Web Desk

തിരുവനന്തപുരം

June 05, 2020, 9:04 pm

കോവിഡ് 19 : ഇളവുകൾക്കൊപ്പം ബോധവത്ക്കരണവും ശക്തമാക്കി കേരളം

Janayugom Online

കോവിഡ്19 രോഗഭീതിയെത്തുടർന്ന് ഏർപ്പെടുത്തിയ ലോക്ഡൗണിൽ കേന്ദ്രസർക്കാർ കൂടുതൽ ഇളവുകൾ വരുത്തിയതോടെ ബോധവത്ക്കരണം സംസ്ഥാന ആരോഗ്യവകുപ്പ് ശക്തമാക്കി. സംസ്ഥാനം കാര്യക്ഷമമായി നടപ്പാക്കി വരുന്ന ബ്രേക്ക് ദ ചെയിൻ പ്രചാരണ പരിപാടികൾ കൂടുതൽ ആകർഷകമാക്കി ജനങ്ങളിലേക്കെത്തിക്കും. വിലക്കുകളിൽ ഇളവുകൾ വരുത്തിയെങ്കിലും മാസ്ക് ധരിക്കൽ, കൈകഴുകൽ തുടങ്ങിയ അടിസ്ഥാന പ്രചരണ പരിപാടികളും ക്വാറന്റൈൻ കാലത്ത് പാലിക്കേണ്ട നിർദ്ദേശങ്ങളും പൂർവാധികം ശക്തിയോടെ ജനങ്ങളിലേക്കെത്തിക്കും.
പ്രമേഹം, രക്താതിസമ്മർദ്ദം തുടങ്ങിയ രോഗങ്ങളുള്ളവർ, പാലിയേറ്റീവ് കെയറിലുള്ള രണ്ട് ലക്ഷത്തോളം വരുന്ന ആളുകൾ, സംസ്ഥാനത്തെ അമ്പത് ലക്ഷം വയോജനങ്ങൾ എന്നിവർക്ക് പ്രത്യേക ശ്രദ്ധയും കരുതലും നൽകുന്നുണ്ട്. കോവിഡ് പടരുന്നത് തടയുന്നതിന് കൂട്ടായ പരിശ്രമം നടത്തുന്നതിനോടൊപ്പം കൈകഴുകൽ, മാസ്ക് ധരിക്കൽ, സാമൂഹ്യഅകലം പാലിക്കൽ മുതലായവ ഉറപ്പു വരുത്തുകയും വേണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
മഴക്കാലമായതോടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കുറവു വരുത്താതെ തന്നെ മറ്റ് പകർച്ചവ്യാധികൾക്കെതിരായ പ്രതിരോധ പ്രവർത്തനങ്ങളും ബോധവത്കരണ പരിപാടികളും നടത്തിവരുന്നുണ്ട്. സംസ്ഥാനത്തെ എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെയും ഈ പ്രതിരോധപ്രവർത്തനങ്ങളിൽ പ്രാപ്തരാക്കുകയും മരുന്നുകൾ, മനുഷ്യവിഭവശേഷി എന്നിവ നൽകുകയും ചെയ്തിട്ടുണ്ട്. രോഗം നേരത്തെ കണ്ടെത്താനുള്ള പൊതുജനസമ്പർക്കപരിപാടികളും നടത്തി വരുന്നു. കൂടാതെ എലിപ്പനി, ഡെങ്കിപ്പനി, ജലജന്യരോഗങ്ങൾ എന്നിവ പടരാതിരിക്കാനായി കൊതുകുനശീകരണം പോലുള്ള പ്രാഥമിക പ്രതിരോധ പ്രവർത്തനങ്ങളും നടത്തുന്നുണ്ട്.

eng­lish sum­ma­ry: ker­alam stregth­ens aware­ness programme

you may also like this video