കരട് വിദ്യാഭ്യാസ നയം പിന്‍വലിക്കണമെന്ന് സിപിഐ; ഹിന്ദി അടിച്ചേല്‍പ്പിക്കരുതെന്നും ആവശ്യം

Web Desk
Posted on June 03, 2019, 3:13 pm

ന്യൂഡല്‍ഹി: ത്രിഭാഷാ പദ്ധതിയുടെ ഭാഗമായി ഹിന്ദി അടിച്ചേല്‍പ്പിക്കാനൊരുങ്ങുന്നതിന് എതിരെ ശക്തമായ പ്രതിഷേധവുമായി സിപിഐ. മോഡി സര്‍ക്കാര്‍ ഭാഷകളോട് സ്വീകരിക്കുന്ന നിലപാടിനെയും പാര്‍ട്ടി ദേശീയ സെക്രട്ടേറിയറ്റ് വിമര്‍ശിച്ചു. ഇപ്പോള്‍ തയാറാക്കിയിരിക്കുന്ന കരട് വിദ്യാഭ്യാസനയം വിദ്യാഭ്യാസത്തെക്കുറിച്ചല്ലെന്നും മറിച്ച് ഹിന്ദി എങ്ങനെ അടിച്ചേല്‍പ്പിക്കാമെന്നതിനെക്കുറിച്ചാണെന്നും പാര്‍ട്ടി കുറ്റപ്പെടുത്തി. സാംസ്‌കാരിക ദേശീയത എന്ന അജണ്ടയുടെ ഭാഗമാണിത്.

എല്ലാ ഭാഷകളുടെയും സമത്വത്തിനും അവയുടെ സംരക്ഷണത്തിനും പ്രോത്സാഹനത്തിനും വേണ്ടിയാണ് സിപിഐ നിലകൊള്ളുന്നത്. ഗിരിവര്‍ഗ ഭാഷകളുടെ ലിപിയും അക്ഷരങ്ങളും വികസിപ്പിക്കുന്നതും പാര്‍ട്ടിയുടെ ലക്ഷ്യമാണ്. തമിഴ്‌നാട്, പശ്ചിമബംഗാള്‍, ആന്ധ്രാപ്രദേശ്, തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുയര്‍ന്ന പ്രതിഷേധങ്ങളെ തുടര്‍ന്ന് ചില ന്യായീകരണങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതിലൂടെ രാജ്യത്തിന്റെ പരമാധികാരത്തിനും ഐക്യത്തിനും ഭീഷണി ഉയര്‍ന്നിരിക്കുകയാണ്.
പൊതുചര്‍ച്ചയ്ക്കായി വച്ചിട്ടുള്ള കരട് വിദ്യാഭ്യാസ നയം പിന്‍വലിക്കണമെന്നും പാര്‍ട്ടി സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.

അതേസമയം, ഹിന്ദി പഠിക്കണമെന്ന പുതിയ വിദ്യാഭ്യാസ നയത്തിന്റെ കരട് കേന്ദ്ര സര്‍ക്കാര്‍ തിരുത്തി. പുതിയ കരടില്‍ വിദ്യാര്‍ഥികള്‍ക്ക് താല്‍പര്യത്തിനനുസരിച്ച് ഭാഷ മാറാന്‍ സാധിക്കും. ഇംഗ്ലീഷിനൊപ്പം പ്രാദേശിക ഭാഷയും ദേശീയ ഭാഷയായ ഹിന്ദിയും ഉള്‍പ്പെടുന്ന ത്രിഭാഷാ പദ്ധതി നടപ്പാക്കണമെന്നായിരുന്നു പഴയ കരടിലെ നിര്‍ദേശം. ഇതിനെതിരെയായിരുന്നു പ്രതിഷേധം.

നേരത്തെ ഹിന്ദി നമ്മുടെ മാതൃഭാഷയൊന്നുമല്ലെന്നും അത് നമ്മുടെ മേല്‍ അടിച്ചേല്‍പ്പിക്കുകയോ പ്രേരിപ്പിക്കുകയോ ചെയ്യരുതെന്നും എംഎന്‍എസ് സംസ്ഥാന നേതാവ് അനില്‍ ഷിഡോര്‍ വ്യക്തമാക്കിയിരുന്നു.കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ തമിഴ്‌നാട്ടിലും വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. തമിഴ്‌നാട്ടുകാരുടെ രക്തത്തില്‍ ഹിന്ദിക്ക് യാതൊരു സ്ഥാനവുമില്ലെന്ന് ഡിഎംകെ നേതാവ് എം കെ സ്റ്റാലിന്‍ പറഞ്ഞിരുന്നു. തമിഴ്‌നാട്ടുകാര്‍ക്കുമേല്‍ ഹിന്ദി അടിച്ചേല്‍പ്പിക്കുന്നത് തേനീച്ചക്കൂട്ടിനുനേരെ കല്ലെറിയുന്നതിനു തുല്യമാണെന്നും സ്റ്റാലിന്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചാല്‍ ബിജെപിക്കെതിരെ ഡിഎംകെ പോരിനിറങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

മുന്‍ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞന്‍ കസ്തൂരിരംഗന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതിയാണ് പുതിയ വിദ്യാഭ്യാസ നയത്തിന്റെ കരടുരൂപം തയ്യാറാക്കിയത്.സ്‌കൂളുകളില്‍ മൂന്നുഭാഷ പഠിപ്പിക്കണമെന്നും കുട്ടികള്‍ നേരത്തെ തന്നെ മൂന്നുഭാഷകളില്‍ പ്രാവീണ്യം നേടുന്നത് ഗുണകരമാകുമെന്നുമായിരുന്നു പുതിയ വിദ്യാഭ്യാസ നയത്തില്‍ പറഞ്ഞിരുന്നത്.

YOU MAY ALSO LIKE THIS VIDEO