ലോക്‌സഭാ തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണം ഐക്യനിരയുടെ അഭാവം

Web Desk
Posted on May 29, 2019, 10:47 pm

ന്യൂഡല്‍ഹി: ബിജെപിക്കെതിരെ ഐക്യത്തോടെയുള്ള ഒരു പ്രതിപക്ഷ നിര പടുത്തുയര്‍ത്താന്‍ കഴിയാത്തതാണ് ലോക്‌സഭാ തെരഞ്ഞെടുപ്പ് പരാജയത്തിനുള്ള മുഖ്യമായ കാരണമായതെന്ന് സിപിഐ ദേശീയ എക്‌സിക്യൂട്ടിവ് യോഗം വിലയിരുത്തി. യോഗത്തില്‍ പഞ്ചാബ് സംസ്ഥാന സെക്രട്ടറി ബന്ത് സിങ് ബ്രാര്‍ അധ്യക്ഷനായി. നേരിട്ട പരാജയത്തിന്റെ പശ്ചാത്തലത്തില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ പുനരേകീകരണം, സ്വീകരിക്കുന്ന രാഷ്ട്രീയ തന്ത്രങ്ങളിലെ മാറ്റം, സംഘടനാ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജസ്വലമാക്കുക തുടങ്ങിയ കാര്യങ്ങളാണ് കാലഘട്ടത്തിന്റെ ആവശ്യമെന്ന് യോഗം വിലയിരുത്തി.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടത് പാര്‍ട്ടികള്‍ നേരിട്ട പരാജയം സംബന്ധിച്ച് സിപിഐ ദേശീയ എക്‌സിക്യൂട്ടിവ് യോഗം ഗഹനമായി ചര്‍ച്ച ചെയ്തുവെന്നും മുന്‍കാലങ്ങളില്‍ ഉണ്ടായിട്ടില്ലാത്ത വിധം ഗുരുതരമായ വെല്ലുവിളികളാണ് ഇടത് പാര്‍ട്ടികള്‍ നേരിടുന്നതെന്ന് യോഗം വിലയിരുത്തിയതായും എക്‌സിക്യൂട്ടീവ് യോഗതീരുമാനങ്ങള്‍ വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി എസ് സുധാകര്‍ റെഡ്ഡി പറഞ്ഞു. ഇടത് പാര്‍ട്ടികള്‍ക്ക് ഇപ്പോഴുണ്ടായ ഈ പാര്‍ശ്വവല്‍ക്കരണം രാജ്യത്തിന്റെ ഭാവിയില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഇടത് പാര്‍ട്ടികള്‍ ഉള്‍പ്പെടെയുള്ള രാജ്യത്തെ മതേതര ജനാധിപത്യ പാര്‍ട്ടികള്‍ ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടപ്പോള്‍ ബിജെപിക്കും സഖ്യകക്ഷികള്‍ക്കും വിജയം നേടാന്‍ കഴിഞ്ഞു. തമിഴ്‌നാട് ഒഴികെയുള്ള സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള മതേതര ജനാധിപത്യ പാര്‍ട്ടികള്‍ക്ക് ഐക്യത്തോടെയുള്ള ഒരു പ്രതിപക്ഷ നിരയുണ്ടാക്കാനായില്ല. ഇടത് പാര്‍ട്ടികള്‍ ഉള്‍പ്പെടെയുള്ള മതേതര, ജനാധിപത്യ ശക്തികളെ ഉള്‍പ്പെടുത്തിയുള്ള സഖ്യം രൂപീകരിച്ച് മുന്നോട്ടുപോകാനുള്ള ഒരു ദീര്‍ഘവീക്ഷണം ഡിഎംകെ നേതൃത്വം പ്രകടിപ്പിച്ചു. സീറ്റ് പങ്കുവയ്ക്കുന്ന കാര്യത്തില്‍ പോലും ഈ ദീര്‍ഘവീക്ഷണം നിലനിര്‍ത്താന്‍ ഡിഎംകെക്ക് സാധിച്ചെന്ന് അദ്ദേഹം പറഞ്ഞു.

ജനങ്ങളുടെ ജീവിതത്തെ ബാധിക്കുന്ന യഥാര്‍ഥ പ്രശ്‌നങ്ങളില്‍ നിന്നും ദേശീയത, രാജ്യസുരക്ഷ തുടങ്ങിയ വിഷയങ്ങളിലേയ്ക്ക് ജനശ്രദ്ധ തിരിച്ചുവിടാന്‍ ബിജെപിയ്ക്ക് പ്രത്യേകിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കഴിഞ്ഞു. പ്രചാരണത്തിലൂടനീളം വര്‍ഗീയ ധ്രൂവീകരണം, വീരവാദങ്ങള്‍, മാധ്യമങ്ങള്‍, പണാധിപത്യം, സര്‍ക്കാര്‍ സംവിധാനങ്ങള്‍ എന്നിവയൊക്കെ അവരുടെ നേട്ടങ്ങള്‍ക്കായി വേണ്ടുവോളം ഉപയോഗിച്ചു.

കോര്‍പ്പറേറ്റുകളുടേയും വന്‍കിട വ്യവസായ സ്ഥാപനങ്ങളുടേയും താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനൊപ്പം ഏത് വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്കും ഹിന്ദുത്വ വര്‍ഗീയവാദികളെ കയറൂരിവിടുന്ന സമീപനമായിരിക്കും ഇക്കുറിയും ബിജെപിയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും സ്വീകരിക്കുന്നത്. സബ്കാ സാത് സബ്കാ വികാസ് തുടങ്ങിയ വാഗ്‌ധോരണികളിലൂടെ ജനസമൂഹത്തെ പിടിച്ചുനിര്‍ത്താനുള്ള തന്ത്രങ്ങളും അവലംബിക്കും. ഈ സാഹചര്യത്തില്‍ ബിജെപി സര്‍ക്കാരിന്റെ ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളില്‍ ജാഗരൂകരാകാനും ശക്തമായി എതിര്‍ത്ത് തോല്‍പ്പിക്കാനും എല്ലാ ജനവിഭാഗങ്ങളോടും വര്‍ഗസംഘടനകളോടും സിപിഐ ദേശീയ എസ്‌കിക്യൂട്ടിവ് ആഹ്വാനം ചെയ്തു.

ജൂലൈ 19 മുതല്‍ 21 വരെ ചേരുന്ന ദേശീയ കൗണ്‍സില്‍ യോഗത്തില്‍ കൂടുതല്‍ ക്രിയാത്മകമായ വിലയിരുത്തലുകള്‍ നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. അതിന് മുമ്പ് സംസ്ഥാന കൗണ്‍സില്‍ യോഗം ചേര്‍ന്ന് തെരഞ്ഞെടുപ്പ് ഫലങ്ങള്‍ വിശകലനം ചെയ്യാനും ദേശീയ എക്‌സിക്യൂട്ടിവ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഉത്തര്‍പ്രദേശ്, ഹരിയാന, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ ലോക്‌സഭാ മണ്ഡലങ്ങളില്‍ ആകെ പോള്‍ ചെയ്ത വോട്ടുകളും ഫലപ്രഖ്യാപനവേളയിലെ വോട്ടുകളുടെ എണ്ണവും തമ്മിലുള്ള പൊരുത്തക്കേട് സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ട്. ബിഹാറിലെ ബഗുസരായിയിലും ഇത് സംഭവിച്ചു. ഈ ഗുരുതരമായ പൊരുത്തക്കേടിന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ മറുപടി പറയണം. അല്ലെങ്കില്‍ ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങളുമായി ബന്ധപ്പെട്ട സംശയം തുടരുകതന്നെ ചെയ്യുമെന്നും സുധാകര്‍ റെഡ്ഡി പറഞ്ഞു.
ദേശീയ സെക്രട്ടേറിയറ്റ് അംഗങ്ങളായ ബിനോയ് വിശ്വം എം പി, ഡി രാജ എംപി, അമര്‍ജിത് കൗര്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.