24 March 2025, Monday
KSFE Galaxy Chits Banner 2

Related news

March 24, 2025
March 24, 2025
March 24, 2025
March 23, 2025
March 23, 2025
March 23, 2025
March 22, 2025
March 22, 2025
March 22, 2025
March 21, 2025

യുപിയിലെ പാഠ്യപദ്ധതിയില്‍ പശു പഠനം; മെഡിക്കല്‍ ഗവേഷണത്തിന് ഗോമൂത്രം

Janayugom Webdesk
ലഖ‍്നൗ
February 16, 2025 10:47 pm

ഉത്തര്‍പ്രദേശ് സര്‍ക്കാര്‍, സ്കൂള്‍ പാഠ്യപദ്ധതിയില്‍ പശുപഠനവും ഗവേഷണവും ഉള്‍പ്പെടുത്തി. മെഡിക്കല്‍ ഗവേഷണത്തിനായി, ലിറ്ററിന് അഞ്ച് രൂപയ്ക്ക് നാടന്‍ പശുക്കളുടെ മൂത്രം വാങ്ങാനും തീരുമാനിച്ചു. സംസ്ഥാന ക്ഷീരവികസന വകുപ്പാണ് പദ്ധതി തയ്യാറാക്കിയത്. 

ഗോ പരിപാലനം പ്രോത്സാഹിപ്പിക്കുക, സംരക്ഷിക്കുക, സമ്പദ്‍വ്യവസ്ഥയിലും സാംസ്കാരിക രംഗങ്ങളിലും കാലികളുടെ പങ്ക് വിപുലമാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് സമഗ്രമായ പദ്ധതി ആവിഷ്കരിച്ചതെന്ന് ആദിത്യനാഥ് സര്‍ക്കാര്‍ അവകാശപ്പെടുന്നു. സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള സിലബസ് തയ്യാറാക്കാന്‍ മഥുര ആസ്ഥാനമായ പണ്ഡിറ്റ് ദീന്‍ ദയാല്‍ ഉപാധ്യായ വെറ്ററിനറി സയന്‍സ് സര്‍വകലാശാലയോടും കന്നുകാലി ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ടിനോടും ആവശ്യപ്പെട്ടിട്ടുണ്ട്. അത് തയ്യാറായാല്‍ വിദ്യാഭ്യാസ വകുപ്പിന് കൈമാറും. 

ഗവേഷണം, വൈദ്യശാസ‍്ത്രം, വിദ്യാഭ്യാസം, കൃഷി എന്നീ മേഖലകളില്‍ പശുക്കളെ ഉള്‍പ്പെടുത്താനുള്ള പദ്ധതി ആവിഷ്കരിച്ചതായി ക്ഷീരവികസന സഹമന്ത്രി ധരംപാല്‍ സിങ് പറഞ്ഞു. പശുക്കളുടെ പ്രാധാന്യത്തെ കുറിച്ച് വിദ്യാര്‍ത്ഥികള്‍ തുടക്കം മുതല്‍ അറിഞ്ഞാല്‍ അവയുടെ ഉല്പാദനക്ഷമത മനസിലാക്കാന്‍ കഴിയും. ആദ്യം പ്രൈമറിതലത്തിലാണ് പദ്ധതി അവതരിപ്പിക്കുക, പിന്നീട് സെക്കന്‍ഡറി, ഉന്നതവിദ്യാഭ്യാസ മേഖലകളില്‍ ഉള്‍പ്പെടുത്തുമെന്നും പറഞ്ഞു.
ചാണകം, ഗോമൂത്രം എന്നിവയുടെ ഗവേഷണത്തിലും സര്‍ക്കാര്‍ ശ്രദ്ധകേന്ദ്രീകരിക്കുമെന്നും അവയുടെ ഗുണങ്ങള്‍ പുതുതലമുറ അറിഞ്ഞിരിക്കണമെന്നും മന്ത്രി വ്യക്തമാക്കി. യുപിയില്‍ പ്ലാന്റ് തുടങ്ങാന്‍ താല്പര്യം അറിയിച്ച ഗുജറാത്തിലെ ഡയറി സ്ഥാപനവുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തി. ആയുര്‍വേദ മരുന്നുകളുടെ ഗവേഷണത്തിനും മറ്റ് മെഡിക്കല്‍ ഗവേഷണങ്ങള്‍ക്കും ഗോമൂത്രം ഉപയോഗിക്കുമെന്നാണ് പറയുന്നത്.

യുപി സര്‍ക്കാര്‍ കണക്കനുസരിച്ച് 7,713 കേന്ദ്രങ്ങളിലായി 12.43 ലക്ഷത്തിലധികം പശുക്കള്‍ക്ക് അഭയം നല്‍കുന്നുണ്ട്. 543 പശു സംരക്ഷണകേന്ദ്രങ്ങളുടെ നിര്‍മ്മാണത്തിന് സംസ്ഥാനം അംഗീകാരം നല്‍കിയിട്ടുണ്ട്. അതില്‍ 372 എണ്ണം പ്രവര്‍ത്തന ക്ഷമമായി. പശുപരിപാലന അലവന്‍സ് പ്രതിദിനം 30ല്‍ നിന്ന് 50 രൂപയായി ഉയര്‍ത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രി സഹഭഗീത യോജനയ്ക്ക് കീഴില്‍ 1.05 ലക്ഷം ഗുണഭോക്താക്കള്‍ 1.62 ലക്ഷം പശുക്കളെ ഏറ്റെടുത്തു. ഓരോ ഗുണഭോക്താവിനും മാസന്തോറും 1,500 രൂപ ലഭിക്കും. 

നാടന്‍ പശുക്കളില്‍ നിന്ന് ലഭിക്കുന്ന ഉല്പന്നങ്ങളുടെ മൂല്യവര്‍ധനവ് കര്‍ഷകരുടെ മാക്രോ ഇക്കണോമിയും വളര്‍ച്ചയും വര്‍ധിപ്പിക്കുമെന്ന് ദുവാസുവിലെ വെറ്ററിനറി ഫാര്‍മക്കോളജി ആന്റ് ടോക്സിക്കോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫ. ഡോ. അമിത് ശുക്ല പ്രതികരിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.