February 5, 2023 Sunday

കോവിഡിന്‌ പിന്നാലെ അഞ്ചാം പനിയും പിടിപെട്ടേക്കാം, ഈ ലക്ഷണങ്ങൾ കാണുന്നുണ്ടെങ്കിൽ സൂക്ഷിക്കുക

Janayugom Webdesk
April 16, 2020 1:16 pm

ലോകത്താകമാനം പടര്‍ന്നു പിടിക്കുന്ന കോവിഡ് 19 ജനങ്ങളെ അനുദിനം ഭീതിയിലാഴ്ത്തി കൊണ്ടിരിക്കുകയാണ്. ആഗോളതലത്തില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം 20 ലക്ഷം കടന്നു. കഴിഞ്ഞ ദിവസത്തെ കണക്കു പ്രകാരം 20,49,849 പേർക്കാണു രോഗബാധ സ്ഥിരീകരിച്ചത്. 132,835 പേരാണ് കോവിഡ് ബാധിച്ച് ഇതുവരെ മരിച്ചത്.

ചൈനയിലെ വുഹാൻ നഗരത്തിൽ റിപ്പോർട്ട് ചെയ്ത കൊറോണ വൈറസ് രാജ്യങ്ങളിൽ നിന്ന് രാജ്യങ്ങളിലേക്ക് പടർന്ന് പിടിക്കുകയാണ്. ഇതിനകം തന്നെ നിരവധി പേരാണ് ഈ വൈറസിന് ഇരയായിരിക്കുന്നത്. ലക്ഷക്കണക്കിന് പേർ ലോകമെമ്പാടും നിരീക്ഷണത്തിലുമാണ്. മരണ സംഖ്യം ഇനിയും ഉയർന്നേക്കുമെന്നാണ് ആരോഗ്യ സംഘടനകൾ വ്യക്തമാക്കുന്നത്.

കോവിഡിനെ തുടര്‍ന്ന് ജനങ്ങള്‍ ഭീതിയിലാഴ്ന്നു കഴിയുന്നതിനിടെ അഞ്ചാം പനിയും പിടിപെട്ടേക്കാമെന്ന മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് യുണിസെഫ്. ഏറെ ഗൗരവത്തോടെ കാണേണ്ട അസുഖമാണിത്. പ്രധാനമായും കുഞ്ഞുങ്ങളെ ബാധിക്കുന്ന വൈറസ് (paramyx­ovirus) രോഗമാണ് മീസില്‍സ് അഥവാ അഞ്ചാംപനി. കാരണം കുഞ്ഞുങ്ങളുടെ മരണത്തിനോ അംഗവൈകല്യത്തിനോ വരെ കാരണമായേക്കാവുന്ന രോഗമാണിത്.

കോവിഡ് 19 വൈറസ് ആഗോളതലത്തില്‍ വ്യാപിച്ചുകൊണ്ടിരിക്കുമ്പോള്‍ 37 രാജ്യങ്ങളിലായി 117 ദശലക്ഷം കുട്ടികളുടെ ജീവന്‍ രക്ഷിക്കുന്ന അഞ്ചാം പനി പ്രതിരോധ വാക്സിന്‍ ലഭിക്കുന്നത് നഷ്ടപ്പെടാം എന്നാണ് വിലയിരുത്തല്‍. 24 രാജ്യങ്ങളില്‍ അഞ്ചാം പനി പ്രതിരോധ കുത്തിവയ്പ്പുകള്‍ ഇതിനോടകം വൈകി. ഇന്ത്യയില്‍ പൊതുകുത്തിവെപ്പ് പട്ടികയില്‍ മീസില്‍സ് പ്രതിരോധ കുത്തിവെപ്പ് ഉണ്ട്. ഒന്‍പതുമാസം പൂര്‍ത്തിയാകുമ്പോഴാണ് ഈ കുത്തിവെപ്പ് നല്‍കുന്നത്.

വായുവിലൂടെയാണ് മീസില്‍സ് വൈറസുകള്‍ പകരുന്നത്. അതുകൊണ്ട് തന്നെ വളരെ വേഗം പകരാന്‍ സാധ്യതയുള്ള രോഗമാണിത്. രോഗം ബാധിച്ചയാളുടെ ചുമ, തുമ്മല്‍ എന്നിവയിലൂടെയാണ് ഇത് പ്രധാനമായും പകരുന്നത്. അസുഖമുള്ളവര്‍ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും സംസാരിക്കുമ്പോഴുമെല്ലാം പുറത്തേക്ക് തെറിക്കുന്ന ചെറിയ കണികകളില്‍ വൈറസുകളും ഉണ്ടാകും. ഇവ സാധാരണ പ്രതലങ്ങളില്‍ മണിക്കൂറുകളോളം നിലനില്‍ക്കും. ഇത്തരം വൈറസ് നില്‍ക്കുന്ന പ്രതലങ്ങളില്‍ തൊട്ടതിന് ശേഷം അപ്പോള്‍ തന്നെ ആ വിരലുകള്‍കൊണ്ട് വായയിലോ മൂക്കിലോ തൊടുകയോ കണ്ണ് തിരുമ്മുകയോ ചെയ്താലും രോഗം പടരാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്. രോഗി ഉപയോഗിച്ച പാത്രം അപ്പോള്‍ തന്നെ ഉപയോഗിക്കുന്നതിലൂടെയും രോഗം പകരാനുള്ള സാധ്യതയുണ്ട്.

പനി, മൂക്കൊലിപ്പ്, തുമ്മല്‍, ജലദോഷം, വരണ്ട ചുമ, ചില സന്ദര്‍ഭങ്ങളില്‍ ഓക്കാനം, ഛര്‍ദി, വയറിളക്കം, കണ്ണ് ചുവക്കുക, കണ്ണില്‍ നിന്നും വെള്ളം വരുക, വായക്കുള്ളില്‍ കാണുന്ന വെളുത്ത മണ്‍ത്തരികള്‍ പോലെയുള്ള പൊട്ടുകള്‍, ചെവിയുടെ പിന്നില്‍ നിന്നും ആരംഭിച്ച് ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് വ്യാപിക്കുന്ന മണ്ണു വാരി വിതറയപോലെയുള്ള ചുവന്ന പാടുകള്‍ എന്നിവയാണ് അഞ്ചാം പനയുടെ ലക്ഷണങ്ങള്‍. ഈ രോഗലക്ഷണങ്ങളെ നിയന്ത്രിച്ച് നിര്‍ത്തുന്ന ചികിത്സയാണ് സ്വീകരിക്കുക. അങ്ങനെ രോഗത്തില്‍ നിന്ന് രക്ഷിച്ചെടുക്കുകയാണ് വഴി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.