25 April 2024, Thursday

Related news

April 20, 2024
April 18, 2024
April 6, 2024
April 5, 2024
April 5, 2024
April 4, 2024
April 2, 2024
March 29, 2024
March 25, 2024
March 24, 2024

ഇന്ധനവില വര്‍ധനവിനെതിരെ ജനകീയപ്രക്ഷോഭത്തിന് സിപിഐ

Janayugom Webdesk
തിരുവനന്തപുരം
September 11, 2021 6:51 pm

പെട്രോളിന്റെയും ഡീസലിന്റെയും പാചകവാതകത്തിന്റെയും വില അടിക്കടി ഉയർത്തുന്ന കേന്ദ്ര സർക്കാർ നടപടിയിൽ സിപിഐ സംസ്ഥാന കൗൺസിൽ പ്രതിഷേധിച്ചു. രാജ്യത്ത് തുടർച്ചയായുള്ള പെട്രോൾ — ഡീസൽ വില വർധനവ് സാധാരണക്കാരന്റെ നിത്യജീവിതത്തെ ദുസഹമാക്കുകയാണ്. കോവിഡ് മഹാമാരിയിൽ ജീവിതം ദുരിതപൂർണമായിരിക്കുന്ന ഈ സാഹചര്യത്തിൽ ജനങ്ങളെ സഹായിക്കുന്നതിന് പകരം വിലക്കയറ്റം സൃഷ്ടിക്കുന്ന ജനാധിപത്യ വിരുദ്ധ നടപടികളുമായി മുന്നോട്ടുപോകുകയാണ് മോഡി ഭരണമെന്നും പ്രമേയം ചൂണ്ടിക്കാട്ടി.

 

 

ഇന്ത്യയിൽ നിലവിൽ പെട്രോൾ‑ഡീസൽ വില എക്കാലത്തെയും ഉയർന്ന നിരക്കിലാണ്. പാചക വാതകത്തിന്റെ വിലയും വീണ്ടും കേന്ദ്ര സർക്കാർ വർധിപ്പിക്കുന്നു. 2014ൽ യുപിഎ സർക്കാരിന്റെ കാലത്ത് പാചക വാതകത്തിന് 410 രൂപയായിരുന്നുവെങ്കിൽ 2021 സെപ്റ്റംബറിൽ 867 രൂപയിലെത്തി. കഴിഞ്ഞ ഏഴുവർഷം കൊണ്ട് പെട്രോൾ വിലയിൽ 42 ശതമാനത്തിന്റെയും ഡീസൽ വിലയിൽ 55 ശതമാനത്തിന്റെയും വർധനവാണ് പ്രകടമായത്. കഴിഞ്ഞ ഏഴു വർഷത്തിനിടയിൽ 23 ലക്ഷം കോടി രൂപയാണ് പെട്രോൾ‑ഡീസൽ പാചകവാതക വിലവർധനവിലൂടെ കേന്ദ്ര സർക്കാരിന് ലഭിച്ചത്. ഇന്ധന നികുതിയിൽ 2014–15 സാമ്പത്തിക വർഷം 99,068 കോടി രൂപയാണ് ലഭിച്ചിരുന്നതെങ്കിൽ 2020–21 സാമ്പത്തിക വർഷത്തിൽ 3.90 ലക്ഷം കോടി രൂപയാണ് കേന്ദ്ര സർക്കാരിന് ലഭിച്ചു കൊണ്ടിരിക്കുന്നത്.

 


ഇതുകൂടി വായിക്കൂ: ഇരുമ്പുലക്ക വിഴുങ്ങി ചുക്കുവെള്ളം കുടിക്കുന്നവര്‍


 

ഇന്ധന വില വർധനവിലൂടെ കേന്ദ്ര സർക്കാർ വരുമാനം വർധിപ്പിക്കുമ്പോഴും ഇന്ത്യയിൽ തകൃതിയായി പൊതുമേഖലയുടെ വില്പനയും നടക്കുന്നു. ദേശീയ ധനസമ്പാദന പദ്ധതിയിലൂടെയാണ് നിലവിൽ ഇന്ത്യയിലെ പൊതുമേഖലയെ വിറ്റുതുലയ്ക്കാൻ ശ്രമിക്കുന്നത്. ആഗോളതലത്തിൽ പെട്രോളിയം ഉല്പന്നങ്ങളുടെ വിലയിടിവ് തുടരുമ്പോഴാണ് മോഡി സർക്കാർ യാതൊരു തത്വദീക്ഷയുമില്ലാതെ പെട്രോളിയം ഉല്പന്നങ്ങളുടെ വിലവർധിപ്പിക്കുന്നത്. അടിക്കടിയായുള്ള ഈ വില വർധനവ് പണപ്പെരുപ്പം രൂക്ഷമാക്കുന്നു. ഭക്ഷ്യനാധ്യങ്ങളുടെ വില വർധനവിലേക്ക് നയിച്ചുകൊണ്ട് ഇന്ത്യയിലെ സാധാരണ ജനതയുടെ ജീവിതം നരകതുല്യമാക്കി മാറ്റുന്ന രീതിയിലാണ് മോഡി സർക്കാർ പെരുമാറുന്നത്.

 

 

പെട്രോൾ‑ഡിസൽ, പാചക വാതക വില വർധനവ് സാധാരണ ജനങ്ങളുടെ കുടുംബ ബജറ്റ് താളം തെറ്റിക്കുകയാണ്. മോഡി സർക്കാരിന്റെ ഇത്തരത്തിലുള്ള ജനവിരുദ്ധ നയങ്ങൾക്കെതിരെ കക്ഷിരാഷ്ട്രീയത്തിനതീതമായ ജനകീയഐക്യം വളർത്തിക്കൊണ്ടുവരാനും സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും അണിനിരത്തിയുള്ള പ്രതിഷേധങ്ങൾക്ക് തുടക്കം കുറിക്കാനും സിപിഐ സംസ്ഥാന കൗൺസിൽ തീരുമാനിച്ചു.

വിമാന യാത്രനിരക്ക് വര്‍ധനവിലും പ്രതിഷേധം

 

വിദേശ രാജ്യങ്ങളിലേക്ക്, പ്രത്യേകിച്ച് ഗൾഫ് നാടുകളിലേക്കുള്ള വിമാന യാത്രാനിരക്ക് വർധദ്ധന അടിയന്തരമായി പിൻവലിക്കണമെന്നും സിപിഐ സംസ്ഥാന കൗൺസിൽ ആവശ്യപ്പെട്ടു. വിമാന താവളങ്ങളിൽ നടത്തുന്ന കോവിഡ് പരിശോധനയ്ക്ക് വാങ്ങിക്കുന്ന വലിയ ചാർജ്ജ് കുറക്കണമെന്നും സംസ്ഥാന കൗൺസിൽ അംഗീകരിച്ച പ്രമേയത്തില്‍ ആവശ്യപ്പെട്ടു. കോവിഡ് മഹാമാരിയുടെ ദുരിതമനുഭവിക്കുന്ന പ്രവാസികളുടെ നട്ടെല്ലൊടിക്കുന്നതാണ് വിമാന യാത്രാനിരക്ക്. ജീവിതം കരുപ്പിടിപ്പിക്കുവാൻ ഗൾഫിൽ ജോലി സ്വരുക്കൂട്ടിയ പ്രവാസികൾ വിമാന കമ്പനികളുടെ പകൽ കൊള്ളയിൽ വെന്തുരുകുകയാണ്.

 


ഇതുകൂടി വായിക്കൂ: കോവിഡ്; പ്രവാസികൾക്ക് ശമ്പള- ആനുകൂല്യ ഇനത്തിൽ നഷ്ടപെട്ടത് 1200 കോടിയോളം രൂപ, സർക്കാരുകൾ ഗൗരവമായി കാണണം: നവയുഗം


 

കേരളത്തിൽ നിന്ന് കുവൈറ്റിലേക്കുള്ള കുറഞ്ഞ നിരക്ക് ഒരുലക്ഷം രൂപയാണ്. എന്നാൽ തിരിച്ച് കൊച്ചിയിലേക്ക് 14,000 രൂപയ്ക്കും ടിക്കറ്റുണ്ട്. കുറഞ്ഞ നിരക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ്സിൽ ഈ മാസം കുവൈറ്റിലേക്ക് ടിക്കറ്റില്ല. എയർ ഇന്ത്യയേക്കാൾ കുറഞ്ഞത് 10000 രൂപയെങ്കിലും സ്വകാര്യ കമ്പനികൾ അധികം വാങ്ങുന്നുണ്ട്.

ഗൾഫ് രാജ്യങ്ങളിലെ കോവിഡ് നിയന്ത്രണങ്ങൾ മൂലം ദീർഘകാലമായി യാത്രാവിലക്ക് നിലവിലുണ്ടായിരുന്നു. ഇതുമൂലം നാട്ടിലകപ്പെട്ട പ്രവാസികൾ യാത്രാവിലക്കിൽ ഇളവുകൾ പ്രഖ്യാപിച്ചതോടെ കൂട്ടത്തോടെ തിരിച്ചു പോകാനുള്ള പരിശ്രമത്തിലാണ്.

തൊഴിലും കൂലിയുമില്ലാതെ ദുരിതമനുഭവിക്കുന്ന സാധാരണക്കാരായ പ്രവാസികളെ കൊള്ളയടിക്കുന്ന വിമാന കമ്പനികളെ നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെടണമെന്നും സിപിഐ സംസ്ഥാന കൗൺസിൽ യോഗം ആവശ്യപ്പെട്ടു.

Eng­lish Sum­ma­ry: CPI for pop­u­lar agi­ta­tion against fuel price hike

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.