Wednesday
18 Sep 2019

ഉരുള്‍പൊട്ടലില്‍ വീട് നഷ്ടമായവര്‍ക്ക് ഭൂമി പകുത്ത് നല്‍കി സിപിഐ കുടുംബം

By: Web Desk | Saturday 24 August 2019 8:06 PM IST


ബൈജുവും കുടുംബവും സിപിഐ വളണ്ടിയര്‍ വേഷത്തില്‍

കോഴിക്കോട്: ഉരുള്‍പൊട്ടലില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് ജീവശ്വാസമേകി സിപിഐ പ്രവര്‍ത്തകനും കുടുംബവും. ആകെയുള്ള ഒന്‍പതര സെന്റില്‍ നിന്ന് നാല് സെന്റ് ഭൂമി പ്രളയബാധിതര്‍ക്ക് നല്‍കി മാതൃകയാകുകയാണ് അത്തോളി കൊങ്ങന്നൂരിലെ പാര്‍ട്ടി ബ്രാഞ്ച് അസിസ്റ്റന്റ് സെക്രട്ടറി ബൈജുവും പത്‌നി ഷജിതയും.
ബൈജുവിന്റെ കോണ്‍ക്രീറ്റ് പണിയിലാണ് കുടുംബം പുലരുന്നത്. കൃഷ്ണഗീത, കൃഷ്ണദേവ്, അഭിനന്ദ് കൃഷ്ണ, അജയ് കൃഷ്ണ എന്നിങ്ങനെ നാല് മക്കളാണ് ഇവര്‍ക്ക്. ഉരുള്‍പൊട്ടലില്‍ വീടു നഷ്ടപ്പെട്ടവരുടെ നടുക്കുന്ന വിവരങ്ങള്‍ പത്രം വായിച്ചു ചര്‍ച്ചചെയ്യുമ്പോഴാണ് കുട്ടികള്‍ക്കിടയില്‍ നിന്ന് ആദ്യം നിര്‍ദ്ദേശം വന്നു. നമുക്ക് വയനാട്ടില്‍ ഒന്‍പതര സെന്റില്ലേ? ഉടനെ വീട്ടിലെ പ്രധാന ചര്‍ച്ചയായി അത്. അങ്ങനെ നാല് സെന്റ് ഭൂമി പുരയിടം ഇല്ലാതായവര്‍ക്ക് നല്‍കാന്‍ തീരുമാനമായി. ബൈജു വയനാട്ടുകാരിയായ ഭാര്യ ഷജിതയുടെ പേരില്‍ വാങ്ങിയ ഭൂമിയാണിത്.


ആഗ്രഹവുമായി വയനാട് ജില്ലാ കളക്ടറെ കണ്ടപ്പോള്‍ ആദ്യം തീരുമാനം പുനഃപരിശോധിക്കാനാണ് നിര്‍ദ്ദേശിച്ചത്. എന്നാല്‍ നാലു കുട്ടികളുമായി മൂന്നു സെന്റില്‍ താമസിക്കുന്ന കൂലി പണിക്കാരനായ നിര്‍ധനരായ കുടുംബത്തിന്റെ തീരുമാനം ഉറച്ചതായിരുന്നു. പൂര്‍ണ്ണ പിന്തുണയുമായി ഭൂമിയുടെ ഉടമയായ ഭാര്യ കൂടെയും. ഒടുവില്‍ കളക്ടര്‍ക്ക് ഈ കുടുംബത്തിന്റെ നല്ല മനസിനൊപ്പം നില്‍ക്കേണ്ടിവന്നു.
എഐവൈഎഫ് വയനാട് ജില്ലാ കമ്മിറ്റി അംഗമായിരുന്ന ബൈജു ഇന്ന് കോഴിക്കോട് അത്തോളിയില്‍ കുടുംബത്തില്‍ നിന്ന് ലഭിച്ച മൂന്ന് സെന്റ് പുരയിടത്തിലാണ് കുടുംബത്തോടൊപ്പം താമസിക്കുന്നത്. അത്തോളി ലോക്കല്‍ കമ്മിറ്റിക്കു കീഴിലെ കൊങ്ങന്നൂരില്‍ പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകരാണ് ബൈജുവും ഭാര്യയും മക്കളും. സിപിഐ വളണ്ടിയര്‍ സേനാംഗങ്ങളുമാണിവര്‍.
ഭൂമി നല്‍കിയത് ആരും അറിയരുതെന്നായിരുന്നു ബൈജുവിന്റെ ആഗ്രഹം. അതിനാല്‍ ആരോടും പറയാതെയാണ് അദ്ദേഹം വയനാട് കളക്ടറെ കണ്ടത്. എന്നാല്‍ ഭൂമി അളന്ന് തിട്ടപ്പെടുത്താനെത്തിയ റവന്യൂ ഉദ്യാഗസ്ഥന്‍ ബാലന്‍ വേങ്ങര ബൈജുവിന്റെ മഹാമനസ്‌കത തന്റെ ഫേസ്ബുക്കില്‍ കുറിച്ചതോടെയാണ് ഇത് പുറം ലോകം അറിഞ്ഞത്.

 

Related News