November 23, 2023 Thursday

Related news

November 19, 2023
November 6, 2023
November 5, 2023
November 3, 2023
November 2, 2023
November 2, 2023
October 27, 2023
October 25, 2023
October 20, 2023
October 20, 2023

സിപിഐ 24-ാം പാര്‍ട്ടി കോണ്‍ഗ്രസ് 2022 ഒക്ടോബര്‍ 14 മുതല്‍ 18 വരെ

റെജി കുര്യന്‍
ന്യൂഡല്‍ഹി
October 5, 2021 10:26 pm

സിപിഐ 24-ാം പാര്‍ട്ടി കോണ്‍ഗ്രസ് 2022 ഒക്ടോബര്‍ 14 മുതല്‍ 18 വരെ ആന്ധ്രാപ്രദേശിലെ വിജയവാഡയില്‍ ചേരാന്‍ ദേശീയ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. ഒക്ടോബര്‍ രണ്ടു മുതല്‍ നാലുവരെ നടന്ന കൗണ്‍സില്‍ യോഗത്തില്‍ തെലങ്കാന സംസ്ഥാന സെക്രട്ടറി ചഡ വെങ്കിട്ടറെഡ്ഡി, ബികെഎംയു നേതാവ് നാഗേന്ദ്ര നാഥ് ഓജ എന്നിവര്‍ അധ്യക്ഷരായി.

ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകരെ കൊന്നാടുക്കിയ സംഭവത്തെ ദേശീയ കൗണ്‍സില്‍ അപലപിച്ചു. സംഭവത്തിന് കാരണക്കാരായ കേന്ദ്രമന്ത്രിയെയും മകനെയും അറസ്റ്റു ചെയ്യണമെന്നും ഉന്നതതല ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും യോഗം ആവശ്യപ്പെട്ടു. കര്‍ഷകരെ കൊന്നൊടുക്കിയ സംഭവത്തില്‍ ഈ മാസം 11 വരെ രാജ്യവ്യാപകമായി പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചതായി ദേശീയ കൗണ്‍സില്‍ യോഗ തീരുമാനങ്ങള്‍ അറിയിക്കാന്‍ പാര്‍ട്ടി ആസ്ഥാനമായ അജോയ് ഭവനില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി ഡി രാജ അറിയിച്ചു.

നവംബര്‍ ഏഴിന് ഒക്ടോബര്‍ വിപ്ലവവാര്‍ഷികം പാര്‍ട്ടി ഘടകങ്ങള്‍ സമുചിതമായി ആചരിക്കും. സാമൂഹ്യ നീതിയും ഭരണഘടനയും സംരക്ഷിക്കാന്‍ എന്ന മുദ്രാവാക്യവുമായി നവംബര്‍ 26 മുതല്‍ ഡിസംബര്‍ ആറുവരെ പ്രത്യയശാസ്ത്ര — രാഷ്ട്രീയ പ്രചരണ പരിപാടികള്‍ സംഘടിപ്പിക്കും.

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. വിലക്കയറ്റം, പൊതുമേഖലാ സ്ഥാപനങ്ങള്‍ ഇല്ലാതാക്കല്‍, തൊഴിലില്ലായ്മ, ജനങ്ങള്‍ നേരിടുന്ന മറ്റ് വിഷയങ്ങള്‍, ദളിതര്‍ക്കും, പിന്നോക്ക വിഭാഗങ്ങള്‍ക്കും ആദിവാസികള്‍ക്കും സ്ത്രീകള്‍ക്കുമെതിരെ വര്‍ധിച്ചു വരുന്ന അതിക്രമങ്ങള്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ദേശീയ കൗണ്‍സില്‍ യോഗം വിലയിരുത്തി.

മണിപ്പൂരിലെ അക്രമസംഭവങ്ങളും മറ്റ് സ്ഥിതികളും സംബന്ധിച്ചും ഓഫ്‌ലൈന്‍ ക്ലാസുകള്‍ നിര്‍ത്തലാക്കിയതോടെ രാജ്യത്തെ പാവപ്പെട്ടവരുടെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നഷ്ടപ്പെടുന്നതുമായി ബന്ധപ്പെട്ട വിദ്യാഭ്യാസത്തിലെ ഡിജിറ്റല്‍ വിഭജനം, നാഷണല്‍ ഡിജിറ്റല്‍ ഹെല്‍ത്ത് മിഷന്‍ സംബന്ധിച്ചും യോഗം പ്രമേയങ്ങള്‍ പാസാക്കി.

ഉത്തര്‍ പ്രദേശ്, പഞ്ചാബ്, മണിപ്പൂര്‍, ഉത്തരാഖണ്ഡ്, ഗുജറാത്ത്, ഗോവ എന്നിവിടങ്ങളില്‍ നടക്കാനിരിക്കുന്ന അസംബ്ലി തെരഞ്ഞെടുപ്പുകളില്‍ സംസ്ഥാന കൗണ്‍സിലുകള്‍ ദേശീയ നേതൃത്വത്തിന്റെ അനുമതിയോടെ രാഷ്ട്രീയ അടവു നയം സ്വീകരിക്കുമെന്ന് രാജ അറിയിച്ചു. ബിജെപിയെയും സഖ്യകക്ഷികളെയും പരാജയപ്പെടുത്തുന്നതിനൊപ്പം വിജയസാധ്യതകളും പരിഗണിച്ചാകും നിലപാടുകള്‍ സ്വീകരിക്കുക.

രാജ്യത്തെ മതേതരത്വത്തിന് വെല്ലുവിളിയായി ബിജെപി-ആര്‍എസ്എസ് സഖ്യം നടപ്പിലാക്കുന്ന ഹൈന്ദവ അജണ്ടയ്ക്കെതിരെ പ്രചരണ പരിപാടികള്‍ കൂടുതല്‍ ശക്തമാക്കുമെന്ന് രാജ പറഞ്ഞു. സംസ്ഥാനങ്ങളുടെ അധികാരങ്ങള്‍ കവര്‍ന്നെടുക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. രാജ്യത്തെ കര്‍ഷകരെയും തൊഴിലാളികളെയും തകര്‍ത്തുകൊണ്ട് കുത്തക മുതലാളിമാര്‍ക്കും കോര്‍പറേറ്റ് ഹൗസുകള്‍ക്കും ലാഭമുണ്ടാക്കാന്‍ സര്‍ക്കാര്‍ ഒത്താശയും അനുമതിയും നല്‍കിയിരിക്കുകയാണ്. ധനസമ്പാദന പൈപ്പ്‌ലൈന്‍ നയം സ്വകാര്യ മേഖലയുടെ താല്പര്യം സംരക്ഷിക്കാനുള്ള സര്‍ക്കാര്‍ നീക്കമാണ്. മൊത്തം 6.40 ലക്ഷം കോടിരൂപയുടെ പദ്ധതിയിലൂടെ പൊതുമേഖല വിറ്റു തുലയ്ക്കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും യോഗം കുറ്റപ്പെടുത്തി. കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരിനെതിരെ മതേതര-ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ശക്തികള്‍ ഒരുമിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

കേന്ദ്ര സെക്രട്ടേറിയറ്റ് അംഗങ്ങളായ ബിനോയ് വിശ്വം എംപി, അതുല്‍ കുമാര്‍ അഞ്ജാന്‍, ഡോ. ബാല്‍ ചന്ദ്ര കാംഗോ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

 

Eng­lish Sumam­ry: CPI 24th Par­ty Con­gress 2022 Octo­ber 14–18

 

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.