്ങൾക്ക് സർക്കാരും ആരോഗ്യ വിദഗ്ധരും ഉത്തരം നൽകേണ്ടതുണ്ട്. സിഡിഎസ്‌സിഒ നിയോഗിച്ച വിദഗ്ധ സമിതിയുടെ നിർദ്ദേശപ്രകാരം ഇന്ത്യയുടെ തദ്ദേശീയമായ കോവിഡ്-19 പ്രതിരോധമരുന്നായ കോവാക്സിൻ നിയന്ത്രിതമായ ഉപയോഗത്തിന് ശുപാർശ ചെയ്യപ്പെട്ടിട്ടുണ്ട്. പ്രതിരോധമരുന്ന് കുത്തിവയ്പിന് മുമ്പ് അതിന്റെ സുരക്ഷയോടൊപ്പം ഫലപ്രാപ്തിയും തെളിയിക്കേണ്ടത് വളരെയധികം പ്രധാനപ്പെട്ടതാണ്. ഫലപ്രാപ്തി പുറത്തുവിട്ടിട്ടില്ലെന്നു മാത്രമല്ല മൂന്നാംഘട്ടപരീക്ഷണത്തിലുള്ള കോവാക്സിൻ എന്തിനാണ് അനുമതി നല്കിയത് എന്നത് ആരോഗ്യവിദഗ്ധരിൽ തന്നെ സംശയം സൃഷ്ടിച്ചിട്ടുണ്ട്.

ആരോഗ്യമുള്ള വ്യക്തിക്ക് രോഗം ബാധിക്കാതിരിക്കാനുള്ള പ്രതിരോധശേഷി സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്നതിനാൽ സുരക്ഷയും ഫലപ്രാപ്തിയോടൊപ്പം വളരെ പ്രധാനപ്പെട്ടതുതന്നെയാണ്. മരുന്നുകൾ രോഗബാധിതർക്ക് ചികിത്സയ്ക്കായി നല്കിയെന്നത് വൈരുദ്ധ്യമാണ്. ഇതുവരെയുള്ള ആരോഗ്യചരിത്രം പരിശോധിച്ചാൽ സാധാരണ നിലയിൽ പ്രതിരോധമരുന്ന് കണ്ടെത്താനും പരീക്ഷണങ്ങൾക്കുശേഷം പുറത്തിറക്കാനും നാലോ അഞ്ചോ വർഷം എടുക്കാറുണ്ടെന്നു കാണാം. എന്നാൽ ഇപ്പോഴത്തെ അടിയന്തര സാഹചര്യം വാക്സിൻ നേരത്തേ പുറത്തുകൊണ്ടുവരേണ്ടത് അനിവാര്യമാക്കിയെന്നതുനേരാണ്. അതിനാൽ പരീക്ഷണങ്ങളിൽ ചില ഇളവുകൾ നൽകി. എങ്കിലും സുരക്ഷാ ഘടകങ്ങളിൽ വിട്ടുവീഴ്ച നൽകുവാൻ കഴിയില്ല. കുറച്ച് ആഴ്ചകൾ കൂടി കാത്തിരിക്കുന്നത് കോവാക്സിനെ സംബന്ധിച്ച് കൂടുതൽ വിശ്വാസ്യത സൃഷ്ടിക്കുകയേ ചെയ്യുമായിരുന്നുള്ളൂ.

ഇതിനകം തന്നെ കോവിഡ് കേസുകളുടെ നിരക്ക് താഴേയ്ക്ക് വന്നുകഴിഞ്ഞിട്ടുണ്ട്. 16,375 എന്ന ജൂൺ മാസത്തിനുശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കിൽവരെ എത്തിക്കഴിഞ്ഞു. ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ടുചെയ്യപ്പെട്ടിരുന്ന ഡൽഹി പോലുള്ള സംസ്ഥാനങ്ങളിലും നിരക്ക് പെട്ടെന്നു തന്നെ താഴോട്ടുവന്നിട്ടുണ്ട്. പ്രതിദിനം 4000 വരെ കോവിഡ് കേസുകളുണ്ടായിരുന്നിടത്തുനിന്ന് 384 കേസുകളെന്ന നിലയിലേക്ക് താഴ്ന്നിട്ടുണ്ട്. നഗരപ്രദേശങ്ങളിൽ മധ്യവർഗത്തെയാണ് കോവിഡ് കേസുകൾ കൂടുതലായി ബാധിച്ചത്. അതേസമയം മോശം സാഹചര്യങ്ങളും ജനസാന്ദ്രതയുമുള്ള പ്രദേശങ്ങളിലാണ് താമസിക്കുന്നതെങ്കിലും സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന വിഭാഗങ്ങളെ വൈറസ്ബാധ അത്രത്തോളം ബാധിച്ചില്ലെന്നത് വസ്തുതയാണ്. നഗരജനതയെ ബാധിച്ചതിന്റെ അനുപാതവുമായികണക്കാക്കുമ്പോൾ ഗ്രാമീണ ജനതയെയും ബാധിച്ചതിന്റെ തോത് കുറവാണെന്നും കാണാവുന്നതാണ്. ഗ്രാമപ്രദേശങ്ങളിലും നഗരത്തിലെ ദരിദ്ര വിഭാഗങ്ങളിലും ഉൾപ്പെട്ട നിരവധി പേരും ജനസാന്ദ്രതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവരും ഗുരുതരമായ അണുബാധയെ അതിജീവിച്ചത് എങ്ങനെയെന്നത് പഠന വിഷയമാക്കേണ്ടതാണ്. നവംബർ മുതൽ ഡിസംബർ വരെയുള്ള മാസങ്ങൾ ഉത്സവ കാലമായതിനാൽ കോവിഡ് രോഗ നിരക്ക് ഉയരുമെന്ന് ആശങ്കപ്പെട്ടിരുന്നുവെങ്കിലും അത് അത്രത്തോളം സംഭവിച്ചില്ല. ഇതിലൂടെ പലർക്കും രോഗബാധയുണ്ടായെങ്കിലും രോഗപ്രതിരോധ ശേഷി വർധിച്ചുവെന്ന അനുമാനത്തിലെത്താവുന്നതാണ്.

ശാസ്ത്ര സാങ്കേതിക വകുപ്പ് നിയോഗിച്ച പാനൽ നടത്തിയ കണക്കെടുപ്പ് പ്രകാരം ഇന്ത്യയിൽ നവംബർവരെ കണ്ടെത്തിയ കേസുകൾ ഓരോന്നും പരിശോധിച്ചതിൽ 90 രോഗബാധയെങ്കിലും കണക്കിൽപ്പെടാതെ പോയിരിക്കാമെന്ന നിഗമനത്തിലെത്തുകയും ചെയ്യുന്നുണ്ട്. ജനസംഖ്യയിലെ 60 ശതമാനത്തെയെങ്കിലും കോവിഡ് രോഗം ബാധിച്ചുവെന്നും അവരിൽ പ്രതിരോധവസ്തുക്കൾ രൂപംകൊണ്ടിരിക്കാമെന്നുമാണ് ഇതിലൂടെ മനസിലാക്കേണ്ടത്. അതായത് കൂടുതൽപേരിൽ പ്രതിരോധ ശേഷി വർധിച്ചുവെന്നർത്ഥം. ഇതിന്റെയെല്ലാം അടിസ്ഥാനത്തിൽ പ്രസ്തുത സമിതി ഈ വർഷം ഫെബ്രുവരിയോടെ രാജ്യത്ത് കോവിഡ് നിയന്ത്രണ വിധേയമാകുമെന്ന പ്രവചനവും നടത്തുകയുണ്ടായി.

അതുകൊണ്ടുതന്നെ രോഗബാധിതരുടെ എണ്ണം സാധാരണ നിലയിൽതന്നെ കുറഞ്ഞുവരുന്ന സാഹചര്യത്തിൽ വ്യാപകമായിവാക്സിൻഉപയോഗിക്കുന്നത്.

ധാരാളം പേരെ പ്രതിരോധ കുത്തിവയ്പിന് വിധേയമാക്കിയ അനുഭവം ഇന്ത്യയിലുണ്ട്. അഞ്ചുവയസിന് താഴെ പ്രായമുള്ളവർക്കുവേണ്ടി പോളിയോ നിർമ്മാർജ്ജനത്തിന്റെ ഭാഗമായി പ്രതിരോധ പദ്ധതി വിജയകരമായിനടത്തുകയുണ്ടായി. അഞ്ചുകോടി കുട്ടികളെ അടിസ്ഥാനമാക്കിയായിരുന്നു ഈ പദ്ധതി. വായിലൂടെ നല്കുന്ന രീതിയാണ് പോളിയോ വാക്സിന് അവലംബിച്ചിരുന്നത്. ചെറിയപരിശീലനം നേടുന്ന ഏതൊരാൾക്കും ഈ ജോലി നിർവഹിക്കാൻസാധിക്കുന്നതാണ്. എന്നാൽ കോവിഡ് വാക്സിൻ വ്യത്യസ്തമാണ്. കുത്തിവയ്പ് രൂപത്തിൽ രണ്ട് ഡോസുകളാണ് കോവിഡ് വാക്സിൻ നല്കേണ്ടത്. കുത്തിവയ്പ് നേടുന്ന ഓരോ വ്യക്തിയെയും എന്തെങ്കിലും വിധത്തിലുള്ള പ്രതിപ്രവർത്തനങ്ങൾ ഉണ്ടാകുന്നുണ്ടോ എന്ന് കണ്ടെത്തുന്നതിനായി അരമണിക്കൂർനേരമെങ്കിലും കർശന നിരീക്ഷണത്തിന് വിധേയമാക്കിയിരിക്കണം. അതുകൊണ്ടുതന്നെ കുത്തിവയ്പ് നല്കുന്നതിന് നന്നായിപരിശീലനം ലഭിച്ച നിരവധി ആരോഗ്യ പ്രവർത്തകരെ ആവശ്യമാണ്. കുത്തിവയ്പെടുത്ത വ്യക്തിയിൽ ഏതെങ്കിലും വിധത്തിലുള്ള പാർശ്വഫലങ്ങൾ ഉണ്ടാകുന്നുവോയെന്നും നിരീക്ഷിക്കേണ്ടതുണ്ട്. അതുകൊണ്ട് കുത്തിവയ്പ് നല്കുന്നവർ, പാർശ്വഫലങ്ങൾ ഉണ്ടാവുകയാണെങ്കിൽ അത് നേരിടുന്നതിനുള്ള വൈദഗ്ധ്യം നേടിയവർ തന്നെ ആയിരിക്കണം.

അതുകൊണ്ട് മുഴുവൻ വ്യക്തികൾക്കും വാക്സിൻ ലഭ്യമാക്കുന്നതിനുള്ള കർമ പദ്ധതി ആവിഷ്കരിച്ച് സർക്കാർതന്നെ നടപ്പിലാക്കുന്ന സാഹചര്യം ഉണ്ടാകേണ്ടതുണ്ട്. അല്ലെങ്കിൽ സമ്പന്നർക്ക് വിപണികളിൽ നിന്ന് ഇതു വാങ്ങി ഉപയോഗിക്കുന്നതിനുള്ള സാഹചര്യം ഉണ്ടാവുകയും കുറഞ്ഞ വരുമാനക്കാർ പ്രതിരോധ കുത്തിവയ്പ് ലഭിക്കാതെ പുറത്താകുന്ന സ്ഥിതി ഉണ്ടാവുകയും ചെയ്യും. തെരഞ്ഞെടുക്കപ്പെടുന്നവർക്കു മാത്രമായി പ്രതിരോധ കുത്തിവയ്പ് പരിമിതപ്പെടുത്തുന്നത് ആരോഗ്യമേഖലയിലെ അസമത്വം കൂടുതൽ വ്യക്തമാക്കുന്നതിന് കാരണമാകുമെന്നതിനാൽ പാവപ്പെട്ടവരെ പ്രത്യേകമായികണ്ടുള്ള വാക്സിനേഷൻ പദ്ധതി രാജ്യത്ത് ആവിഷ്കരിച്ച് നടപ്പിലാക്കേണ്ടത് അത്യന്താപേക്ഷിതമാണ്.