ഇപ്പോഴത്തെ ആവശ്യകതയും മറ്റ് രാജ്യങ്ങൾ ചെയ്യുന്നതുമായി താരതമ്യംചെയ്യുമ്പോൾ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജ് തീരെ അപര്യാപ്തമാണെന്ന് സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് വിലയിരുത്തി. ധനമന്ത്രി ഇപ്പോൾ പ്രഖ്യാപിച്ച 1.7 ലക്ഷം കോടി രൂപയുടെ പാക്കേജ് നമ്മുടെ ജിഡിപിയുടെ കേവലം 0.80 ശതമാനം മാത്രമാണ്. നേരത്തേ ആരോഗ്യപാക്കേജായി 15,000 കോടി രൂപ (ജിഡിപിയുടെ ഏകദേശം 0.1 ശതമാനം) പ്രഖ്യാപിച്ചിരുന്നു സംസ്ഥാനങ്ങളിൽ ചില ഉത്തേജക നടപടികൾ പ്രഖ്യാപിച്ചിട്ടുണ്ട്. അതിൽ കേരളത്തിലേതാണ് ഏറ്റവും വലിയ പാക്കേജ്. 20,000 കോടി രൂപ (സംസ്ഥാന ജിഡിപിയുടെ 2.5 ശതമാനം). പാവപ്പെട്ട കുടുംബങ്ങൾക്ക് നേരിട്ട് ആനുകൂല്യം ലഭ്യമാകുന്ന പദ്ധതികൾ ഇതിന്റെ ഭാഗമായുണ്ട്. ദേശീയ തലത്തിൽ നേരത്തേ വിവിധ മേഖലകളിലെ നികുതി ഭാരം ലഘൂകരിക്കുന്നതിനുള്ള നടപടികളാണ് പ്രഖ്യാപിച്ചത്. അടച്ചുപൂട്ടലിന്റെ ആഘാതം പരിഗണിക്കുമ്പോൾ മാർച്ച് 26 ന് പ്രഖ്യാപിച്ച 1.7 ലക്ഷം കോടി രൂപയുടെ ദുരിതാശ്വാസ പാക്കേജ് അപര്യാപ്തവും ഇന്നലെ റിസർവ് ബാങ്ക് പ്രഖ്യാപിച്ച നടപടികൾ അവ്യക്തവുമാണ്. പ്രത്യേകിച്ച് ദൈനംദിന വേതനക്കാർ, കുടിയേറ്റ തൊഴിലാളികൾ, ചെറുകിട വ്യാപാരികൾ എന്നിവരെ സംബന്ധിച്ച്. അതുകൊണ്ട് പാവപ്പെട്ട ജനവിഭാഗങ്ങളുടെ സുരക്ഷയ്ക്കായി കൂടുതൽ ആശ്വാസ നടപടികൾ പ്രഖ്യാപിക്കണമെന്ന് സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.
സിപിഐ എംപിമാർ അവരുടെ ഒരുമാസത്തെ വേതനം കൊറോണ പ്രതിരോധത്തിനായി സംഭാവന നൽകും. ബിനോയ് വിശ്വം, കെ സുബ്ബരായൻ, എം സെൽവരാജ് എന്നിവർ അവരുടെ വേതനം അതാത് സംസ്ഥാന മുഖ്യമന്ത്രിമാരുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നൽകുമെന്ന് സിപിഐ ജനറൽ സെക്രട്ടരി ഡി രാജ അറിയിച്ചു. കോവിഡ് 19 ന്റെ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ എല്ലാവരും സഹകരിക്കണമെന്നും സാധ്യമായ സാമ്പത്തിക സഹായം നൽകണമെന്നും രാജ ആഹ്വാനം ചെയ്തു.
English Summary: cpi about economic package
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.