പശ്ചിമബംഗാളിലെ അക്രമം; സിപിഐ അപലപിച്ചു

Web Desk
Posted on May 16, 2019, 8:25 pm

ന്യൂഡല്‍ഹി: പശ്ചിംബംഗാളില്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തുടര്‍ച്ചയായുണ്ടാകുന്ന അക്രമസംഭവങ്ങളെ സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അപലപിച്ചു. പരസ്പരം കുറ്റപ്പെടുത്തുന്നുവെങ്കിലും ബിജെപിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും ഒരുപോലെ അക്രമസംഭവങ്ങളില്‍ ഉത്തരവാദിത്തമുണ്ട്. കഴിഞ്ഞ ദിവസം ബിജെപി പ്രസിഡന്റ് അമിത്ഷായുടെ റോഡ്‌ഷോയ്ക്കിടയില്‍ വിദ്യാസാഗറുടെ പ്രതിമ തകര്‍ത്ത സംഭവത്തില്‍ സെക്രട്ടേറിയറ്റ് പ്രതിഷേധം രേഖപ്പെടുത്തി.
തെരഞ്ഞെടുപ്പ് കമ്മിഷന്‍ സ്വതന്ത്ര ഭരണഘനാ സ്ഥാപനമെന്ന നിലയില്‍ പ്രവര്‍ത്തിക്കുന്നതില്‍ പരാജയപ്പെട്ടുവെന്നാണ് സംഭവവികാസങ്ങള്‍ വ്യക്തമാക്കുന്നതെന്ന് സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു. നിഷ്പഷതയ്ക്കു പകരം പ്രധാനമന്ത്രി നരേന്ദ്രമോഡിക്കും അമിത്ഷായ്ക്കുമനുകൂലമായി കൈക്കൊള്ളുന്ന നിലപാടുകളിലൂടെ തെരഞ്ഞെടുപ്പ് കമ്മിഷന്റെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പ് കമ്മിഷണര്‍മാരെ തെരഞ്ഞെടുക്കുന്നതിനും നിയമനം നടത്തുന്നതിനും അനുയോജ്യമായ മറ്റൊരുസംവിധാനം സ്ഥാപിക്കുന്ന വിഷയം പാര്‍ലമെന്റ് പരിഗണിക്കേണ്ട സമയമായിരിക്കുന്നുവെന്ന് സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

YOU MAY LIKE THIS VIDEO