Web Desk

ന്യൂഡല്‍ഹി

April 01, 2020, 7:45 pm

കോവിഡ് വാർത്തകൾക്ക് സെൻസർഷിപ്പ് വേണം: കേന്ദ്രം സുപ്രീംകോടതിയിൽ

Janayugom Online

കൊറോണ വൈറസുമായി ബന്ധപ്പെട്ടുള്ള വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിൽ മാധ്യമങ്ങൾക്ക് നിയന്ത്രണം വരുത്തണമെന്ന ആവശ്യവുമായി കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ. സര്‍ക്കാര്‍ സംവിധാനങ്ങളില്‍ നിന്ന് സ്ഥിരീകരണം തേടാതെ ഒരു മാധ്യമവും വിവരങ്ങൾ റിപ്പോര്‍ട്ട് ചെയ്യാന്‍ പാടില്ലെന്ന് നിർദ്ദേശം പുറപ്പെടുവിക്കണമെന്ന് കേന്ദ്രസർക്കാർ ചൊവ്വാഴ്ച സുപ്രീം കോടതിയില്‍ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ആവശ്യപ്പെട്ടത്. ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനെത്തുടർന്ന് രാജ്യത്തെ കുടിയേറ്റ തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികൾ സുപ്രീംകോടതി പരിഗണിക്കുമ്പോഴാണ് കേന്ദ്രസർക്കാര്‍ ഇതിനെ മാധ്യമങ്ങൾക്ക് വിലങ്ങിടാനുള്ള അവസരമായി ഉപയോഗിച്ചത്.
രാജ്യത്ത് അഭൂതപൂര്‍വ്വമായ സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് സത്യവാങ്മൂലം പറയുന്നു. ഇലക്ട്രോണിക്, അച്ചടി, സാമൂഹിക മാധ്യമങ്ങള്‍, വെബ് പോര്‍ട്ടലുകള്‍ എന്നിവയില്‍ ഏതിലെങ്കിലും വ്യാജമോ കൃത്യമല്ലാത്തതോ ആയ വാർത്തകൾ വരുന്നത് സമൂഹത്തിലെ വലിയൊരു വിഭാഗത്തില്‍ പരിഭ്രാന്തി സൃഷ്ടിക്കപ്പെടാനുള്ള ഗുരുതരമായ സാധ്യതയ്ക്ക് വഴിയൊരുക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വാദിച്ചു. ഇക്കാരണത്താൽ മാധ്യമങ്ങള്‍ സര്‍ക്കാര്‍ സംവിധാനങ്ങളില്‍ നിന്ന് വസ്തുതകള്‍ സ്ഥിരീകരിക്കാതെ പ്രസിദ്ധീകരിക്കുകയോ സംപ്രേഷണം ചെയ്യുകയോ ചെയ്യരുതെന്ന നിര്‍ദേശം കോടതി പുറപ്പെടുവിക്കണമെന്നും കേന്ദ്രം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടു.
ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ, ജസ്റ്റിസ് എൽ നാഗേശ്വര റാവു എന്നിവർ ഉൾപ്പെടുന്ന ബെഞ്ച് സെൻസർഷിപ്പ് ആവശ്യം തള്ളുകയായിരുന്നു. ഇതോടൊപ്പം ശരിയായ വാർത്തകൾ നൽകുന്നതിനായി വെബ്പോർട്ടൽ പ്രവർത്തനം തുടങ്ങാനും കോടതി കേന്ദ്രസർക്കാരിന് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ട ഉത്തരവിൽ കോടതിക്ക് വ്യാജവാർത്തകൾ സൃഷ്ടിക്കുന്ന ഭീഷണിയെ നിരീക്ഷിക്കാനും തടയാനും കഴിയില്ലെന്ന നിരീക്ഷണവും നടത്തിയിട്ടുണ്ട്. ഈ പരാമർശം കേന്ദ്രസർക്കാരിന് പിന്നീട് തങ്ങളുടെ ആവശ്യാനുസരണം ഉപയോഗിക്കാൻ കഴിയുമെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

You may also like this video