14 September 2024, Saturday
KSFE Galaxy Chits Banner 2

Related news

September 13, 2024
September 12, 2024
September 11, 2024
September 11, 2024
September 10, 2024
September 9, 2024
September 9, 2024
September 8, 2024
September 5, 2024
September 4, 2024

സിപിഐ 24-ാം പാര്‍ട്ടി കോണ്‍ഗ്രസ്: വിജയവാഡ ചുവപ്പണിഞ്ഞു

അബ്‌ദുള്‍ ഗഫൂര്‍
വിജയവാഡ
October 12, 2022 11:28 pm

വീരതെലങ്കാനയുടെയും സമരോത്സുകമായ ഇന്നലെകളുടെയും പാരമ്പര്യമുള്ള വിജയവാഡയില്‍ നാളെ ആരംഭിക്കുന്ന സിപിഐ 24ാം പാര്‍ട്ടി കോണ്‍ഗ്രസിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. പാര്‍ട്ടി കോണ്‍ഗ്രസിന്റെ പ്രചരണാര്‍ത്ഥം നഗര ചത്വരങ്ങള്‍ ചുവപ്പണിഞ്ഞു നില്‍ക്കുകയാണ്. നൂറുകണക്കിന് പ്രവര്‍ത്തകരാണ് സമ്മേളന വിജയത്തിനായി നഗരത്തില്‍ പ്രവര്‍ത്തിക്കുന്നത്.
പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഡി രാജ, കേന്ദ്ര സെക്രട്ടേറിയറ്റ് അംഗങ്ങളായ ബിനോയ് വിശ്വം എംപി, അതുല്‍ കുമാര്‍ അഞ്ജാന്‍, പല്ലബ് സെന്‍ ഗുപ്ത, കേന്ദ്ര എക്സിക്യൂട്ടീവ് അംഗം ആനി രാജ തുടങ്ങിയവര്‍ വിജയവാഡയിലെത്തി. ഡി രാജ ഉള്‍പ്പെടെയുള്ള നേതാക്കള്‍ നഗരത്തിലുള്ള വി ഐ ലെനിന്‍, മുന്‍ ജനറല്‍ സെക്രട്ടറി സി രാജേശ്വര്‍ റാവു, ബി ആര്‍ അംബേദ്കര്‍ പ്രതിമകളില്‍ ഹാരാര്‍പ്പണം നടത്തി.
കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം കെ നാരായണ ദിവസങ്ങളായി സ്വാഗതസംഘം പ്രവര്‍ത്തനങ്ങളെ സഹായിക്കുന്നുണ്ട്. പാര്‍ട്ടി കേന്ദ്ര ആസ്ഥാനത്തിന്റെ പ്രവര്‍ത്തനം സെക്രട്ടറി റോയിക്കുട്ടിയുടെ നേതൃത്വത്തില്‍ ആരംഭിക്കുകയും ചെയ്തു. പ്രതിനിധികളും എത്തിത്തുടങ്ങി. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, ദേശീയ കണ്‍ട്രോള്‍ കമ്മിഷന്‍ ചെയര്‍മാന്‍ പന്ന്യന്‍ രവീന്ദ്രന്‍, ദേശീയ എക്സിക്യൂട്ടീവ് അംഗം കെ ഇ ഇസ്മായില്‍ തുടങ്ങിയവര്‍ ഇന്ന് വിജയവാഡയിലെത്തും.

1975 ല്‍ വിജയവാഡയില്‍ നടന്ന പത്താം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായ പ്രകടനം

സംസ്ഥാന സെക്രട്ടറി കെ രാമകൃഷ്ണ, അസിസ്റ്റന്റ് സെക്രട്ടറിമാരായ മുപ്പള്ള നാഗേശ്വര റാവു, ജെ വി സത്യനാരായണ മൂർത്തി എന്നിവരാണ് സ്വാഗതസംഘം പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്നത്.
കൊല്ലത്തുനിന്ന് വിജയവാഡയിലേക്ക് പുറപ്പെട്ട പതാക ജാഥ ഇന്ന് വൈകിട്ട് നഗരത്തിലെത്തും. ഇന്നലെ തിരുപ്പതി, ശ്രീകാളഹസ്തി, നെല്ലൂര്‍ ജില്ലകളിലെ വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി. നൂറുകണക്കിന് ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെയാണ് ജാഥയുടെ പ്രയാണം. ഇന്ന് ഗുണ്ടൂര്‍ ജില്ലയിലെ പര്യടനത്തിനു ശേഷം വൈകിട്ടോടെ പതാക വഹിച്ചുള്ള എഐവൈഎഫ്, എഐഎസ്എഫ് ദേശീയ ഭാരവാഹികളുടെ നേതൃത്വത്തിലുള്ള ജാഥ വിജയവാഡയിലെത്തും. വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ എഐവൈഎഫ് പ്രസിഡന്റ് സുഖ്ജിന്ദര്‍ മഹേശരി, ജനറല്‍ സെക്രട്ടറി ആര്‍ തിരുമലൈ, വലിയുള്ള ഖാദിരി, സിപിഐ നേതാക്കളായ ജി ഈശ്വരയ്യ, രാമനായിഡു തുടങ്ങിയവര്‍ സംസാരിച്ചു.

വിജയവാഡയില്‍ ഇത് മൂന്നാമൂഴം

പാര്‍ട്ടി രൂപം കൊണ്ടതിനു ശേഷം വിജയവാഡയില്‍ ചേരുന്ന മൂന്നാമത്തെ പാര്‍ട്ടി കോണ്‍ഗ്രസിനാണ് നാളെ വന്‍ റാലിയോടെ തുടക്കമാകുന്നത്. ഇതിന് മുമ്പ് ആറാമത്തെയും പത്താമത്തെയും പാര്‍ട്ടി കോണ്‍ഗ്രസുകള്‍ക്കായിരുന്നു വിജയവാഡ ആതിഥ്യമരുളിയത്. 1961 ഏപ്രില്‍ ഏഴു മുതല്‍ 16 വരെയാണ് ആറാം പാര്‍ട്ടി കോണ്‍ഗ്രസ് നടന്നത്. 1975 ജനുവരി 27ന് തുടങ്ങിയ പത്താമത് പാര്‍ട്ടി കോണ്‍ഗ്രസ് ഫെബ്രുവരി രണ്ടുവരെ നീണ്ടുനിന്നു. പതിനായിരങ്ങള്‍ പങ്കെടുത്ത വന്‍ റാലികളാണ് ഇരു പാര്‍ട്ടി കോണ്‍ഗ്രസുകളുടെയും ഭാഗമായി നടന്നിരുന്നത്.
അവിഭക്ത ആന്ധ്രാപ്രദേശിലെ (ഇപ്പോള്‍ തെലങ്കാനയുടെ ഭാഗം) ഹൈദരാബാദില്‍ രണ്ടുതവണയും പാര്‍ട്ടി കോണ്‍ഗ്രസ് നടന്നിരുന്നു. 1992 ഏപ്രില്‍ പത്തു മുതല്‍ 16 വരെ 15ാം പാര്‍ട്ടി കോണ്‍ഗ്രസും. 2008 മാര്‍ച്ച് 23 മുതല്‍ ഏപ്രില്‍ മൂന്നുവരെ 20ാമത് പാര്‍ട്ടി കോണ്‍ഗ്രസും നടന്നത് ഹൈദരാബാദിലായിരുന്നു.
1961 ല്‍ വിജയവാഡയില്‍ നടന്ന ആറാം പാര്‍ട്ടി കോണ്‍ഗ്രസില്‍ വച്ച് അജോയ് ഘോഷിനെ സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുത്തു. 1975ല്‍ പത്താം പാര്‍ട്ടി കോണ്‍ഗ്രസില്‍ സി രാജേശ്വര്‍ റാവുവിനെ ജനറല്‍സെക്രട്ടറിയും എസ് എ ഡാങ്കേയെ ചെയര്‍മാനായും തെരഞ്ഞെടുത്തു.

Eng­lish Sum­ma­ry: CPI 24th Par­ty Con­gress: Vijayawa­da turned red

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.