ഇടതുമുന്നണിയെ കളങ്കപ്പെടുത്താന്‍ സിപിഐ കൂട്ടുനില്‍ക്കില്ല: പന്ന്യന്‍

Web Desk
Posted on February 11, 2018, 10:57 pm

നെടുങ്കണ്ടം: ഇടതുജനാധിപത്യ മുന്നണിയെ കളങ്കപ്പെടുത്താനുള്ള ഒരു നടപടിക്കും സിപിഐ കൂട്ടുനില്‍ക്കില്ലെന്ന് ദേശീയ സെക്രട്ടേറിയറ്റംഗം പന്ന്യന്‍ രവീന്ദ്രന്‍ പ്രസ്താവിച്ചു. സി പി ഐ ഇടുക്കി ജില്ലാ സമ്മേളനേത്താടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അഴിമതിക്ക് കുപ്രസിദ്ധി നേടിയവരടക്കം പലരും ഇടതുമുന്നണിയിലേക്കു വരാന്‍ വിളി കാത്തു കഴിയുന്നുണ്ട്. എന്നാല്‍ അത്തരക്കാരെ വിളിച്ചുകയറ്റി ഇടതുമുന്നണിയുടെ ആദര്‍ശ ശുദ്ധി കളങ്കപ്പെടുത്താന്‍ സി പി ഐ കൂട്ടുനില്‍ക്കില്ലെന്ന് പന്ന്യന്‍ വ്യക്തമാക്കി.
സംസ്ഥാനത്ത് യുഡിഎഫ് ശിഥിലമാകുമെന്ന് മുന്‍കൂട്ടി കണ്ട് അധികാര മോഹത്തോടെയാണ് പലരും ഇടതുമുന്നണിയില്‍ ചേക്കേറാന്‍ ശ്രമിക്കുന്നത്. സംസ്ഥാനത്ത് വര്‍ഗ്ഗീയ ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെ പോരാടാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ശക്തരാണെന്നും അതിന് യുഡിഎഫിന്റെ കൂട്ടുകെട്ട് ആവശ്യമില്ലെന്നും പന്ന്യന്‍ പറഞ്ഞു.
രാജ്യത്ത് വര്‍ഗ്ഗീയ കക്ഷികളെ നേരിടുന്നതിന് ഇടതുപക്ഷ മതേതര കക്ഷികളുടെ പൊതുവേദി ഉണ്ടാകണമെന്നാണ് സിപിഐയുടെ നിലപാട്. ഇതിനെ തിരഞ്ഞെടുപ്പ് കൂട്ടുകെട്ടായോ ബദല്‍ രാഷ്ട്രീയ സംവിധാനമായോ കാണേണ്ടതില്ല. ആര്‍എസ്എസ് അജണ്ട നടപ്പിലാക്കുന്നതിന് വേണ്ടി ഭരണഘടന പോലും അട്ടിമറിക്കാനുള്ള നീക്കങ്ങളാണ് മോഡി സര്‍ക്കാര്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. ജുഡീഷ്യറിയെ പോലും സ്വാധീനിക്കാനുള്ള നീക്കം രാജ്യത്തെ ജനാധിപത്യ നീതിന്യായ വ്യവസ്ഥയ്ക്ക് ഗുരുതരമായ ഭീഷണിയാണെന്നും പന്ന്യന്‍ പറഞ്ഞു.
മോഡിയുടെ ഭരണകാലത്ത് രാജ്യത്തെ സമ്പന്നന്‍മാര്‍ അതി സമ്പന്നന്‍മാരായി മാറി. നാലുവര്‍ഷം കൊണ്ട് രാജ്യത്തെ 73 ശതമാനം സമ്പത്തും കുത്തക മുതലാളിമാരുടെ കയ്യില്‍ എത്തിയെന്നാണ് ഏറ്റവും ഒടുവിലത്തെ സാമ്പത്തിക സര്‍വ്വേ റിപ്പോര്‍ട്ടില്‍ പറയുന്നത്. മുന്‍ യുപിഎ സര്‍ക്കാരിന്റെ സാമ്പത്തിക നയം തന്നെയാണ് മോഡിയും തുടരുന്നത്. ഇത് രാജ്യത്തെ കര്‍ഷകരേയും തൊഴിലാളികളേയും സാധാരണ ജനങ്ങളെയും കൂടുതല്‍ ദാരിദ്ര്യത്തിലേക്ക് തള്ളിവിട്ടുകൊണ്ടിരിക്കുകയാണെന്നും പന്ന്യന്‍ പറഞ്ഞു.
സമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി കെ കെ ശിവരാമന്‍ അധ്യക്ഷത വഹിച്ചു.