26 March 2024, Tuesday

സി പി നായർ: പകരം വെക്കാനില്ലാത്ത വ്യക്തിത്വത്തിനുടമ എൻ ശ്രീകുമാർ

Janayugom Webdesk
October 1, 2021 3:50 pm

കേരളത്തിന്റെ മുൻ ചീഫ് സെക്രട്ടറി സി.പി.നായർ വിടവാങ്ങി. കേരളത്തിന്റെ ഭരണ രംഗത്തെയും, സാഹിത്യ സാംസ്കാരിക രംഗത്തെയും അഭിജാതമായൊരു സാന്നിധ്യമാണ് ഇതിലൂടെ അസ്തമിച്ചിരിക്കുന്നത്. മികച്ച വിദ്യാർഥിയും മികച്ച അധ്യാപകനുമായിരുന്നു, അദ്ദേഹം. ഉന്നതങ്ങളിൽ വിഹരിക്കുമ്പോഴും , തനി നാട്ടുകാരനായ ഗ്രാമീണനായി ജീവിക്കാനും ചിന്തിക്കാനും അദ്ദേഹത്തിനായി .

ഭരണരംഗത്ത് അദ്ദേഹം ചെയ്ത മഹദ് പ്രവർത്തനങ്ങൾ വിശദീകരിക്കാൻ ഇപ്പോൾ ശ്രമിക്കുന്നില്ല. എന്നാൽ, 2006-11 കാലത്തെ ഇടതുപക്ഷ സർക്കാരിന്റെ കാലഘട്ടത്തിൽ അദ്ദേഹത്തെ ഏൽപ്പിച്ച ചുമതല കേരളത്തിലെ വിദ്യാഭ്യാസ നിയമങ്ങളും ചട്ടങ്ങളും പരിഷ്കരിക്കുക എന്ന ദൗത്യമായിരുന്നു. അന്ന്, അദ്ദേഹത്തോടൊപ്പം നിയമിച്ച സമിതിയിലെ ഒരംഗമായി പ്രവർത്തിക്കാൻ അവസരം ലഭിച്ചയാളാണ്, ഞാൻ. അദ്ദേഹം പുലർത്തുന്ന ജനാധിപത്യ മര്യാദയും കാര്യങ്ങളെ വിശകലനം ചെയ്യുന്ന രീതിയും എത്ര അദ്ഭുതാവഹമാണെന്ന് തോന്നിപ്പോയിട്ടുണ്ട്. ഇടപെടലിൽ വലിപ്പചെറുപ്പമില്ല. ചെറിയതെന്നോ വലിയ തെന്നോ വേർതിരിക്കാതെ അഭിപ്രായങ്ങളെയെല്ലാം മാനിച്ചു. മറ്റുള്ളവരെ അംഗീകരിക്കുന്നതിൽ അസാമാന്യ മനസ്സ് അദ്ദേഹം പ്രകടിപ്പിച്ചു. സി.പി.നായർ എന്ന വ്യക്തി ഒരു പാഠപുസ്തകമാണെന്ന് അടുത്തറിഞ്ഞവർക്കൊക്കെ ബോധ്യപ്പെട്ടിട്ടുണ്ടാകും.

 


ഇതുകൂടി വായിക്കൂ: സിപി നായര്‍ അന്തരിച്ചു


 

കേരള വിദ്യാഭ്യാസ നിയമങ്ങളും ചട്ടങ്ങളും പരിഷ്കരിക്കാനുള്ള തീരുമാനം, അധികാര വികേന്ദ്രീകരണത്തിന്റെ പശ്ചാത്തലത്തിലാണ് അന്ന് കൈക്കൊണ്ടത്. ഹയർ സെക്കന്ററി സ്കൂൾ വിദ്യാഭ്യാസത്തിന്റെ ഭാഗമായി തീർന്നതുൾപ്പെടെയുള്ള സാഹചര്യങ്ങൾ ഉണ്ടായിരുന്നു, പരിഷ്ക്കരണ ഉദ്ദേശ്യങ്ങളിൽ. എന്നാൽ, കേരളത്തിലെ പൊതു വിദ്യാഭ്യാസ മേഖലയുടെ സമഗ്ര ഉടച്ചുവാർക്കലിനായി നിർദ്ദേശം രൂപീകരിക്കാൻ ഈ സാഹചര്യം ഉപയോഗപ്പെടുത്തണമെന്നാണദ്ദേഹം ആഗ്രഹിച്ചത്. ആ നിർദ്ദേശങ്ങൾ പ്രാവർത്തികമാക്കാൻ ആ സർക്കാരിനായില്ല. എന്നാൽ, അന്ന് രൂപീകരിച്ച നിർദ്ദേശങ്ങൾ മാത്രമേ അതിന് ശേഷം അധികാരത്തിൽ വന്ന സർക്കാരുകൾക്ക് വിദ്യാഭ്യാസ പരിഷ്കാരമെന്ന നിലയിൽ ചെയ്യാൻ ഉണ്ടായിട്ടുള്ളു. നാളെകളിൽ നടപ്പാകാനും ഇടയുള്ളു. അത്, ആ പരിഷക്കരണ ലക്ഷ്യങ്ങളുടെ ദീർഘവീക്ഷണത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. നാട്ടിൻ പുറത്തെ സാധാരണ വിദ്യാലയങ്ങൾ നന്നായാലേ, കേരളത്തിന്റെ പൊതു സമൂഹം വളരുകയുള്ളുവെന്ന് അദ്ദേഹം കരുതിയിരുന്നു.

എയ്ഡഡ് സ്കൂൾ അധ്യാപക, അനധ്യാപക നിയമനങ്ങൾ സ്റ്റാറ്റ്യുട്ടറി ബോഡിയായൊരു റിക്രൂട്ട്മെന്റ് ബോർഡിന്റെ നിയന്ത്രണത്തിൽ കൊണ്ടുവരണമെന്ന നിർദ്ദേശം അന്ന്, കെ.ഇ.ആർ ഭേദഗതി നിർദ്ദേശത്തിൽ ഉൾപ്പെട്ടിരുന്നു. എയ്ഡഡ് സ്ഥാപനങ്ങളിൽ സാമൂഹിക നീതി പാലിക്കാനും സംവരണ തത്ത്വങ്ങൾ നടപ്പിലാക്കാനും അതിലൂടെ സാധിക്കുമെന്ന് വിലയിരുത്തി. എയ്ഡഡ് മാനേജ്മെന്റുകൾ വിദ്യാഭ്യാസ വ്യാപനത്തിനായി ഈ മേഖലയിൽ നിർവഹിച്ച ഉത്തരവാദിത്തങ്ങളെ കൂടി ഉൾക്കൊള്ളണമെന്നും, അന്ന് അദ്ദേഹം ഓർമ്മിപ്പിച്ചിരുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ അന്ന് മുന്നോട്ടു വെച്ച വിദ്യാഭ്യാസ പുരോഗമന ആശയങ്ങൾ ഭാവി കേരളത്തിനും തള്ളിക്കളയാനാവില്ല.

 


ഇതുകൂടി വായിക്കൂ: മതസംഘര്‍ഷത്തിന്റെ സാഹചര്യങ്ങളെ അതിജീവിക്കണം: മുഖ്യമന്ത്രി


 

സ്നേഹ നിധിയായ അദ്ദേഹം, സമിതിയിലുണ്ടായിരുന്ന താരതമ്യേന ചെറുപ്പക്കാര വരോട് കാട്ടിയ പ്രോത്സാഹനം വളരെ വലുതായിരുന്നു. അധ്യാപക പ്രസ്ഥാനങ്ങളെയും എല്ലാ തൊഴിലാളി പ്രസ്ഥാനങ്ങളെയും അദ്ദേഹം അളവറ്റ് ആദരിച്ചിരുന്നു. 2010 ൽ എ കെ എസ് ടി യു നടത്തിയ കെ.ഇ.ആർ. പരിഷ്ക്കരണം നടപ്പിലാക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ജാഥ തിരുവനന്തപുരത്ത് സെക്രട്ടറിയറ്റിന് മുന്നിൽ സമാപിക്കുമ്പോൾ അദ്ദേഹത്തിന് സാന്നിധ്യം അഭ്യർഥിച്ചു കൊണ്ട് കത്തെഴുതിയിരുന്നു. കത്ത് ലഭിച്ച ഉടൻ അദ്ദേഹം ഫോണിൽ വിളിച്ച് അസൗകര്യം അറിയിച്ചു. എന്നാൽ ആ കത്തിലെ കൈയ്യക്ഷരം എത്ര മനോഹരമായി എന്ന് അഭിനന്ദിച്ചത്, ഇപ്പോഴും സ്വകാര്യമായി ഓർത്ത് അഭിമാനിക്കാറുണ്ട്.

ഇടതുപക്ഷ മനസ്സുള്ള ഒരു സിവിൽ സർവീസ് മേധാവിയായിരുന്നു അദ്ദേഹം. അതിന്റെ എല്ലാ പുരോഗമന കാഴ്ചപ്പാടും നന്മയും എപ്പോഴും പുലർത്തി. അദ്ദേഹത്തിന്റെ വിയോഗം പറഞ്ഞറിയിക്കാനാവാത്തത്ര വേദനയുണ്ടാക്കുന്നതാണെന്ന കാര്യത്തിൽ സംശയമില്ല.

 

Eng­lish Sum­ma­ry: CP Nair: N Sreeku­mar has an irre­place­able personality

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.