Web Desk

ന്യൂഡല്‍ഹി

June 06, 2021, 8:25 pm

കോവിഡിനെ പ്രതിരോധിക്കുന്നതില്‍ കോവാക്സിനേക്കാള്‍ മികച്ചത് കോവിഷീല്‍ഡ്

Janayugom Online

കോവിഡിനെ പ്രതിരോധിക്കുന്നതില്‍ കോവാക്സിനേക്കാള്‍ മികച്ചത് കോവിഷീല്‍ഡാണെന്ന് റിപ്പോര്‍ട്ട് . ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചതാണ് കോവാക്സിന്‍. എന്നാല്‍ ഓക്സ്ഫോഡ്, അസ്ട്രസെനക എന്നിവര്‍ സംയുക്തമായി വികസിപ്പിച്ച കോവിഷീല്‍ഡാണ് കൂടുതല്‍ പ്രതിരോധശേഷി പ്രകടമാക്കുന്നതെന്ന് രണ്ട് തവണ വാക്സിന്‍ സ്വീകരിച്ച ആരോഗ്യപ്രവര്‍ത്തകരില്‍ നടത്തിയ പഠനം പറയുന്നു.

കോവാക്സിന്‍ സ്വീകരിച്ചവരില്‍ ഉല്പാദിപ്പിക്കപ്പെട്ട ആന്റിബോഡികളേക്കാള്‍ വളരെ കൂടുതലാണ് കോവിഷീല്‍ഡ് സ്വീകരിച്ചവരില്‍ പ്രകടമാകുന്നത്. രണ്ട് ഡോസും സ്വീകരിച്ച 515 ആരോഗ്യപ്രവര്‍ത്തകരിലെ ഫലങ്ങളാണ് വിലയിരുത്തിയത്. ഇതില്‍ 305 പുരുഷന്മാരും 210 സ്ത്രീകളും ഉള്‍പ്പെടുന്നു. 95 ശതമാനം പേരിലും ഉയര്‍ന്ന അളവില്‍ ആന്റിബോഡികള്‍ ഉല്പാദിപ്പിക്കപ്പെട്ടു. 425 പേര്‍ സ്വീകരിച്ചത് കോവിഷീല്‍ഡും 90 പേര്‍ക്ക് ലഭിച്ചത് കോവാക്സിനുമായിരുന്നു.

കോവിഷീല്‍ഡ് സ്വീകരിച്ചവരുടെ സിറോപോസറ്റിവിറ്റി നിരക്ക് 98.1 ശതമാനവും കോവാക്സിന്‍ സ്വീകരിച്ചവരില്‍ 80 ശതമാനവുമാണെന്ന് പഠനത്തില്‍ കണ്ടെത്തി. കോവാക്സിന്‍ ഉപയോഗിക്കുന്നവരില്‍നിന്നും വ്യത്യസ്തമായി സിറോപോസറ്റിവിറ്റി നിരക്കും ആന്റി- സ്പൈക്ക് ആന്റിബോഡിയുടെ നിരക്കും കോവിഷീല്‍ഡ് ഉപയോഗിക്കുന്നവരില്‍ ഉയര്‍ന്നരീതിയില്‍ കാണപ്പെടുന്നതായി പഠനത്തിനു നേതൃത്വം നല്‍കിയ എ കെ സിങ് പറഞ്ഞു.

മഹാമാരിയുടെ മൂന്നാം തരംഗത്തെ ഒഴിവാക്കാന്‍ വേഗത്തിലുള്ള വാക്സിനേഷന്‍ നടപടികളുടെ പ്രാധാന്യത്തെക്കുറിച്ചും പഠന റിപ്പോര്‍ട്ട് ഉയര്‍ത്തിക്കാട്ടുന്നുണ്ട്. വാക്സിന്‍ ക്ഷാമം അടിയന്തരമായി പരിഹരിക്കപ്പെട്ടില്ലെങ്കില്‍ രാജ്യത്തിനു വന്‍ തിരിച്ചടിയാകും. രണ്ട് വാക്സിനുകളുടെയും ഉപയോഗം മറ്റൊരു അസുഖത്തിലേക്ക് വഴിതെളിക്കില്ലെന്നും പഠനം വ്യക്തമാക്കുന്നു. ഇന്ത്യയില്‍ ഇതുവരെ അറുപതുവയസോ അതില്‍ കൂടുതലോ പ്രായമുള്ളവരില്‍ 43 ശതമാനം ആളുകളും വാക്സിന്റെ രണ്ട് ഡോസും സ്വീകരിച്ചതായാണ് കണക്കുകള്‍. 45 ന് മുകളിലുള്ളവരുടെ വിഭാഗത്തില്‍ 37 ശതമാനം ആളുകളും വാക്സിന്‍ സ്വീകരിച്ചിട്ടുണ്ട്.

Eng­lish summary:Covishield ‘more effec­tive’ than Covaxin

You may also like this video: