Monday
18 Feb 2019

സിപിഐ കോട്ടയം ജില്ലാ സമ്മേളനത്തിന് ഉജ്ജ്വല തുടക്കം

By: Web Desk | Wednesday 14 February 2018 8:05 PM IST

ഇ ചന്ദ്രശേഖരന്‍ നായര്‍ നഗര്‍(കറുകച്ചാല്‍):

സമൂഹത്തില്‍ സമഗ്രമാറ്റത്തിന് വഴിയൊരുക്കുന്ന ശരിയുടെ ഓരം ചേരുന്ന വിപ്ലവ ബഹുജന പ്രസ്ഥാനത്തിന്റെ തുടര്‍ മുന്നേറ്റത്തിന് പുതിയ ദിശയും ആക്കവും പകര്‍ന്ന് സിപിഐ ജില്ലാ സമ്മേളനത്തിന് ഉജ്ജ്വല തുടക്കം.

നിസ്വന്റെ നല്ല നാളേക്ക് ജീവന്‍ ബലിനല്‍കിയ ധീരരക്തസാക്ഷികളുടെ ജീവസ്സുറ്റ ഓര്‍മ്മകള്‍ക്ക് ഒരു പിടി പൂക്കളര്‍പ്പിച്ച് ആരംഭിച്ച സമ്മേളനം ചരിത്രം ഏറെ താളുകളില്‍ കോറിയ കറുകച്ചാലിന്റെ ഗ്രാമ്യനിഷ്‌കളങ്കതയില്‍ ആവേശമായി.

ഇ ചന്ദ്രശേഖരന്‍ നായര്‍ നഗറില്‍ (ശ്രീനികേതന്‍ ഓഡിറ്റോറിയം) സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. സി എം തങ്കപ്പന്‍ പതാക ഉയര്‍ത്തി. തുടര്‍ന്ന് രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടന്നു.

ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിമാരായ അഡ്വ വി കെ സന്തോഷ്‌കുമാര്‍ രക്തസാക്ഷി പ്രമേയവും ആര്‍ സുശീലന്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു. സ്വാഗത സംഘം ചെയര്‍മാന്‍ രാജു തെക്കേക്കര സ്വാഗതം പറഞ്ഞു.

അഡ്വ പി കെ ചിത്രഭാനു, ജോണ്‍ വി ജോസഫ്, മനോജ് ജോസഫ്, സി കെ ആശ എന്നിവരടങ്ങുന്ന പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിക്കുന്നത്.

ജില്ലാ സെക്രട്ടറി സി കെ ശശിധരന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തുടര്‍ന്ന് പ്രതിനിധികളുടെ ചര്‍ച്ച ആരംഭിച്ചു. പൊതു ചര്‍ച്ച ഇന്നും തുടരും. പാര്‍ട്ടി സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിമാരായ പ്രകാശ് ബാബു, സത്യന്‍ മൊകേരി, റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍, വനം മന്ത്രി കെ രാജു, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗങ്ങളായ റ്റി പുരുഷോത്തമന്‍, സി എ കുര്യന്‍ എന്നിവര്‍ സമ്മേളനത്തിലുണ്ട്.

ദേശീയവും സാര്‍വ്വദേശീയവുമായ രാഷ്ട്രീയ സാമൂഹ്യ സാഹചര്യങ്ങളെ സമഗ്രമായി വിശകലനം ചെയ്യുന്നതോടൊപ്പം പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളെ കൃത്യമായി വിലയിരുത്തുകയും ജനകീയ പരിപാടികള്‍ ആവിഷ്‌കരിക്കുകയും ചെയ്യുന്നതാണ് പ്രതിനിധി സമ്മേളനം.

വര്‍ധിത വീര്യത്തോടെ മുന്നേറാനുള്ള ആശയപരവും രാഷ്ട്രീയവുമായ ആത്മവിശ്വാസം പകര്‍ന്നുകൊണ്ടാണ് ആദ്യദിന പ്രതിനിധി സമ്മേളനം സമാപിച്ചത്.

വൈകുന്നേരം ഗൗരി ലങ്കേഷ് നഗറില്‍ നടന്ന സാംസ്‌ക്കാരിക സമ്മേളനം ചലച്ചിത്ര സംവിധായകന്‍ വിനയന്‍ ഉദ്ഘാടനം ചെയ്തു. അഡ്വ വി ബി ബിനു അദ്ധ്യക്ഷനായി. ആലങ്കോട് ലീലാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. അഡ്വ പി കെ ചിത്രഭാനു, എം എ ഷാജി എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് നടന്ന കെപിഎസിയുടെ നാടകം ഈഡിപ്പസ് നാട്ടുകാര്‍ക്കും പ്രതിനിധികള്‍ക്കും ആത്യാകര്‍ഷകമായി.

16ന് ഉച്ചകഴിഞ്ഞ് മൂന്നമണിയോടെ നെത്തല്ലൂര്‍ കവലയില്‍ നിന്നും ജനസേവാദള്‍ വാളന്റിയര്‍ മാര്‍ച്ച് ആരംഭിക്കും. തുടര്‍ന്ന് വൈകുന്നേരം 4ന് വൈക്കം ഇപ്റ്റ അവതരിപ്പിക്കുന്ന വയലാര്‍ ഗാനസന്ധ്യ. 5.30ന് പി എസ് പരമേശ്വരന്‍ നായര്‍ നഗറില്‍ ചേരുന്ന പൊതുസമ്മേളനം കേന്ദ്ര സെക്രട്ടറിയേറ്റംഗം പന്ന്യന്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. സി കെ ശശിധരന്‍ യോഗത്തില്‍ അദ്ധ്യക്ഷത വഹിക്കും. കേന്ദ്ര എക്‌സിക്യൂട്ടീവ് അംഗം ബിനോയ് വിശ്വം, ഭക്ഷ്യമന്ത്രി പി തിലോത്തമന്‍, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗങ്ങളായ പി പ്രസാദ്, പി കെ കൃഷ്ണന്‍ എന്നിവര്‍ പ്രസംഗിക്കും. മോഹന്‍ ചേന്നംകുളം സ്വാഗതവും അഡ്വ വി എസ് മനുലാല്‍ കൃതജ്ഞതയും രേഖപ്പെടുത്തും.