ഇറാനെതിരെ വ്യോമാക്രമണം നടത്തിയ ഇസ്രയേല്‍ നടപടിയെ സിപിഐ ദേശീയ സെക്രട്ടേറിയറ്റ് അപലപിച്ചു. ഇസ്രയേലിന്റെ ഏകപക്ഷീയ സൈനിക നടപടി ആഗോളതലത്തില്‍ വന്‍ പ്രത്യാഘാതം സൃഷ്ടിക്കുന്നതാണ്. ആഗോള- പ്രാദേശിക സമാധാനത്തിന് വെല്ലുവിളി ഉയര്‍ത്തുകയും ചെയ്യുന്നു. ഇറാന്റെ പരമാധികാരം ലംഘിച്ചുള്ള സൈനിക നടപടിയാണ് ടെല്‍അവീവ് സ്വീകരിച്ചത്. അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ചുള്ള വ്യോമാക്രമണം അംഗീകരിക്കാനാവില്ലെന്ന് സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു. പശ്ചിമേഷ്യയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷം വര്‍ധിപ്പിക്കാനേ ഇസ്രയേല്‍ നടപടി ഉതകൂ. യുഎസ് അടക്കമുള്ള സാമ്രാജ്യത്വ ശക്തികളുടെ പിന്തുണയോടെ നടത്തുന്ന മനുഷ്യക്കുരുതി മാനവരാശിക്ക് അപമാനമാണ്. യുദ്ധത്തിനും രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിനും സിപിഐ എന്നും എതിരാണെന്ന് പ്രസ്താവനയില്‍ പറഞ്ഞു.
രാജ്യങ്ങളിലേക്കുള്ള കടന്നുകയറ്റവും യുദ്ധസമാന സാഹചര്യവും നിലനില്‍ക്കുന്നത് സാധാരണ പൗരന്‍മാരെയാണ് നേരിട്ട് ബാധിക്കുക. ഇസ്രയേല്‍ ആക്രമണം അവസാനിപ്പിക്കാന്‍ ലോക രാജ്യങ്ങളും വിശേഷിച്ച് ഐക്യരാഷ്ട്ര സഭയും അടിയന്തര ഇടപെടല്‍ നടത്തണം. യാതൊരു ന്യായീകരണവുമില്ലാതെ വ്യോമാക്രണം നടത്തുന്ന ഇസ്രയേലിനെതിരെ പ്രതികരിക്കാന്‍ മുന്നോട്ട് വരണമെന്നും ചേരിചേരാ വിദേശ നയം അനുസരിച്ച് മോഡി സര്‍ക്കാര്‍ പ്രതിഷേധം അറിയിക്കണമെന്നും സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. പശ്ചിമേഷ്യയില്‍ സമാധാനം ഉറപ്പ് വരുത്തുന്നതിന് ഇസ്രയേല്‍ വ്യോമാക്രമണം ഉടനടി അവസാനിപ്പിക്കണമെന്നും പ്രസ്താവനയില്‍ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.