ചന്ദ്രപ്പന്‍ സ്‌ക്വയര്‍ ഉദ്ഘാടനം നാളെ, ചായക്കട ചര്‍ച്ച

Web Desk
Posted on April 18, 2018, 9:48 pm

കൊല്ലം: പാര്‍ട്ടി കോണ്‍ഗ്രസിന്‍റെ ഭാഗമായി ചിന്നക്കട പൈ ഗോഡൗണ്‍ അങ്കണത്തില്‍ സ്ഥാപിച്ചിട്ടുള്ള സി കെ ചന്ദ്രപ്പന്‍ സ്‌ക്വയര്‍ നാളെ രാവിലെ 10ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. പടുകൂറ്റന്‍ പാര്‍ട്ടി ചിഹ്നമാണ് സ്‌ക്വയറിലെ പ്രധാന ആകര്‍ഷണം.
വൈകിട്ട് അഞ്ചിന് ബീച്ച്‌റോഡിലുള്ള വേലുവിന്‍റെ ചായക്കടയില്‍ ചായക്കട ചര്‍ച്ച സംഘടിപ്പിക്കും. ‘പട്ടികജാതി പീഡന നിരോധന നിയമം ആധുനിക ഇന്ത്യന്‍ പരിപ്രേക്ഷ്യത്തില്‍’ എന്ന വിഷയത്തെ ആസ്പദമാക്കി ടൗണ്‍ വെസ്റ്റ് സംഘാടകസമിതി സംഘടിപ്പിച്ചിട്ടുള്ള സംവാദത്തില്‍ മുന്‍മന്ത്രി മുല്ലക്കര രത്‌നാകരന്‍, എംഎല്‍എമാരായ ചിറ്റയം ഗോപകുമാര്‍, എം നൗഷാദ്, ഡിസിസി പ്രസിഡന്റ് അഡ്വ. ബിന്ദു കൃഷ്ണ, ഡെപ്യൂട്ടി മേയര്‍ വിജയ ഫ്രാന്‍സിസ്, ഡോ. ആര്‍ ലതാദേവി, അഡ്വ. ജി ലാലു, ആര്‍ വിജയകുമാര്‍, എ ബിജു, പി രഘുനാഥന്‍, എസ് മനോജ് എന്നിവര്‍ പങ്കെടുക്കും. അഡ്വ. എ രാജീവ് വിഷയം അവതരിപ്പിക്കും.

അഞ്ചല്‍ പ്രൈവറ്റ് ബസ്സ്റ്റാന്‍റ് ഗ്രൗണ്ടില്‍ വൈകിട്ട് അഞ്ചിന് ‘വര്‍ഗീയ ഫാസിസത്തിനെതിരെ സാംസ്‌കാരിക പ്രതിരോധം’ എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. സിപിഐ സംസ്ഥാന കൗണ്‍സിലംഗം പി എസ് സുപാല്‍ അധ്യക്ഷത വഹിക്കുന്ന സെമിനാറില്‍ മന്ത്രി അഡ്വ. കെ രാജു, കവി ബാലചന്ദ്രന്‍ ചുള്ളിക്കാട്, കവി കുരീപ്പുഴ ശ്രീകുമാര്‍, സംവിധായകന്‍ വിനയന്‍ എന്നിവര്‍ പങ്കെടുക്കും. വോളണ്ടിയര്‍ പരേഡും വിളംബരറാലിയും ഇതോടനുബന്ധിച്ച് നടക്കും.

മറ്റന്നാള്‍ ശാസ്താംകോട്ടയില്‍ ‘പരിസ്ഥിതിയുടെ രാഷ്ട്രീയം’ എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും. പ്രഫ. എം കെ പ്രസാദ്, ആലങ്കോട് ലീലാകൃഷ്ണന്‍ എന്നിവര്‍ പങ്കെടുക്കും. പി പ്രസാദ് മോഡറേറ്ററായിരിക്കും. പാര്‍ട്ടി കോണ്‍ഗ്രസിനോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന സെമിനാറുകള്‍ക്ക് ഇതോടെ പര്യവസാനമാകും.
സിപിഐ പാര്‍ട്ടി കോണ്‍ഗ്രസിനോടനുബന്ധിച്ച് രണ്ട് ദിവസമായി കടപ്പാക്കട സ്‌പോര്‍ട്‌സ് ക്ലബില്‍ നടന്ന കലാ-സാഹിത്യ മത്സരങ്ങള്‍ സമാപിച്ചു. വിജയികള്‍ക്കുള്ള സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റും 26ന് വൈകിട്ട് ആറിന് കടപ്പാക്കട സ്‌പോര്‍ട്‌സ് ക്ലബില്‍ നടക്കുന്ന സാംസ്‌കാരിക സന്ധ്യയില്‍ വിതരണം ചെയ്യും.