Janayugom Online
ap jayan cpi pathanamthitta

എ പി ജയന്‍ വീണ്ടും സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി

Web Desk
Posted on January 09, 2018, 10:26 pm

അടൂര്‍: സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറിയായി എ പി ജയനെ വീണ്ടും തെരഞ്ഞെടുത്തു. മൂന്ന് ദിവസമായി ഇവിടെ നടന്നുവന്ന ജില്ലാസമ്മേളനം തെരഞ്ഞെടുത്ത 41 അംഗ ജില്ലാകൗണ്‍സില്‍ യോഗം ചേര്‍ന്നാണ് സെക്രട്ടറിയായി തെരഞ്ഞെടുത്തത്. കിസാന്‍സഭ ജില്ലാ സെക്രട്ടറിയായിരുന്ന എ പി ജയന്‍ ഇപ്പോള്‍ കിസാന്‍സഭ സംസ്ഥാന വൈസ് പ്രസിഡന്റും ദേശീയ കൗണ്‍സില്‍ അംഗവുമാണ്.

സിപിഐ അടൂര്‍ താലൂക്ക് സെക്രട്ടറി, പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റംഗം, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കോളജ് വിദ്യാഭ്യാസ കാലത്ത് കോളജ് യൂണിറ്റ് സെക്രട്ടറിയായി സംഘടന പ്രവര്‍ത്തനം ആരംഭിച്ചു. എഐഎസ്എഫ് കൊല്ലം ജില്ലാ കമ്മിറ്റിയംഗം, പത്തനംതിട്ട ജില്ലാ പ്രസിഡന്റ്, സെക്രട്ടറി, സംസ്ഥാന ജോയിന്റ് സെക്രട്ടറി, എഐവൈഎഫ് പത്തനംതിട്ട ജില്ലാ പ്രസിഡന്റ്, സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡന്റ് തുടങ്ങിയ ചുമതലകള്‍ വഹിച്ചു. മൂന്ന് തവണ ഗ്രന്ഥശാല സംഘം സംസ്ഥാന കമ്മിറ്റിയംഗമായിരുന്നു.

നിലവില്‍ അടൂര്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റാണ്. പി ടി പുന്നൂസ് സ്മാരക ട്രസ്റ്റ് പ്രസിഡന്റ്, പന്തളം പി ആര്‍ സ്മാരക ട്രസ്റ്റ് പ്രസിഡന്റ്, അടൂര്‍ ഭാസി ഫൗണ്ടേഷന്‍ സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിക്കുന്നു. കേരള പ്രവാസി ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടേറിയറ്റംഗമാണ്. 2005 മുതല്‍ അഞ്ച് വര്‍ഷക്കാലം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്നു.