ആന്ത്രാക്‌സ് പകരുന്നു; പശുക്കള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു

Web Desk
Posted on December 28, 2018, 9:21 pm

തളിപ്പറമ്പ്: ചെങ്ങളായി പഞ്ചായത്ത് പരിധിയിലെ ഒരു വീട്ടിലെ മൂന്ന് പശുക്കള്‍ ചത്തത് ആന്ത്രാക്‌സ് രോഗം ബാധിച്ചാണെന്ന് മൃഗ സംരക്ഷണ വകുപ്പ് സ്ഥിരീകരിച്ചു. തിരുവനന്തപുരം പാലോടുള്ള റീജ്യണല്‍ ഡിസീസ് ഡയഗ്‌നോസ്റ്റിക്‌സ് ലബോറട്ടറിയില്‍ നടത്തിയ പരിശോധനയിലാണ് ആന്ത്രാക്‌സ് ആണെന്ന് സ്ഥിരീകരിച്ചത്. ഒന്നര മാസം മുമ്പാണ് പശുക്കള്‍ ചത്തത്. ചത്ത പശുക്കളുടെ സാബിളുകള്‍ ചെങ്ങളായി മുഗാശുപത്രിയിലെ ഡോക്ടര്‍ ശേഖരിച്ച് പരിശോധനക്കായി കണ്ണുര്‍ റീജ്യണല്‍ ക്ലിനിക്കല്‍ ലബോറട്ടറിയിലേക്ക് അയച്ചിരുന്നു. ഇവിടുത്തെ പരിശോധനയില്‍ ആന്ത്രാക്‌സ് ആണെന്ന സൂചനയെ തുടര്‍ന്ന് സ്ഥിരീകരണത്തി കണ്ണൂര്‍ ഡിസീസ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസര്‍ ഡോ.എം.പി.ഗിരീഷ് ബാബു തിരുവനന്തപുരത്തെ സിഡിഐഒ വിലേക്ക് അയക്കുകയായിരുന്നു.

രോഗം ബാധിച്ച കന്നുകാലികളുടെ വായ, മൂക്ക്, മലദ്വാരം എന്നിവയില്‍ കൂടി രക്തം വരുന്നു. രോഗം ബാധിച്ച മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്കും പകരും. ബേസില്ലസ് ആന്ത്രാസിസ്’ എന്ന ബാക്ടിരിയയാണ് ഈ രോഗം പകര്‍ത്തുന്നത്. ഈ ബാക്ടീരിയക്ക് അന്തരീക്ഷത്തില്‍ കുറെക്കാലം നിലനില്ക്കാനുള്ള കഴിവുണ്ട്. ഈ രോഗം ബാധിച്ച കന്നുകാലികളില്‍ കടുത്ത പനി, വിറയല്‍, വയറുവേദന എന്നിവ ഉണ്ടാകുകയും പെട്ടെന്ന് മരണപ്പെടുകയും ചെയ്യുന്നു. രോഗം ബാധിച്ച് മരണപെടുന്ന കന്നുകാലികളെ കീറിമുറിക്കാന്‍ പാടില്ല. കാരണം ഇതിന്റെ ബാക്ടിരിയ അന്തരീക്ഷത്തില്‍ വ്യാപിക്കുകയും .ഇതിന്റെ ജീവാണു മണ്ണില്‍ കുറെക്കാലം നിണ്ടു നിലക്കുകയും ചെയ്യും. ചത്ത മൃഗങ്ങളെ അണുനാശിനി ഉചയോഗിച്ച് ആറ് അടി താഴ്ചയില്‍ കുഴിച്ചിടുകയാണ് ചെയ്യേണ്ടത്. രോഗം വരാതിരിക്കാന്‍ ചെറുപ്രായത്തില്‍ തന്നെ മൃഗങ്ങള്‍ക്ക് കുത്തിവെപ്പ് എടുക്കുകയാണ് വേണ്ടത്.