പ്രതികളെ വെടിവെച്ചു കൊന്ന സംഭവം: സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അപലപിച്ചു

Web Desk
Posted on December 06, 2019, 10:22 pm

ന്യൂഡൽഹി: തെലങ്കാനയിൽ ബലാത്സംഗക്കേസിലെ പ്രതികളായ നാലുപേരെ വെടിവച്ചുകൊന്ന സംഭവത്തെ സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അപലപിച്ചു. യുവ ഡോക്ടർക്കും മറ്റ് സ്ത്രീകൾക്കും നേരിടേണ്ടിവന്ന ബലാത്സംഗത്തെയും ക്രൂരമായ കൊലപാതകങ്ങളെയും അപലപിക്കുമ്പോഴും ഇപ്പോഴത്തെ സംഭവം ആശങ്കാജനകമാണ്. ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ കുറ്റവാളികളെ അറസ്റ്റ് ചെയ്യണമെന്നും ഉടൻ നീതി ലഭ്യമാക്കണമെന്നും രാജ്യമെമ്പാടുമുള്ള ജനങ്ങൾ ആവശ്യപ്പെട്ടിരുന്നു. സ്ത്രീ സുരക്ഷ ഉറപ്പുവരുത്താൻ സമൂഹത്തിനും ഭരണത്തിനും സർക്കാരിനും ഉത്തരവാദിത്തമുണ്ട്.സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളിലും കുറ്റകൃത്യങ്ങളിലും പങ്കാളികളാകുന്നവർക്ക് നൽകപ്പെടുന്ന ശിക്ഷാ വിധികൾക്കെതിരെയും രാജ്യത്താകെ അതൃപ്തിയും രോഷവുമുണ്ട്. എന്നാൽ നീതിക്കുവേണ്ടിയുള്ള ശ്രമങ്ങൾ സാമാന്യനീതിയുടെ തത്വങ്ങളിൽ അധിഷ്ഠിതമായിരിക്കണം.

you may also like this video

പൊലീസ് ഒരിക്കലും വധശിക്ഷ നടപ്പാക്കുന്നവരായിക്കൂടാ. ആൾക്കൂട്ട ഭ്രാന്തിന്റെ അടിസ്ഥാനത്തിൽ മനുഷ്യജീവൻ ഉന്മൂലനം ചെയ്യപ്പെട്ടു കൂടാ. സത്വരം നീതി ലഭ്യമാക്കുന്നതിന്റെ പേരിൽ ഒരുവിധത്തിലും ഏറ്റമുട്ടലുകളെ ന്യായീകരിക്കാൻ കഴിയില്ല. അത് പരിഷ്കൃത സമൂഹത്തിന്റെ അടിസ്ഥാന സങ്കൽപ്പങ്ങൾക്ക് നിരക്കുന്നതുമല്ല. ശരിയായ നടപടിക്രമങ്ങൾ പാലിക്കാതെ പൊലീസ് സത്വരനീതി നടപ്പിലാക്കുന്നത് ക്രമസമാധാനപാലനത്തിന്റെ പേരിലുള്ള പൊലീസ് വാഴ്ചയ്ക്കും അരാജകത്വത്തിനും ഇടയാക്കും. നിലവിലുള്ള സംവിധാനങ്ങളിലൂടെ എങ്ങനെയാണ് വേഗത്തിൽ നീതി നടപ്പിലാക്കുകയെന്നത് ഒരു വെല്ലുവിളി തന്നെയാണ്. ഈ ദിശയിൽ നിർഭയ സംഭവത്തിൽ നിയോഗിക്കപ്പെട്ട വർമ്മ കമ്മിഷൻ നൽകിയ ശുപാർശകൾ പരിഗണിക്കുകയും നടപ്പിലാക്കുകയും ചെയ്യേണ്ടതാണ്. പരിഷ്കൃത സമൂഹത്തിന്റെ ധാർമ്മികതയോട് വിട്ടുവീഴ്ച ചെയ്യാതെയുള്ള നീതിനിർവഹണത്തിനായി നീതിന്യായ സംവിധാനത്തെ കാലികമായി നവീകരിക്കണം.

പല ഏറ്റമുട്ടൽ കൊലപാതകകേസുകളിലും ഇന്ത്യൻ കോടതികൾ ഉത്തരവാദികളായ അധികൃതർക്കെതിരെ വിധി പ്രസ്താവിച്ചിട്ടുണ്ട്. 2012ൽ ഛത്തീസ്ഗഡിൽ നക്സലൈറ്റുകളെന്ന് ആരോപിച്ച് 17 ഗ്രാമീണരെ വെടിവച്ചുകൊന്ന സംഭവത്തിൽ അടുത്തിടെയുണ്ടായ കണ്ടെത്തലുകൾ ഇതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ്. അത്തരം ഏറ്റുമുട്ടലുകൾ ഒരു കീഴ്‌വഴക്കമായിക്കൂടെന്ന ഉറച്ച നിലപാടാണ് പാർട്ടിക്കുള്ളതെന്നും സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു. ഇപ്പോഴുണ്ടായ സംഭവത്തിൽ ശരിയായ അന്വേഷണം നടത്തണമെന്നും സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.