Thursday
19 Sep 2019

മാധ്യമങ്ങളോടല്ല; ജനങ്ങളോടാണ് സിപിഐയുടെ പ്രതിബദ്ധത

By: Web Desk | Thursday 1 August 2019 10:44 PM IST


Kanam Rajendran

(സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ലെഫ്റ്റ് ക്ലിക് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ നിന്ന്)

ഓരോ കാലഘട്ടത്തിലും ഒരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്വീകരിക്കേണ്ട ശരിയായ നിലപാടാണ് സിപിഐ സ്വീകരിച്ചിട്ടുള്ളത്. പാര്‍ട്ടി മുന്നോട്ടു വയ്ക്കുന്ന രാഷ്ട്രീയം നടപ്പിലാക്കുകയാണ് പാര്‍ട്ടി ഘടകത്തിന്റെയും സെക്രട്ടറിയുടെയും ചുമതല. 18-ാം തീയതി മുതല്‍ 21-ാം തീയതി വരെ ഡല്‍ഹിയില്‍ ചേര്‍ന്ന പാര്‍ട്ടി നാഷണല്‍ കൗണ്‍സില്‍ ഇന്നത്തെ രാഷ്ട്രീയ സാഹചര്യം വിശദമായി ചര്‍ച്ച ചെയ്തിരുന്നു. രാജ്യത്ത് ഇടതുപക്ഷത്തിന്റെ നേതൃത്വത്തിലുള്ള ഏക സംസ്ഥാന സര്‍ക്കാരാണ് കേരളത്തിലുള്ളത്. ഇന്ത്യയിലെ ഇടതുപക്ഷം ഇത്രയധികം ദുര്‍ബ്ബലമായിരിക്കുന്ന, പാര്‍ലമെന്റിലെ ഇടതുപക്ഷ സാന്നിധ്യം കേവലം അഞ്ച് സീറ്റിലൊതുങ്ങിയ സാഹചര്യത്തില്‍, ഈ സര്‍ക്കാരിനെയും അതിനെ നയിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയെയും ദുര്‍ബലമാക്കാനുള്ള ഒരു നീക്കവും സിപിഐയില്‍ നിന്നുണ്ടാകില്ല. പാര്‍ട്ടി വിശദമായി ചര്‍ച്ച ചെയ്‌തെടുത്ത രാഷ്ട്രീയ നിലപാടാണ് ഇത്. പാര്‍ട്ടിക്കു പുറത്തുനിന്നോ അകത്തു നിന്നോ മുന്നണിയെ ദുര്‍ബലമാക്കാനുള്ള ശ്രമമുണ്ടായാല്‍ അതിനെ തടയേണ്ടതും മുന്നണിയെ ശക്തിപ്പെടുത്തേണ്ടതും പാര്‍ട്ടി സംസ്ഥാനസെക്രട്ടറി എന്ന നിലയില്‍ എന്റെ ചുമതലയാണ്.

ഇടതുപക്ഷ മുന്നണിയില്‍ അന്തഃഛിദ്രമുണ്ടാകണമെന്നാണ് ദൃശ്യമാധ്യമങ്ങളും പത്രമാധ്യമങ്ങളും ആഗ്രഹിക്കുന്നത്. കമ്പോളത്തില്‍ മത്സരിക്കാന്‍ വേണ്ടിയാണ് അവര്‍ അങ്ങനെ ആഗ്രഹിക്കുന്നത്. ഞങ്ങളുടെ നിലപാട് കേരളത്തിലെയോ ഇന്ത്യയിലെയോ മാധ്യമങ്ങളെ സന്തോഷിപ്പിക്കില്ല എന്ന് ഞങ്ങള്‍ക്ക് നന്നായറിയാം. മാധ്യമങ്ങളുടെ കമ്പോളത്തിലെ മത്സരത്തിന് അനുസൃതമായി നിലപാടെടുക്കാന്‍ ഞങ്ങള്‍ക്ക് കഴിയില്ല. ജനങ്ങളുടെ പിന്തുണ ഞങ്ങള്‍ക്കുണ്ടെന്ന് മാധ്യമങ്ങള്‍ മനസ്സിലാക്കണം. മാധ്യമങ്ങളോടല്ല, ശരിയായ രാഷ്ട്രീയ നിലപാടുകള്‍ക്കൊപ്പം നില്‍ക്കുന്ന ജനങ്ങളോടാണ് ഞങ്ങളുടെ പ്രതിബദ്ധത. ഇടതുപക്ഷത്തെ പിന്തുണയ്ക്കുന്ന ജനങ്ങളെ നിരാശപ്പെടുത്തുന്ന നിലപാട് ഞങ്ങള്‍ സ്വീകരിക്കില്ല.

മുമ്പ് പലപ്പോഴും സര്‍ക്കാരിന്റെ നിലപാടുകളെ പരസ്യമായി വിമര്‍ശിച്ചിട്ടുള്ളതുപോലെ ഇപ്പോഴെന്തുകൊണ്ട് ചെയ്യുന്നില്ല എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരമുണ്ട്. എവിടെ പറയണം, എന്തു പറയണം എന്ന കാര്യത്തില്‍ വ്യക്തതയുള്ള പാര്‍ട്ടിയാണ് സിപിഐ. ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ പ്രധാനപ്പെട്ട കക്ഷികള്‍ എന്ന നിലയില്‍ സിപിഐയുടെയും സിപിഐ(എം)ന്റെയും രാഷ്ട്രീയ നേതൃത്വങ്ങള്‍ എല്ലാ ആഴ്ചയിലും കൂടിക്കാണുകയും പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്യും. ആ ചര്‍ച്ചകളില്‍ രണ്ടു പാര്‍ട്ടികളും അഭിപ്രായങ്ങള്‍ തുറന്നു പറയാറുണ്ട്. പരസ്പരം ചര്‍ച്ച ചെയ്ത് പ്രശ്‌നങ്ങള്‍ പരിഹരിക്കുന്ന രീതി നിലവിലുള്ളപ്പോള്‍ മാധ്യമപ്രവര്‍ത്തകരെ സന്തോഷിപ്പിക്കാന്‍ വേണ്ടി അവര്‍ക്കാവശ്യമുള്ള വാര്‍ത്തകള്‍ നല്‍കാന്‍ ഉത്തരവാദിത്വമുള്ള ഒരു പാര്‍ട്ടി എന്ന നിലയില്‍ സിപിഐക്ക് കഴിയില്ല.

ഇടതുമുന്നണി ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയത്തില്‍ നിന്നും മുന്നണിയുടെ പ്രഖ്യാപിത നയങ്ങളില്‍ നിന്നും വൃതിചലനങ്ങള്‍ ഉണ്ടായപ്പോള്‍ സിപിഐക്ക് പരസ്യമായി പ്രതികരിക്കേണ്ടി വന്നിട്ടുണ്ട്. ഇനിയും പരസ്യമായി പ്രതികരിക്കേണ്ട അത്തരം സാഹചര്യങ്ങളുണ്ടായാല്‍ സിപിഐ നിശബ്ദമായിരിക്കില്ല. പൊലീസ് കമ്മിഷണറേറ്റുകള്‍ രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. അതൊരു നയപരമായ പ്രശ്‌നമാണ്. എല്‍ഡിഎഫില്‍ അതു ചര്‍ച്ച ചെയ്യേണ്ടതാണ് എന്ന സിപിഐയുടെ അഭിപ്രായം അദ്ദേഹത്തെ അറിയിച്ചു. അഭിപ്രായ സമന്വയം ഉണ്ടാക്കിയിട്ടേ അത് നടപ്പാക്കൂ എന്ന് നിയമസഭയില്‍ മുഖ്യമന്ത്രി തന്നെ അടുത്ത ദിവസം പറഞ്ഞു. എന്നും കമ്മ്യൂണിസ്റ്റുകാര്‍ അധികാരത്തില്‍ ഇരിക്കില്ല. ഭരണകൂടത്തിന്റെ മര്‍ദ്ദനോപകരണമാണ് പൊലീസ് എന്നാണ് ഇടതുപക്ഷത്തിന്റെ പൊതുധാരണ. സമസ്ത അധികാരങ്ങളും കൂടി പൊലീസിന്റെ കൈയില്‍ക്കൊടുത്താല്‍ എന്താകും അതിന്റെ ഫലം എന്നതിനെക്കുറിച്ച് എല്ലാവരും ചിന്തിക്കുകയും അഭിപ്രായ സമന്വയം ഉണ്ടാകുകയും ചെയ്യുന്നതുവരെ അത് മാറ്റിവയ്ക്കുകയും ചെയ്തു. ഇത് ഒരു പത്രത്തിനോടും ഞങ്ങള്‍ പറഞ്ഞിട്ടില്ല. ഒരു പരസ്യപ്രസ്താനവയും ഞങ്ങള്‍ നടത്തിയിട്ടില്ല. അതല്ല, ഇതാണ് ശരി എന്ന് സര്‍ക്കാര്‍ പറഞ്ഞാല്‍ ഞങ്ങള്‍ക്ക് പരസ്യമായി പ്രതികരിക്കേണ്ടി വരും. രണ്ടുകൈയും കൂട്ടി അടിച്ചാലേ ശബ്ദമുണ്ടാകൂ. പരസ്പരം ഏറ്റുമുട്ടുന്ന സാഹചര്യം ഒഴിവാക്കിയാല്‍, പരസ്യ പ്രസ്താവനകളുടെ പ്രശ്‌നം ഉണ്ടാകുന്നില്ല. പ്രതിപക്ഷത്തിന് സഹായകമാകുന്ന തരത്തില്‍ മുന്നണിയിലെ ഘടകകക്ഷികള്‍ തമ്മില്‍ തര്‍ക്കങ്ങളുണ്ടാകാതിരിക്കാന്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി തികഞ്ഞ ജാഗ്രത പുലര്‍ത്തുന്നുണ്ട്.

പാര്‍ട്ടിയില്‍ വിഭാഗീയതയുണ്ടെന്നത് മാധ്യമ പ്രചാരണം മാത്രമാണ്. പാര്‍ട്ടി സംസ്ഥാന എക്‌സിക്യൂട്ടീവില്‍ 21 അംഗങ്ങളുണ്ട്. കമ്മിറ്റിയില്‍ വിശദമായി ചര്‍ച്ച ചെയ്താണ് തീരുമാനങ്ങള്‍ എടുക്കുക. ചര്‍ച്ചയില്‍ ഒന്നോ രണ്ടോ സഖാക്കള്‍ വ്യത്യസ്തമായ അഭിപ്രായങ്ങള്‍ പറഞ്ഞിട്ടുണ്ടാകാം. പൂര്‍ണമായ അഭിപ്രായ സമന്വയം ഉണ്ടായതിനുശേഷമാണ് തീരുമാനങ്ങളെടുക്കുക. മാധ്യമങ്ങളില്‍ പാര്‍ട്ടിക്കെതിരെ വരുന്ന ആരോപണങ്ങള്‍ ഒരു അടിസ്ഥാനവുമില്ലാത്തവയാണ്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയെ തെരഞ്ഞെടുക്കുന്നതിനും മാറ്റുന്നതിനും പാര്‍ട്ടിയില്‍ ഭരണഘടനാനുസൃതമായ മാര്‍ഗങ്ങളുണ്ട്. മതിലില്‍ പോസ്റ്ററൊട്ടിച്ചാണ് സംസ്ഥാന സെക്രട്ടറിയെ മാറ്റുന്നത് എന്ന് ധരിച്ചിരിക്കുന്ന മാധ്യമങ്ങളുമുണ്ട്. പാര്‍ട്ടി ഓഫീസിന്റെ മതിലില്‍ പോസ്റ്റര്‍ ഒട്ടിച്ചതിനെതിരെ ജില്ലാ സെക്രട്ടറി പരാതി കൊടുത്തത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ നിഷേധമാണെന്നാണ് മലയാള മനോരമ പറയുന്നത്. മനോരമയുടെ മുഖപ്രസംഗം എഴുതുന്നയാളിന്റെ പൊതുവിജ്ഞാനത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ചിരിക്കാനാണ് തോന്നുന്നത്. ആലപ്പുഴ പാര്‍ട്ടി ജില്ലാ ഓഫീസിന്റെ മതിലില്‍ പാര്‍ട്ടിക്ക് എതിരായ പോസ്റ്റര്‍ പതിച്ചതു സംബന്ധിച്ച് ജില്ലാ സെക്രട്ടറി പൊലീസില്‍ പരാതി നല്‍കി. ആരാണ് അത് ചെയ്തതെന്ന് കൃത്യമായി കണ്ടുപിടിക്കാന്‍ വേണ്ടിയാണ് പാര്‍ട്ടി ജില്ലാ ഘടകം അങ്ങനെ ഒരു പരാതി നല്‍കിയത്. എന്റെ പൊതുപ്രവര്‍ത്തനത്തില്‍ എന്നെ അവഹേളിക്കുകയും അപമാനിക്കുകയും ചെയ്തവര്‍ക്ക് എതിരേ പോലും ഞാന്‍ പരാതി കൊടുത്തിട്ടില്ല.

ക്യാമ്പസ് ജനാധിപത്യം സംബന്ധിച്ച് സിപിഐയും സിപിഐ(എം)ഉം തമ്മില്‍ ചര്‍ച്ച ചെയ്തു. എല്ലാ ക്യാമ്പസുകളിലും എല്ലാ സംഘടനകള്‍ക്കും പ്രവര്‍ത്തിക്കാനുള്ള സാഹചര്യമുണ്ടാകണമെന്നതാണ് സിപിഐയുടെ നിലപാട്. യൂണിവേഴ്‌സിറ്റി കോളജ് സംഭവങ്ങളിലുണ്ടായ നടപടികളുടെ ഭാഗമായാണ് ആ ചര്‍ച്ചകള്‍ ഉയര്‍ന്നുവന്നത്. എഐഎസ്എഫിന്റെയും എസ്എഫ്‌ഐയുടെയും നേതാക്കള്‍ രണ്ടു കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെയും സെക്രട്ടറിമാരുടെ സാന്നിധ്യത്തില്‍ ചര്‍ച്ച ചെയ്യണമെന്ന് തീരുമാനിച്ചു. രണ്ടു കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെയും സെക്രട്ടറിമാരുടെ സാന്നിധ്യത്തില്‍ എസ്എഫ്‌ഐയുടെയും എഐഎസ്എഫിന്റെയും നേതാക്കള്‍ ഒന്നിച്ചിരുന്ന് ചര്‍ച്ച ചെയ്യും. കഴിഞ്ഞ 10-40 വര്‍ഷക്കാലമായി കേരളത്തില്‍ പരസ്പരം മത്സരിച്ചു നിന്നിരുന്ന സംഘടനകള്‍ ഒരുമിച്ച് നില്‍ക്കണം എന്നതാണ് ഇന്നത്തെ രാഷ്ട്രീയ സാഹചര്യം ആവശ്യപ്പെടുന്നത്. ഇത് ആരെങ്കിലും ജയിച്ചതോ തോറ്റതോ അല്ല. പൊതു രാഷ്ട്രീയ സാഹചര്യത്തില്‍ നിന്നുയര്‍ന്നു വന്ന ആവശ്യമാണ്.