മോഡി സര്‍ക്കാരിനെ പുറത്താക്കാന്‍ തൊഴിലാളി സംഘടനകള്‍ പ്രതിജ്ഞാബദ്ധം

Web Desk
Posted on April 26, 2018, 7:53 pm

അമര്‍ജിത് കൗര്‍

നരേന്ദ്രമോഡി നയിക്കുന്ന ബിജെപി ഗവണ്‍മെന്റ് തൊഴില്‍ നിയമങ്ങള്‍ ഭേദഗതി ചെയ്ത് തൊഴിലാളിവര്‍ഗത്തെ നിരന്തരം ആക്രമിച്ചുകൊണ്ടിരിക്കുകയാണ്. ഫാക്ടറീസ് ആക്ട് (1948), അപ്രന്റിസ് ആക്ട് (1961), ലേബര്‍ ലാസ് ആക്ട് (1988), ചൈല്‍ഡ് ആന്റ് അഡോളസെന്റ് ലേബര്‍ (പ്രൊഹിബിഷന്‍ ആന്റ് റഗുലേഷന്‍) ആക്ട് (1986), ഇവയിലെല്ലാംതന്നെ തൊഴിലാളിവിരുദ്ധവും കോര്‍പ്പറേറ്റുകളുടെയും മുതലാളിമാരുടെയും താല്‍പ്പര്യങ്ങള്‍ക്കനുസൃതവുമായി ഭേദഗതികള്‍ വരുത്തിയിരിക്കുന്നു. പല സംസ്ഥാനങ്ങളിലും തൊഴില്‍ നിയമങ്ങള്‍ നടപ്പിലാക്കാനുള്ള മിനിമം തൊഴിലാളികളുടെ എണ്ണം നൂറില്‍ നിന്നും 300 ആക്കി ഉയര്‍ത്തി. ഇപ്പോള്‍ പാര്‍ലമെന്റിന്റെ പരിഗണനയിലുള്ള ചെറുകിട ഫാക്ടറീസ് ആക്ട് നിയമമായി മാറിയാല്‍ 40 തൊഴിലാളികള്‍ വരെ ജോലി ചെയ്യുന്ന ഫാക്ടറികളില്‍ 16 ഓളം തൊഴില്‍ നിയമങ്ങള്‍ ബാധകമല്ലാതാകും.
ഈ നിയമഭേദഗതികള്‍ സ്ത്രീകളെ രാത്രികാലങ്ങളിലും അപകടകരമായ തൊഴില്‍ സാഹചര്യങ്ങളിലും ജോലി ചെയ്യിക്കാന്‍ തൊഴില്‍ദായകരെ അനുവദിക്കുന്നു. അതേസമയം തന്നെ നാണംകെട്ട ആര്‍എസ്എസ്, ബിജെപി ഗവണ്‍മെന്റ് സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് വിടുവായത്തം പറയുകയും ചെയ്യുന്നു. അതുപോലെ ഓവര്‍ടൈം പത്തര മണിക്കൂറില്‍ നിന്നും 12 മണിക്കൂര്‍ ആയി വര്‍ധിപ്പിക്കുവാനും തൊഴിലാളികളുടെ ആഴ്ച അവധി തൊഴിലുടമയുടെ ഇഷ്ടാനുസരണം ഇലക്ട്രിസിറ്റി ലഭ്യതയുടെ പേരുപറഞ്ഞു മാറ്റാനും തൊഴിലാളി യൂണിയനുകള്‍ രൂപീകരിക്കുന്നത് തടയാനും ഫാക്ടറീസ് ആക്ടില്‍ ഭേദഗതി വരുത്തുന്നതിനും നിര്‍ദേശങ്ങള്‍ ഉണ്ട്. ഇത്തരം മാറ്റങ്ങള്‍ അസംഘടിത മേഖലയിലെ തൊഴിലാളികളെയും പുറംകരാര്‍ ജോലിക്കാരെയും കൂടുതല്‍ ബാധിക്കും. ഇപ്പോള്‍ നിശ്ചിത കാലയളവിലേയ്ക്കുമാത്രം തൊഴില്‍ നല്‍കുക എന്ന ഒരു നയം കേന്ദ്ര ബജറ്റിലും സാമ്പത്തികനയത്തിലും സ്വീകരിച്ചുകൊണ്ട് കരാര്‍ ജോലിക്കും ദിവസക്കൂലിക്കും നിയമസാധുതവരുത്താനും അതുവഴി തൊഴില്‍ സുരക്ഷിതത്വം പൂര്‍ണമായി നിഷേധിക്കാനും കളമൊരുങ്ങിക്കഴിഞ്ഞു. ഷോപ്പ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് ഭേദഗതി ചെയ്യുകവഴി കച്ചവടസ്ഥാപനങ്ങളിലെ തൊഴിലാളികളുടെ തൊഴില്‍ സുരക്ഷ പൂര്‍ണമായി ഇല്ലാതാക്കുകയും അവരെ അരക്ഷിതാവസ്ഥയിലേയ്ക്ക് തള്ളിവിടുകയും ചെയ്യും.
തൊഴിലാളികളുടെ ജീവിതാവസ്ഥ അനുദിനം മോശമായിക്കൊണ്ടിരിക്കുകയാണ്. യഥാര്‍ത്ഥ വേതനത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന കുറവ്, വിലക്കയറ്റം, തൊഴിലില്ലായ്മ ഇവയെല്ലാം കാരണം ഓരോ ദിവസവും സ്ഥിതി രൂക്ഷമായിക്കൊണ്ടിരിക്കുന്നു. യൂണിയനുകള്‍ രൂപീകരിക്കുന്നതും ഉള്ളവ നിലനിര്‍ത്തുന്നതും അത്യന്തം പ്രയാസമേറിയ കര്‍ത്തവ്യമായി മാറുന്നു. പുതിയ യൂണിയനുകള്‍ രജിസ്റ്റര്‍ ചെയ്യുന്നത് അതീവ ദുഷ്‌കരമായി. സംഘടിത തൊഴിലാളിവര്‍ഗത്തിനുനേരെ രൂക്ഷമായ അക്രമങ്ങള്‍ നടക്കുന്നു. അവകാശങ്ങള്‍ ഹനിക്കപ്പെടുന്നു.

 ഇന്ത്യയുടെ പൊതുസ്വത്ത് വിറ്റഴിക്കുന്നതില്‍ മോഡി സര്‍ക്കാര്‍ അന്തര്‍ദേശീയ ഫിനാന്‍സ് മൂലധനശക്തികളുമായി കൈകോര്‍ത്തിരിക്കുകയാണ്. ഇന്ത്യന്‍ റയില്‍വേയിലേക്ക് ഡീസല്‍ നല്‍കാനുള്ള കരാര്‍ ഐഒസിയില്‍ നിന്നും ഒഎന്‍ജിസിയില്‍ നിന്നും മാറ്റി റിലയന്‍സിന് നല്‍കിയിരിക്കുന്നു. നൂറ് ശതമാനം വിദേശനിക്ഷേപം പ്രതിരോധമേഖലയില്‍ അനുവദിച്ചുകൊണ്ട് രാജ്യസുരക്ഷതന്നെ അപകടത്തിലാക്കുകയാണ് മോഡിസര്‍ക്കാര്‍.
പാര്‍ലമെന്റിലുള്ള ഭൂരിപക്ഷമുപയോഗിച്ചുകൊണ്ട് സ്വതന്ത്ര ഇന്ത്യ വര്‍ഷങ്ങള്‍കൊണ്ട് വളര്‍ത്തിയെടുത്തതെല്ലാംതന്നെ നശിപ്പിക്കുന്ന തിരക്കിലാണ് ബിജെപി. വിദ്യാഭ്യാസരംഗം സ്വകാര്യവല്‍ക്കരിച്ച് അതിനെ വര്‍ഗീയതയും പഴഞ്ചന്‍ ആശയങ്ങളും സങ്കുചിതത്വവും വളര്‍ത്താന്‍ ഉപയോഗിക്കുന്നു. എല്ലാ ജനാധിപത്യ / സ്വയംഭരണ സ്ഥാപനങ്ങളും എന്‍സിആര്‍ടിയും എസ്‌സിആര്‍ടിയുമടക്കം അവരുടെ തീവ്ര അനുഭാവികളെക്കൊണ്ട് നിറച്ച് ആ സ്ഥാപനങ്ങളുടെ ജനാധിപത്യ സ്വയംഭരണ സ്വഭാവം ഇല്ലാതാക്കുന്നു. അമിതാബ് കാന്ത് എന്ന നീതി ആയോഗ് സിഇഒ വിദ്യാഭ്യാസരംഗവും ആരോഗ്യരംഗവും സ്വകാര്യ കുത്തകകള്‍ക്ക് തീറെഴുതണമെന്ന പ്രബന്ധമെഴുതി സര്‍ക്കാരിന് നല്‍കുന്നു.

ഈ കാലഘട്ടത്തില്‍ പ്രതീക്ഷ നല്‍കുന്ന ഒരു സംഭവവികാസം വിവിധ തൊഴിലാളി സംഘടനകള്‍ യോജിച്ച് രാജ്യമെമ്പാടും നടക്കുന്ന കര്‍ഷക സമരങ്ങളെ പിന്താങ്ങാന്‍ മുന്നോട്ടുവരുന്നു എന്നതാണ്. അതുപോലെതന്നെ മോഡി സര്‍ക്കാരിന്റെ വികലനയങ്ങളെ ചോദ്യം ചെയ്യുന്നതിന്റെ ഫലമായി ആക്രമണം നേരിടുന്ന വിദ്യാര്‍ഥി, അധ്യാപക പ്രസ്ഥാനങ്ങളെ പിന്തുണയ്ക്കാന്‍ തൊഴിലാളി സംഘടനകള്‍ മുന്നോട്ടുവരുന്നു എന്നതും ശുഭോദര്‍ക്കരമാണ്.
എഐടിയുസി നേതൃത്വത്തിലുള്ള യൂണിയനുകള്‍ പത്രപ്രവര്‍ത്തകരെയും എഴുത്തുകാരെയും പണ്ഡിതരെയും കൊല ചെയ്യുന്നതിനെതിരെ പരസ്യമായി രംഗത്തുവന്നു. യൂണിയനുകള്‍ സംയുക്തമായി ആള്‍ക്കൂട്ട അക്രമങ്ങളെ അപലപിച്ചു. തൊഴിലാളികള്‍ മോഡി സര്‍ക്കാരിന്റെ ഭിന്നിപ്പിക്കല്‍ നയത്തെ കുറിച്ച് ബോധവാന്മാരവണം. വര്‍ഗീയ വിഷയങ്ങളും മറ്റ് വ്യാജ വിഷയങ്ങളും മാധ്യമങ്ങളിലൂടെ പ്രത്യേകിച്ച് ഇലക്‌ട്രോണിക്, സോഷ്യല്‍, മാധ്യമങ്ങളിലൂടെ സൃഷ്ടിച്ച് യഥാര്‍ത്ഥ വിഷയങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കുന്ന ഭരണപാര്‍ട്ടിയുടെ അജന്‍ഡയെ കുറിച്ച് തൊഴിലാളികള്‍ ബോധവാന്മാരായിരിക്കണം. 2017 നവംബര്‍ 9, 10, 11 തീയതികളില്‍ ദേശീയ ട്രേഡ് യൂണിയനുകള്‍ സംഘടിപ്പിച്ച പാര്‍ലമെന്റ് മാര്‍ച്ച്, 2018 ജനുവരി 17ല്‍ നടന്ന സംയുക്ത ട്രേഡ്‌യൂണിയനുകളുടെ അഖിലേന്ത്യാ പണിമുടക്ക്, കൂടാതെ 2018 ജനുവരി മുതല്‍ ഫെബ്രുവരി അവസാനം വരെ സംസ്ഥാനാടിസ്ഥാനത്തില്‍ വിവിധ ദിവസങ്ങളില്‍ നടത്തിയ പ്രതിഷേധം എന്നിവ വിജയമായിരുന്നു. ദേശീയ ട്രേഡ് യൂണിയനുകള്‍ 2018 ‑19ലെ ബജറ്റിലേക്കുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുകയും 2018 ഫെബ്രുവരി 2ന് കേന്ദ്രസര്‍ക്കാരിന്റെ ദരിദ്രര്‍ക്കും കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കുമെതിരെയും കോര്‍പ്പറേറ്റുകള്‍ക്ക് അനുകൂലമായുള്ള നിലപാടിനെതിരെ പ്രതിഷേധ ദിനം ആചരിച്ചു.
എഐടിയുസി പല സംസ്ഥാനങ്ങളിലും സ്വന്തമായി പ്രതിഷേധജാഥകള്‍ നടത്തി. എഫ്ആര്‍ഡിഐ ബില്ലിനും നിശ്ചിതകാല തൊഴില്‍ നയത്തിനും പൊതുമേഖലയുടെ സ്വകാര്യവല്‍ക്കരണത്തിനും എതിരെ കൂടിയായിരുന്നു പ്രതിഷേധ ജാഥകള്‍.
എഐടിയുസിക്ക് ട്രേഡ് യൂണിയനുകളുടെ സംയുക്തപ്രസ്ഥാനത്തില്‍ വലിയ പങ്ക് വഹിക്കുവാനുണ്ട്.
കൂടാതെ, കര്‍ഷകര്‍, അധ്യാപകര്‍, എഴുത്തുകാര്‍, കലാകാരന്മാര്‍, പത്രപ്രവര്‍ത്തകര്‍, ആക്ടിവിസ്റ്റുകള്‍ ഇവരുടെയെല്ലാം പ്രസ്ഥാനങ്ങളുമായി ഐക്യദാര്‍ഢ്യം പുലര്‍ത്തേണ്ടതുണ്ട്. ഈ പരമപ്രധാനമായ കര്‍ത്തവ്യം നിര്‍വഹിക്കുവാനായി നമ്മുടെ സംഘടനകളെ ശക്തിപ്പെടുത്തുകയും പുതിയ മേഖലകളിലേക്ക് വളര്‍ത്തുകയും രാഷ്ട്രീയ വിദ്യാഭ്യാസം നല്‍കുകയും എല്ലാ തട്ടിലുമുള്ള നേതാക്കളുടെയും പ്രവര്‍ത്തകരുടെയും അവബോധം വളര്‍ത്തുകയും വേണം.