‘ഗോസംരക്ഷണം’ ഒരു കമ്മ്യൂണിസ്റ്റ് മാതൃക

Web Desk
Posted on July 02, 2018, 11:08 pm
k dileep

ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ ഭരിക്കുന്ന ഇന്ത്യയുടെ തെക്കേയറ്റത്തെ ഒരു കൊച്ചു സംസ്ഥാനമാണ് കേരളം. ഈ കേരളത്തിലെ ക്ഷീരവികസന മന്ത്രി അഡ്വ. കെ രാജു ഇക്കഴിഞ്ഞ ജൂണ്‍ 23ന് ന്യൂഡല്‍ഹിയില്‍ വച്ച് ഒരു ദേശീയ അവാര്‍ഡ് ഏറ്റുവാങ്ങുകയുണ്ടായി. ദേശീയതലത്തില്‍ പാലുല്‍പ്പാദനത്തിന്റെ തോത് ഏറ്റവും കൂടുതല്‍ വര്‍ധിപ്പിച്ച സംസ്ഥാനത്തിനുള്ള ഇന്ത്യാ ടുഡേ ഗ്രൂപ്പിന്റെ അവാര്‍ഡ്. കേന്ദ്ര കൃഷിമന്ത്രി രാധാമോഹന്‍ സിങാണ് അവാര്‍ഡ് നല്‍കിയത്. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ഗോമാതാവിനെ വണങ്ങി, ഗോമൂത്രവും ചാണകവും വിശുദ്ധവസ്തുക്കളായി കാണുന്ന സാക്ഷാല്‍ സംഘപരിവാറുകാര്‍ ഭരിക്കുന്ന പല സംസ്ഥാനങ്ങളുമുള്ളപ്പോള്‍ ഈ കമ്മ്യൂണിസ്റ്റ് മന്ത്രിയെ തേടി ഈ പുരസ്‌കാരം വന്നതിന്റെ പൊരുളെന്താണ്? കേരളത്തിലെ പശുക്കള്‍ ഇങ്ങനെ സന്തോഷത്തോടെ അധികം പാല്‍ ചുരത്തുന്നതെന്താണ്? തുടങ്ങിയ സംശയങ്ങളുടെ പുറകെയുള്ള അന്വേഷണവും അതിലൂടെ കണ്ടെത്തിയ വസ്തുതകളുമാണ് ഈ കുറിപ്പിനാധാരം. ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണ് എന്ന് കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തില്‍ പറഞ്ഞത് മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയാണ്. ഗ്രാമസ്വരാജാണ് ഇന്ത്യയുടെ മോചനത്തിനുള്ള മാര്‍ഗം എന്നും അദ്ദേഹം പറഞ്ഞുവെച്ചു. 2001 ലെ സെന്‍സസ് പ്രകാരം ഇന്ത്യയിലെ 74 ശതമാനം ആളുകള്‍ ജീവിക്കുന്നത് 638,365 ലധികം ഗ്രാമങ്ങളിലാണ്. ഇന്ത്യ ഒരു കാര്‍ഷിക രാജ്യവുമാണ്. അതിനാല്‍തന്നെ ഇന്ത്യയുടെ സമഗ്രവികസനം സാധ്യമാവണമെങ്കില്‍ ഗ്രാമീണരുടെ ജീവിതനിലവാരം ഉയരണം. അതിനായുള്ള ജനപക്ഷ വികസനപദ്ധതികള്‍ ഉണ്ടാവണം.

ചെറുകിട കര്‍ഷകര്‍, കര്‍ഷകത്തൊഴിലാളികള്‍, കുടില്‍ വ്യവസായങ്ങള്‍ നടത്തുന്നവര്‍, ചില്ലറവ്യാപാരികള്‍, ആദിവാസികള്‍, പരമ്പരാഗത തൊഴിലുകളിലേര്‍പ്പെട്ടിരിക്കുന്നവര്‍, ഇവരുടെയെല്ലാം കുടുംബാംഗങ്ങളെപ്പോലെ കഴിയുന്ന പശുക്കള്‍, ആടുകള്‍, മറ്റ് പക്ഷിമൃഗാദികള്‍ ഇവര്‍ക്കെല്ലാം അനന്തമായ കാരുണ്യത്തോടെ വായുവും ജലവും ഫലഭൂയിഷ്ടമായ മണ്ണും നല്‍കിയിരിക്കുന്ന പ്രകൃതി. ഇവയെല്ലാം ചേര്‍ന്നതാണ് ഇന്ത്യ. ലോകബാങ്കിന്റെ കണക്കുപുസ്തകങ്ങളിലോ ഹാര്‍വാര്‍ഡില്‍ പഠിച്ച സാമ്പത്തികവിദഗ്ധരുടെ കിത്താബുകളിലോ ഈ ഇന്ത്യയെ കാണില്ല. സെന്‍സെക്‌സിലോ നിഫ്റ്റിയിലോ സ്റ്റോക്മാര്‍ക്കറ്റിലോ ഇല്ലാത്ത ഈ ഇന്ത്യയാണ് യഥാര്‍ത്ഥ ഇന്ത്യ. അത് കണ്ടെത്തിയ എം കെ ഗാന്ധിയെ നമ്മള്‍ രാഷ്ട്രപിതാവ് എന്ന് വിളിക്കുന്നു. അദ്ദേഹത്തെ വധിച്ചവര്‍ക്ക് ഇന്ത്യന്‍ ഗ്രാമങ്ങളുടെ ആന്തരിക ചൈതന്യം മനസ്സിലാവാത്തതില്‍ അത്ഭുതമേതുമില്ല. ഗ്രാമങ്ങള്‍ സ്വയം പര്യാപ്തമാവുന്നതെന്നോ അന്നാണ് ഇന്ത്യ സ്വയം പര്യാപ്തത നേടുക. ആ ദിശയിലുള്ള ഒരു ചെറിയ കാല്‍വെപ്പാണ് കേരളം നടത്തിയിരിക്കുന്നത്.
ആദ്യമായി ക്ഷീരസഹകരണസംഘങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചുകൊണ്ട് അവ ആ പ്രദേശങ്ങളിലെ സാമൂഹിക വികസനകേന്ദ്രങ്ങള്‍ ആക്കിമാറ്റി മെച്ചപ്പെട്ട സേവനം ലഭ്യമാക്കാന്‍ ഓട്ടോമേഷന്‍, ഹൈജീനിക്ക് മില്‍ക് റൂം, ഫാര്‍മര്‍ ഫെസിലിറ്റേഷന്‍ സെന്ററുകള്‍ ഇവയെല്ലാം നടപ്പിലാക്കി. ഇതിനായി 2017 — 18 വര്‍ഷങ്ങളില്‍ മാത്രം 25.85 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു. ‘ക്ഷീരഗ്രാമം’ പദ്ധതിയും സമഗ്രക്ഷീരവികസന പദ്ധതിയും ആവിഷ്‌കരിച്ചു. സ്റ്റേറ്റ് ഡയറി ലാബും റീജിയണല്‍ ഡയറി ലാബുകളും സ്ഥാപിച്ച് പാലിന്റെ ഗുണനിലവാരം ഉറപ്പുവരുത്തി. ഈ പദ്ധതികളിലൂടെ ക്ഷീരസംഘങ്ങള്‍ വഴിയുള്ള പാല്‍സംഭരണത്തില്‍ 2016–17 വര്‍ഷത്തില്‍ 5.94 ലക്ഷം മെട്രിക് ടണ്‍ പാലും 2017 — 18 വര്‍ഷത്തില്‍ 6.57 ലക്ഷം മെട്രിക് ടണ്‍ പാലും സംഭരിച്ച് വിതരണം ചെയ്യാന്‍ സാധിച്ചു. കേരളത്തിന്റെ ആഭ്യന്തര പാലുല്‍പ്പാദനം, ഉപഭോഗത്തിന്റെ 81 ശതമാനമായി ഉയര്‍ന്നു. താമസിയാതെ നമ്മുടെ ആവശ്യത്തിനുള്ള 100 ശതമാനം പാലും ആഭ്യന്തരമായി ഉല്‍പ്പാദിപ്പിക്കാന്‍ കഴിയും. ഇന്ത്യയില്‍ പാലിന് ഏറ്റവും ഉയര്‍ന്നവില കര്‍ഷകന് നല്‍കുന്ന സംസ്ഥാനവുമാണ് കേരളം.

ക്ഷീരകര്‍ഷകരെയും അവരുടെ കാലികളെയും ഉള്‍പ്പെടുത്തി സര്‍ക്കാര്‍തലത്തില്‍ സമഗ്ര ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കുന്ന സംസ്ഥാനമാണ് കേരളം. രണ്ട് ലക്ഷം ക്ഷീരകര്‍ഷകര്‍ക്കും അവരുടെ ഊരുകള്‍ക്കും ഈ പദ്ധതിയിലൂടെ സംരക്ഷണം ലഭിക്കും. മില്‍മ, മേഖലാ യൂണിയനുകള്‍, ക്ഷീരകര്‍ഷക ക്ഷേമനിധി ബോര്‍ഡ് എന്നീ സ്ഥാപനങ്ങളുടെ പങ്കാളിത്തവും ഉണ്ടാവും. ‘ക്ഷീരകര്‍ഷക’ കടാശ്വാസ പദ്ധതി നടപ്പിലാക്കിയിട്ടുള്ള ഇന്ത്യയിലെ ഏക സംസ്ഥാനമാണ് കേരളം. ബാങ്ക് വായ്പയെടുത്തുവാങ്ങിയ കറവമാടുകള്‍ ചത്തുപോവുകയോ ഉല്‍പ്പാദനശേഷി കുറയുകയോ ചെയ്ത് ബാങ്ക് വായ്പ തിരിച്ചടയ്ക്കനാവാതെ കടക്കെണിയില്‍പ്പെട്ടുപോവുന്ന ക്ഷീരകര്‍ഷകര്‍ക്ക് ധനാശ്വാസമായി അഞ്ച് കോടി രൂപ 2016 — 17 വര്‍ഷത്തില്‍ മാത്രം സര്‍ക്കാര്‍ നല്‍കുകയുണ്ടായി. കാലിത്തീറ്റ സബ്‌സിഡി ഇനത്തില്‍ മാത്രം 12.50 കോടി രൂപ 17 — 18ല്‍ 13 കോടി രൂപയും കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടില്‍ നല്‍കിയ സംസ്ഥാനമാണ് കേരളം. പ്രകൃതിദുരന്തം, അസുഖം ഇവമൂലം കന്നുകാലികളെ നഷ്ടപ്പെടുന്നവര്‍ക്ക് സഹായത്തിനായി ‘കണ്ടിജന്‍സി ഫണ്ട്’ രൂപീകരിച്ചിട്ടുണ്ട്.
ക്ഷീരകര്‍ഷകര്‍ക്ക് ക്ഷേമനിധി ഏര്‍പ്പെടുത്തി സര്‍ക്കാര്‍ നേരിട്ട് പെന്‍ഷന്‍ നല്‍കുന്ന ഇന്ത്യയിലെ ഏക സംസ്ഥാനമാണ് കേരളം. ഇപ്പോള്‍ 500 രൂപയില്‍ നിന്നും 1100 രൂപയായി പെന്‍ഷന്‍ വര്‍ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇത് മറ്റ് സാമൂഹ്യസുരക്ഷാ പെന്‍ഷനുകളുടെ കൂടെ ഏറ്റെടുത്ത് സര്‍ക്കാര്‍ നടപ്പിലാക്കുന്നു. ക്ഷീരകര്‍ഷകര്‍ അഭിമുഖീകരിക്കുന്ന ഒരു പ്രധാന പ്രശ്‌നമായ കറവക്കാരുടെ അഭാവം പരിഹരിക്കുന്നതിനായി മൃഗസംരക്ഷണ വകുപ്പ് മുഖേന കറവയന്ത്രം സ്ഥാപിക്കുന്ന പദ്ധതിയിലൂടെ കര്‍ഷകന് കറവയന്ത്രം വാങ്ങുവാനായി 25000 രൂപ ധനസഹായം നല്‍കുന്നു. മേല്‍പറഞ്ഞ പദ്ധതികളിലൂടെയെല്ലാം സംസ്ഥാനത്തെ ക്ഷീരകര്‍ഷകര്‍ക്ക് സാമൂഹ്യസുരക്ഷിതത്വം ഉറപ്പാക്കാനും പാലിന്റെ വിപണനം കുറ്റമറ്റതാക്കാനും നല്ല വരുമാനം ലഭിക്കാനും സാധിച്ചു. ഇനി ഗോമാതാക്കളുടെ കാര്യം അവരുടെ അവസ്ഥ ഈ സംസ്ഥാനത്ത്, പ്രത്യേകിച്ച് ഈശ്വരവിശ്വാസമില്ലാത്തവര്‍ ദൃഢപ്രതിജ്ഞയെടുത്ത് ഭരിക്കുമ്പോള്‍ എന്താണ്?

സംസ്ഥാനത്ത് വര്‍ഷത്തില്‍ നാലു ലക്ഷത്തോളം കന്നുകുട്ടികള്‍ ജനിക്കുന്നു എന്നാണ് കണക്ക്. ലോക ബാങ്കിന്റെയല്ല — നമ്മുടെ സര്‍ക്കാരിന്റെ. ഇതില്‍ രണ്ടുലക്ഷത്തോളം പശുക്കുട്ടികളാണ്. പലപ്പോഴും ജനിച്ചുവീഴുന്ന മുഴുവന്‍ പശുക്കുട്ടികള്‍ക്ക് ശാസ്ത്രീയ പരിചരണം ലഭിക്കുന്നില്ല. അതിനാല്‍ മൃഗസംരക്ഷണ വകുപ്പ് പശുക്കുട്ടികളെ ദത്തെടുത്ത് കന്നുകുട്ടി പരിപാലന — ഗോവര്‍ദ്ധിനി പദ്ധതികളുടെ കീഴില്‍ എന്റോള്‍ ചെയ്ത് കന്നുകുട്ടിയുടെ ശരിയായ വളര്‍ച്ച ലക്ഷ്യമാക്കി പോഷകസംമ്പുഷ്ടമായ തീറ്റ സബ്‌സിഡി നിരക്കില്‍ നല്‍കിയും ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കിയും സംരക്ഷിക്കുന്നു. ഒരു പശുക്കുട്ടിക്ക് 12500 രൂപയാണ് സബ്‌സിഡി. (ക്ഷമിക്കണം പശുവിന് ആധാര്‍ കാര്‍ഡ് നല്‍കുന്നതിന് പ്രഥമ പരിഗണന നല്‍കുന്നവര്‍ക്ക് പശുക്കുട്ടിക്ക് പോഷകാഹാരം നല്‍കുന്നതിന്റെ ആവശ്യം മനസിലാകണമെന്നില്ല). കന്നുകാലികള്‍ക്ക് ‘ഗോസമൃദ്ധി’ എന്ന ഇന്‍ഷുറന്‍സ് സ്‌കീമും നടപ്പിലാക്കിയിട്ടുണ്ട്. പശുക്കള്‍ക്ക് സമൃദ്ധമായി തീറ്റപുല്‍ ലഭ്യമാക്കുന്നതിന്റെ ഭാഗമായി 2016 നവംബര്‍ മുതല്‍ തീറ്റപുല്‍ കൃഷി വര്‍ഷമായി പ്രഖ്യാപിച്ച് 2017 — 18 വര്‍ഷം 94 ഹെക്ടര്‍ സ്ഥലത്തേക്കുകൂടി തീറ്റ പുല്‍കൃഷി വ്യാപിപ്പിച്ചു. 2018 — 19 വര്‍ഷം 5495 ഹെക്ടര്‍ നിലത്തേക്കും വരുംവര്‍ഷങ്ങളില്‍ 2285 ഹെക്ടര്‍ സ്ഥലത്തേക്കും തീറ്റപ്പുല്‍കൃഷി വ്യാപിപ്പിക്കുവാന്‍ ക്ഷീരവികസനവകുപ്പ് ഒരുങ്ങുന്നു. സ്വയംസഹായ സംഘങ്ങള്‍, വനിതാഗ്രൂപ്പുകള്‍, കുടുംബശ്രീ ഇവരെല്ലാം ഈ ഉദ്യമത്തില്‍ കൈകോര്‍ക്കുന്നു. കേരളത്തിലെ തനത് ഇനം പശുക്കളായ വെച്ചൂര്‍ പശു, കാസര്‍ഗോഡ് കുള്ളന്‍ തുടങ്ങിയ ഇനങ്ങളെ സംരക്ഷിക്കുവാനും എണ്ണം വര്‍ധിപ്പിക്കുവാനുമുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്.

മൃഗസംരക്ഷണരംഗത്ത് തിരുവനന്തപുരത്ത് ഒരു പുതിയ മള്‍ട്ടി സ്‌പെഷ്യാലിറ്റി വെറ്റിനറി ആശുപത്രി — പേവിഷ പ്രതിരോധ വാക്‌സിന്‍ നിര്‍മാണയൂണിറ്റ്, കന്നുകാലിരോഗ നിയന്ത്രണ പദ്ധതിയിലൂടെ കര്‍ഷക ഭവനസന്ദര്‍ശനം വഴി സംസ്ഥാനത്തെ മുഴുവന്‍ കന്നുകാലികള്‍ക്കും കുളുമ്പുരോഗത്തിനെതിരെ പ്രതിരോധകുത്തിവെപ്പ് നല്‍കുന്ന ഗോരക്ഷാ പദ്ധതിയിലൂടെ 23 റൗണ്ട് പ്രതിരോധ കുത്തിവെപ്പുകള്‍ കേരളത്തിലെ മുഴുവന്‍ കന്നുകാലികള്‍ക്കും നല്‍കി രോഗഭീഷണിയില്‍ നിന്നും കേരളത്തിലെ കന്നുകാലികളെ മുക്തരാക്കി. ഇതൊക്കെയായിരിക്കാം നമ്മുടെ ഗോമാതാക്കള്‍ ഇന്ത്യയില്‍ പഞ്ചാബിലെ പശുക്കള്‍ക്ക് താഴെ രണ്ടാം സ്ഥാനത്ത് പ്രതിദിനം 10.22 ലിറ്റര്‍ പാല്‍ സന്തോഷത്തോടെ തരുന്നത്.
കുറിപ്പവസാനിപ്പിക്കുന്നതിന് മുമ്പ് ഒരു ചെറിയ കാര്യം കൂടി. ഈ കുറിപ്പ് ദേശഭാഷയിലായിരുന്നു തയ്യാറാക്കേണ്ടിയിരുന്നത്. ആ ഭാഷയിലെ ലേഖകന്റെ പ്രാവീണ്യ കുറവാണ് മാതൃഭാഷയില്‍ എഴുതാന്‍ കാരണം. എന്നാല്‍ ഈ കുറിപ്പ് വായിക്കാനിടവരുന്ന ഏത് ഗോസംരക്ഷകനും ഇത് ഹിന്ദു, ഉറുദു, സംസ്‌കൃതം മുതലായ ദേശഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യുവാനും പ്രസ്തുത ഭാഷകള്‍ സംസാരിക്കുന്ന പ്രദേശങ്ങളിലെ ക്ഷീരകര്‍ഷകര്‍ക്ക് അയച്ചുകൊടുക്കാനും പകര്‍പ്പവകാശനിയമം ബാധകമല്ല എന്നുകൂടി അറിയിക്കുന്നു.
ഗോസംരക്ഷണ വിഷയത്തില്‍ താല്‍പ്പര്യമുള്ള എല്ലാ ഇന്ത്യക്കാര്‍ക്കും ഇടതുപക്ഷം ഭരിക്കുന്ന കേരളത്തിലെ സംസ്ഥാന ക്ഷീരവികസന വകുപ്പിനെ സമീപിച്ചാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാവുകയും ചെയ്യും.