12 June 2024, Wednesday

അഫ്ഗാനിസ്ഥാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ സുരക്ഷിതമായി തിരികെയെത്തിക്കണം: സിപിഐ, സിപിഐ(എം)

Janayugom Webdesk
ന്യൂഡൽഹി
August 18, 2021 10:19 pm

അഫ്ഗാനിസ്ഥാനിൽ കുടുങ്ങിക്കിടക്കുന്ന മുഴുവൻ ഇന്ത്യക്കാരെയും സുരക്ഷിതമായി തിരികെയെത്തിക്കാൻ കേന്ദ്ര സർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്ന് സിപിഐ, സിപിഐ(എം) സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. അഫ്ഗാൻ ജനതയ്ക്ക് സമാധാനപരവും സുസ്ഥിരവുമായ അന്തരീക്ഷത്തിൽ ജീവിക്കുന്നതിനുള്ള സാഹചര്യങ്ങൾ ഒരുക്കുന്നതിന് മേഖലയിലെ പ്രമുഖ ശക്തികളുമായി ഇന്ത്യ യോജിച്ച് പ്രവർത്തിക്കണം. അഫ്ഗാനിസ്ഥാനിൽ അമേരിക്കയ്ക്ക് നാണംകെട്ട തോൽവിയാണ് സംഭവിച്ചിരിക്കുന്നത്. 20 വർഷങ്ങൾക്കുശേഷം താലിബാൻ അധികാരത്തിൽ തിരിച്ചെത്തിയിരിക്കുന്നു.

യുഎസും നാറ്റോ സഖ്യരാഷ്ട്രങ്ങളും ചേർന്ന് സൃഷ്ടിച്ച ഭരണകൂടത്തിന്റെ പൊള്ളത്തരങ്ങളാണ് അഷ്റഫ് ഗനി സർക്കാരിന്റെയും ദേശീയ സൈന്യത്തിന്റെയും പരാജയത്തിലൂടെ വ്യക്തമാകുന്നത്. കേന്ദ്ര സർക്കാരിന്റെ അഫ്ഗാൻനയം അമേരിക്കയെ അന്ധമായി പിന്തുടരുന്നതിനാൽ മേഖലയിൽ ഒറ്റപ്പെടുന്ന സാഹചര്യം സൃഷ്ടിക്കും. അതുകൊണ്ടുതന്നെ കുറച്ച് സാധ്യതകളേ നമ്മുടെ മുന്നിലുള്ളൂവെന്ന് പ്രസ്താവനയില്‍ പറഞ്ഞു. 1990 കളിലുണ്ടായിരുന്ന താലിബാൻ സർക്കാർ തീവ്ര — യാഥാസ്ഥിതിക സമീപനങ്ങളാണ് അടയാളപ്പെടുത്തിയത്.

അവ സ്ത്രീകൾക്കും പെൺകുട്ടികൾക്കും ദുരിതം നല്കുന്നതും വംശീയ ന്യൂനപക്ഷ വിഭാഗത്തെ അടിച്ചമർത്തുന്നതുമായിരുന്നു. താലിബാൻ നിയന്ത്രിക്കുന്ന പുതിയ സംവിധാനം സ്ത്രീകളുടെ അവകാശങ്ങൾ പരിഗണിക്കുകയും വംശീയ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ അംഗീകരിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതി ഓഗസ്റ്റ് 16 ന് അഫ്ഗാൻ സംബന്ധിച്ചുചേർന്ന അടിയന്തര യോഗത്തിൽ ഐഎസ്, അൽ ഖ്വയ്ദ തുടങ്ങിയ ഭീകര സംഘടനകളുടെ അഭയകേന്ദ്രമായി അഫ്ഗാനിസ്ഥാൻ മാറരുതെന്ന അന്താരാഷ്ട്ര സമൂഹത്തിന്റെ ആശങ്ക ഒറ്റക്കെട്ടായി പ്രകടിപ്പിച്ചിട്ടുണ്ടെന്നതും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

Eng­lish sum­ma­ry; CPI , CPI (M) demand safe repa­tri­a­tion of Indi­ans strand­ed in Afghanistan

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.